വിപണിയിലും ഐ.പി.എൽ. വിജയമാതൃക

വിപണിയിലും ഐ.പി.എൽ. വിജയമാതൃക

M
MathrubhumiSource Link
Last Updated: 26 March 2026, 04:13 AM IST ഐ.പി.എലിന്റെ വിപണിയിലെ ഈ കുതിച്ചുകയറ്റം ഇന്ത്യയുടെ കായികപ്രതീക്ഷകൾക്കാകെ പുതുജീവൻ നൽകുന്നതാണ്. ഫുട്ബോൾ ഉൾപ്പെടെയുള്ള മറ്റ് കായികരംഗങ്ങളിലെ ഭരണകർത്താക്കൾ കണ്ടുപഠിക്കേണ്ടതാണ് ഈ ഐ.പി.എൽ. വിജയമോഡൽ   അടിമുടി കച്ചവടമാണ് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ.) എന്ന ക്രിക്കറ്റ് ടൂർണമെന്റ് വിഭാവനം ചെയ്തപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ.) അമരത്തുള്ളവർ കണക്കുകൂട്ടിയത്. അത് ലവലേശം തെറ്റിയില്ല. പിറന്നു പ്രായപൂർത്തിയാകുന്നതിനിടെ, ഇന്ത്യയിലെ ഏറ്റവും ലാഭകരമായ വ്യവസായമായി ക്രിക്കറ്റിനെ ഐ.പി.എൽ. തിരുത്തിയെഴുതി. 2008-ൽ ടീമുകളുടെ ലേലം പൂർത്തിയായപ്പോൾ, ഏകദേശം 300 കോടി രൂപയ്ക്ക് (അന്നത്തെ 67 ദശലക്ഷം ഡോളർ) വിറ്റുപോയ രാജസ്ഥാൻ റോയൽസ് എന്ന ഫ്രാഞ്ചെയ്സിക്ക് കഴിഞ്ഞദിവസം പുതിയ അവകാശികളുണ്ടായത് 15,290 കോടി രൂപയ്ക്കാണ് (163 കോടി ഡോളർ). രാജസ്ഥാൻ റോയൽസിന്‍റെ കച്ചവടംകണ്ട് അമ്പരന്നുനിന്ന വിപണിയെ കൂടുതൽ അതിശയിപ്പിച്ചുകൊണ്ട് മണിക്കൂറുകൾക്കകം ബെംഗളൂരു റോയൽ ചലഞ്ചേഴ്സും വിറ്റുപോയി. 2008-ൽ 450 കോടിയോളം രൂപ മൂല്യമുണ്ടായിരുന്ന ഫ്രാഞ്ചെയ്സിയെ 16,660 കോടി രൂപയ്ക്കാണ് പുതിയ ഉടമകൾ സ്വന്തമാക്കിയത്. ഇത്രയും വർഷംകൊണ്ട് ഇത്രയേറെ മൂല്യമുയർന്ന മറ്റൊരു ഉത്പന്നവും ഇന്ത്യയിലുണ്ടാകാനിടയില്ല. 2021-ൽ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ വിൽപന നടന്നത് 7000 കോടി രൂപയ്ക്കായിരുന്നു. ഐ.പി.എൽ. ഫ്രാഞ്ചെയ്സികളുടെ വിപണി മൂല്യം അഞ്ചുവർഷംകൊണ്ട് ഇരട്ടിയിലേറെ വർധിച്ചുവെന്ന് ഇപ്പോഴത്തെ വിൽപ്പന വ്യക്തമാക്കുന്നു. ക്രിക്കറ്റിനെയും ബോളിവുഡ് അടക്കമുള്ള വിനോദവ്യവസായത്തെയും കോർത്തിണക്കി അവതരിപ്പിച്ച ഐ.പി.എൽ. ഇന്ന് ലോകക്രിക്കറ്റിനെ നയിക്കുന്ന കാഴ്ചയാണ് നമുക്കുമുന്നിലുള്ളത്. ടീമുകൾക്കൊപ്പം താരങ്ങളുടെയും മൂല്യം ഐ.പി.എലിൽ കുതിച്ചുയർന്നു. കണ്ണഞ്ചിപ്പിക്കുന്ന കരിയറുമായി സഞ്ജു സാംസണെന്ന ഒരാൾ നമ്മുടെ അയൽപക്കത്തും ഉണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ലീഗ് (ഐ.സി.എൽ.) എന്ന സമാന്തര ടൂർണമെന്റിന്റെ കഥകഴിച്ചുകൊണ്ടാണ് ഐ.പി.എലുമായി ബി.സി.സി.ഐ. രംഗപ്രവേശം ചെയ്തത്. കളിയെ കച്ചവടമാക്കുകയെന്ന നയത്തിന് ഐ.പി.എലിന്റെ ആദ്യ സീസണിൽ, അതായത് 2008-ൽ വിമർശകരേറെയായിരുന്നു. എന്നാൽ, 19-ാമത്തെ പതിപ്പിനു ദിവസങ്ങൾമാത്രം ശേഷിക്കുമ്പോൾ, വാഴ്ത്തലുകളല്ലാതെ, വിമർശനങ്ങളൊന്നുംതന്നെ ഐ.പി.എലിനുനേർക്കുയരുന്നില്ലെന്നതാണ് പരമാർഥം. അത്രയേറെ വിജയംകൈവരിച്ച ബിസിനസ് മോഡലായി ഐ.പി.എൽ. മാറിക്കഴിഞ്ഞിരിക്കുന്നു. ആദിത്യ ബിർള ഗ്രൂപ്പും ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പും ചേർന്നാണ് റോയൽ ചലഞ്ചേഴ്സിനെ സ്വന്തമാക്കിയത്. ബോൾട്ട് വെഞ്ചേഴ്സ്, യു.എസ്. കമ്പനിയായ ബ്ലാക്ക്സ്റ്റോൺ എന്നിവർകൂടി ഉൾപ്പെട്ട കൺസോർഷ്യമാണ് ഈ കച്ചവടത്തിനുപിന്നിൽ. യു.എസ്. ആസ്ഥാനമായി പ്രവർത്തിക്കുന്ന കൽ സോമാനി എന്ന സംരംഭകന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് രാജസ്ഥാൻ റോയൽസിനെ സ്വന്തമാക്കിയത്. 2021 മുതൽ റോയൽസിൽ നിക്ഷേപമുള്ള കൽ സോമാനി, ഇതോടെ ടീമിന്റെ പൂർണ നിയന്ത്രണത്തിലേക്കു വന്നു. റീട്ടെയ്ൽ വിൽപ്പന രംഗത്തെ വമ്പന്മാരായ വാൾമാർട്ടും ഫോർഡ് മോട്ടോർ കമ്പനിയുമായി ബന്ധമുള്ള ഹാംപ് കുടുംബവും ഉൾപ്പെട്ട കൺസോർഷ്യമാണ് രാജസ്ഥാൻ ഫ്രാഞ്ചെയ്സിയെ സ്വന്തമാക്കിയത്. മദ്യവ്യവസായിയും പിന്നീട് സാമ്പത്തിക തിരിമറികളൂടെ വിവാദവ്യവസായിയുമായി മാറിയ വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് ബ്രൂവറീസിനു കീഴിൽ പ്രവർത്തിച്ചിരുന്ന യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡായിരുന്നു ബെംഗളൂരു റോയൽ ചലഞ്ചേഴ്സിന്റെ ആദ്യ ഉടമകൾ. മല്യയുടെ വ്യവസായം വിദേശത്തേക്കു വ്യാപിച്ചതോടെ 2012-ൽ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് ലണ്ടൻ ആസ്ഥാനമായ ഡിയാജിയോയുടെ ഭാഗമായി. മല്യയുടെ വ്യവസായ സാമ്രാജ്യത്തിന്റെ തകർച്ച, ഡിയാജിയോയെ റോയൽ ചലഞ്ചേഴ്സിന്റെ പൂർണ ഉടമകളാക്കി മാറ്റി. ഫ്രാഞ്ചെയ്സി വിൽക്കാൻ ഒരുവർഷം മുന്നെ ഡിയാജിയോ ശ്രമം തുടങ്ങിയതാണ്. പല കൺസോർഷ്യങ്ങളും താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവരുകയും ചെയ്തിരുന്നു. മാധ്യമ വ്യവസായി റൂപ്പെർട്ട് മർഡോക്കിന്റെ കുടുംബത്തിന് ബന്ധമുണ്ടായിരുന്ന കൺസോർഷ്യമാണ് രാജസ്ഥാൻ ഫ്രാഞ്ചെയ്സിയെ 2008-ൽ സ്വന്തമാക്കിയിരുന്നത്. ബ്രിട്ടീഷ് ഇന്ത്യൻ വംശജനായ മനോജ് ബദാലെയുടെ പേരിലായിരുന്നു ഫ്രാഞ്ചെയ്സിയുടെ ഓഹരികളിലേറെയും. മർഡോക്കിന്റെ മകൻ ലച്‌ലാൻ, യു.എസ്. കമ്പനിയായ റെഡ്ബേഡ് എന്നിവർക്കും ഓഹരി പങ്കാളിത്തമുണ്ടായിരുന്നു. ഓരോ സീസണിലും കുതിച്ചുകയറുന്ന വരുമാനത്തിന്റെ വലിയൊരു പങ്ക് ബി.സി.സി.ഐ. ഫ്രാഞ്ചെയ്സികൾക്കു നൽകുന്നുവെന്നതാണ് ടീമുകളുടെ മൂല്യം കുതിച്ചുകയറാൻ കാരണം. ടെലിവിഷൻ, ഡിജിറ്റൽ സംപ്രേഷണാവകാശത്തിന്റെ 50 ശതമാനത്തോളം ടീമുകൾക്കാണ് ലഭിക്കുക. സ്പോൺസർഷിപ്പിലൂടെയും ജഴ്സികൾ, മറ്റ് ഉത്പന്നങ്ങൾ എന്നിവയുടെ ബ്രാൻഡിങ്ങിലൂടെയും ടിക്കറ്റ് വിൽപ്പനയിലൂടെയും വരുമാനത്തിന്റെ വലിയൊരു സാധ്യത വേറേയുമുണ്ട്. 2023 മുതൽ 2027 വരെയുള്ള സംപ്രേഷണാവകാശം മാത്രം 48,390 കോടി രൂപയ്ക്കാണ് വിറ്റുപോയത്. ഐ.പി.എലിന്റെ വിപണിയിലെ ഈ കുതിച്ചുകയറ്റം ഇന്ത്യയുടെ കായികപ്രതീക്ഷകൾക്കാകെ പുതുജീവൻ നൽകുന്നതാണ്. ഫുട്ബോൾ ഉൾപ്പെടെയുള്ള മറ്റ് കായികരംഗങ്ങളിലെ ഭരണകർത്താക്കൾ കണ്ടുപഠിക്കേണ്ടതാണ് ഈ ഐ.പി.എൽ. വിജയമോഡൽ. To advertise here, Published: 26 Mar 2026, 04:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിപണിയിലും ഐ.പി.എൽ. വിജയമാതൃക — Mathrubhumi | Boolokam | Boolokam