വിപണിയിലെ ചാഞ്ചാട്ടം: വെല്ലുവിളികൾ അതിജീവിക്കാം, നേട്ടമാക്കാം ഈ സാധ്യതകൾ

വിപണിയിലെ ചാഞ്ചാട്ടം: വെല്ലുവിളികൾ അതിജീവിക്കാം, നേട്ടമാക്കാം ഈ സാധ്യതകൾ

M
MathrubhumiSource Link
പ ശ്ചിമേഷ്യയിൽ നിലനിൽക്കുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ആഗോള ഊർജ വിപണിയെ കടുത്ത സമ്മർദത്തിലാഴ്ത്തിയിരിക്കുകയാണ്. ലോകത്തെ പ്രധാന ഇന്ധന വിതരണ പാതകളിലൊന്നായ ഹോർമൂസ് കടലിടുക്കിലെ അനിശ്ചിതത്വം ആഗോള വിതരണ ശൃംഖലയെ ബാധിക്കുന്നത് വഴി ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ വലിയ തോതിലുള്ള പ്രതിഫലനങ്ങളാണ് സൃഷ്ടിക്കുന്നത്. ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന വർധനവ് ഇന്ത്യയെപ്പോലൊരു ഇറക്കുമതി അധിഷ്ഠിത സമ്പദ്വ്യവസ്ഥയുടെ നേരിട്ട് ബാധിക്കുന്നു. To advertise here, പ്രധാന വെല്ലുവിളികൾ ക്രൂഡ് ഓയിൽ വില: ക്രൂഡ് വിലയിൽ 30 ശതമാനം വരെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുന്നത് ഇന്ധന ലഭ്യതയെയും ആഗോള വിതരണ ശൃംഖലയെയും കൂടുതൽ സങ്കീർണ്ണമാക്കുന്നു. ഊർജ കരുതൽ ശേഖരം: ഇന്ത്യയുടെ നിലവിലെ എണ്ണ ശേഖരം രണ്ട് മാസത്തേക്കും, ഗ്യാസ് ശേഖരം ഒരു മാസത്തേക്കും മാത്രമാണ് തികയുക. യുദ്ധം നീണ്ടുനിൽക്കുന്നത് രാജ്യത്തിന്റെ ഊർജ സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്നു. സാമ്പത്തിക ആഘാതം: ഇന്ധനവില വർധന പണപ്പെരുപ്പം (Inflation) ഉയരുന്നതിനും രൂപയുടെ മൂല്യശോഷണത്തിനും കറന്റ് അക്കൗണ്ട് കമ്മി (Current Account Deficit) വർധിക്കുന്നതിനും കാരണമാകുന്നു. ഇത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെയും രാജ്യത്തിന്റെ ധനസ്ഥിതിയെയും ഒരുപോലെ ബാധിക്കുന്നു. പ്രത്യാഘാതം: ഇത്തരം സാമ്പത്തിക വെല്ലുവിളികൾ നിക്ഷേപകരുടെ ആത്മവിശ്വാസം തകർക്കുകയും വിപണിയിൽ നിന്ന് വലിയ തോതിൽ വിദേശ നിക്ഷേപം (FIIs) പിൻവലിക്കാൻ കാരണമാവുകയും ചെയ്യുന്നു. ആഭ്യന്തര നിക്ഷേപകർ ഓഹരികൾ വാങ്ങുന്നുണ്ടെങ്കിലും ആഗോള അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ വിപണിയെ പൂർണ്ണമായി താങ്ങിനിർത്താൻ അത് മതിയാകുന്നില്ല. ഈ സാമ്പത്തിക സമ്മർദം വിവിധ വ്യവസായ മേഖലകളെ വ്യത്യസ്ത രീതിയിലാണ് ബാധിക്കുന്നത്. തിരിച്ചടി ഈ മേഖലകളിൽ വിപണിയിലെ നിലവിലെ സാഹചര്യം നിക്ഷേപകരെ ജാഗ്രതയുള്ളവരാക്കി മാറ്റിയിട്ടുണ്ട്. പ്രത്യേകിച്ചും പലിശ നിരക്കുകളിലെ മാറ്റങ്ങൾ നേരിട്ട് ബാധിക്കുന്ന മേഖലകളിലും ഉയർന്ന റിസ്‌കുള്ള (High-beta) ഓഹരികളിലും നിക്ഷേപകർ ഇപ്പോൾ താത്പര്യം പ്രകടിപ്പിക്കുന്നില്ല. ബാങ്കിംഗ്: മഹാരാഷ്ട്രയിലെ കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ ബാങ്കിംഗ് ഓഹരികളിൽ വിൽപന സമ്മർദം കൂടി. ബാങ്കുകളുടെ വിദേശ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കങ്ങളും നിക്ഷേപകരെ ഈ മേഖലയിൽ നിന്ന് അകറ്റുന്നു. വാഹനം-റിയൽ എസ്റ്റേറ്റ്: ഉയർന്ന അസംസ്‌കൃത വസ്തുക്കളുടെ വിലയും വിതരണ ശൃംഖലയിലെ തടസ്സങ്ങളും വാഹന നിർമാണ ചെലവ് വർധിപ്പിക്കുന്നു. ആർബിഐ പലിശ നിരക്കുകളിൽ കർശന നിലപാട് തുടരുമെന്ന നിഗമനം വായ്പകളെ ആശ്രയിക്കുന്ന ഈ രണ്ട് മേഖലകളെയും പ്രതികൂലമായി ബാധിക്കുന്നു. ഐടി: ഐടി കമ്പനികൾ പുതിയ നിയമനങ്ങൾ കുറയ്ക്കുന്നത് നഗരങ്ങളിലെ പാർപ്പിട ആവശ്യകതയെ നേരിട്ട് ബാധിക്കുന്നു. ഇത് റിയൽ എസ്റ്റേറ്റ് മേഖലയിലെ വളർച്ചാ സാധ്യത കുറയ്ക്കുന്ന ഒരു ഘടകമാണ്. വ്യോമയാനം-പെയിന്റ്: പ്രവർത്തന ചെലവിന്റെ ഏകദേശം മൂന്നിലൊന്നും ഇന്ധനത്തിനായി ചെലവാക്കുന്ന വ്യോമയാന മേഖലയ്ക്കും ക്രൂഡ് ഓയിലിനെ അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്ന പെയിന്റ്, കെമിക്കൽ മേഖലകൾക്കും എണ്ണവില വർധനവ് കനത്ത തിരിച്ചടിയാണ്. മറ്റു മേഖലകൾ: ലോജിസ്റ്റിക്‌സ്, മെറ്റൽസ്, ടൂറിസം, റെസ്റ്റോറന്റ് തുടങ്ങിയ മേഖലകളും ഉയർന്ന പ്രവർത്തന ചെലവ് കാരണം പ്രതിസന്ധി നേരിടുന്നുണ്ട്. പ്രത്യാഘാതം: പ്രവർത്തന ചെലവിലുണ്ടാകുന്ന വർധന പൂർണ്ണമായും ഉപഭോക്താക്കളിലേക്ക് കൈമാറാൻ ഈ മേഖലകൾക്ക് സാധിക്കില്ല. ഇത് കമ്പനികളുടെ ലാഭക്ഷമതയെ ബാധിക്കുകയും നിക്ഷേപകരെ ഇത്തരം ഓഹരികളിൽ നിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രതിസന്ധികൾക്കിടയിലും ചില മേഖലകൾ കരുത്തുറ്റ വളർച്ചാ സാധ്യതകൾ പ്രകടിപ്പിക്കുന്നുണ്ട്. വളർച്ചാ സാധ്യതയുള്ള മേഖലകൾ വിപണിയിലെ അസ്ഥിരത പ്രതിരോധ സ്വഭാവമുള്ളതും ഉപഭോഗാധിഷ്ഠിതവുമായ മേഖലകളിൽ അവസരം സൃഷ്ടിക്കാറുണ്ട്. നിലവിലെ സാഹചര്യത്തിൽ താഴെ പറയുന്ന മേഖലകൾ ശ്രദ്ധേയമായ വളർച്ചാ സാധ്യതകൾ പ്രകടിപ്പിക്കുന്നു. മേഖല വളർച്ചാ കാരണങ്ങൾ വൈദ്യുതി ക്രമാതീതമായ ചൂടും വർധിച്ചുവരുന്ന വൈദ്യുതി ഉപഭോഗവും ഊർജ ഉത്പാദന-വിതരണ കമ്പനികൾക്ക് നേട്ടമാകും. പഞ്ചസാര ക്രൂഡ് ഓയിൽ വില ഉയരുന്നത് ഇന്ധനത്തിൽ എഥനോൾ കലർത്തുന്ന പ്രവണത വർധിപ്പിക്കുന്നു. ഇത് പഞ്ചസാര-എഥനോൾ നിർമ്മാതാക്കൾക്ക് ഗുണകരമാണ്. ഫാർമ ഇതൊരു സുരക്ഷിത നിക്ഷേപ മേഖലയായാണ് (Defensive Sector) കണക്കാക്കപ്പെടുന്നത്. രൂപയുടെ മൂല്യശോഷണം കയറ്റുമതിയിൽ നിന്നുള്ള വരുമാനം വർധിപ്പിക്കാൻ  സഹായിക്കും. കാലാവസ്ഥാ നിഗമനങ്ങൾ പ്രകാരം മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങളിൽ താപനില ഉയരുന്നത് കൂളിംഗ് ഇൻഡസ്ട്രിയിലെ (AC, Refrigerator etc.) കമ്പനികൾക്ക് മികച്ച ബിസിനസ്സ് സാധ്യതകൾ നൽകുന്നു. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഈ മൂന്ന് മാസത്തെ കാലയളവ് ഹ്രസ്വകാലാടിസ്ഥാനത്തിൽ ലാഭം (Tactical Alpha) കണ്ടെത്താനുള്ള മികച്ച അവസരമാണ്. ഇത്തരം സീസണൽ വളർച്ചാ സാധ്യതയുള്ള ഓഹരികൾ പോർട്ട്‌ഫോളിയോയിൽ ഉൾപ്പെടുത്തുന്നത് അസ്ഥിരമായ വിപണിയിൽ സുരക്ഷാ കവചമായി (Hedge) പ്രവർത്തിക്കും. മൂല്യനിർണ്ണയവും സാങ്കേതിക സൂചകങ്ങളും ദീർഘകാല നിക്ഷേപകർ വിപണിയിലെ താൽക്കാലിക ഇടിവുകളെക്കാൾ ഓഹരികളുടെ ചരിത്രപരമായ ശരാശരി മൂല്യനിർണ്ണയത്തിനാണ് (Historical Valuation) മുൻഗണന നൽകേണ്ടത്. ആകർഷകമായ മൂല്യം: വിപണി നിലവിൽ കഴിഞ്ഞ 5 വർഷത്തെ ശരാശരിയേക്കാൾ 10 ശതമാനം ഡിസ്‌കൗണ്ടിലാണ് വ്യാപാരം നടത്തുന്നത്. ഇത് ദീർഘകാല നിക്ഷേപകർക്ക് മികച്ച എൻട്രി പോയിന്റുകൾ വാഗ്ദാനം ചെയ്യുന്നു. ലിക്വിഡിറ്റി ആശങ്കകൾ: ആഗോള വിപണിയിലെ അനിശ്ചിതത്വം കാരണം വലിയ നിക്ഷേപ സ്ഥാപനങ്ങൾ പണലഭ്യത (High Liquidity) ഉറപ്പുവരുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. റിസ്‌ക് കുറഞ്ഞതും കൃത്യമായ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്നതുമായ വിവരങ്ങൾക്കായി കാത്തിരിക്കുന്നതിനാലാണ് അവർ ഇപ്പോൾ ജാഗ്രത പാലിക്കുന്നത്. സാങ്കേതിക വിശകലനം: നിഫ്റ്റി 24,000 എന്ന സുപ്രധാന നിലവാരത്തിന് താഴെ പോയത് വിപണിയിലെ കനത്ത വിൽപന സമ്മർദത്തെ സൂചിപ്പിക്കുന്നു. 23,500 നിലവാരത്തിൽ പിന്തുണ പ്രതീക്ഷിച്ചിരുന്നുവെങ്കിലും വിപണി കഴിഞ്ഞ വെള്ളിയാഴ്ച 23,151 ലാണ് ക്ലോസ് ചെയ്തത്. അടുത്ത ശക്തമായ പിന്തുണ 22,000 നിലവാരത്തിലാണെന്ന് വിലയിരുത്തപ്പെടുന്നു. പ്രത്യാഘാതം: ഹ്രസ്വകാലയളവിൽ വിപണിയിൽ വലിയ കയറ്റിറക്കങ്ങൾ തുടരാൻ സാധ്യതയുണ്ട്. എന്നാൽ വൻതോതിലുള്ള വിറ്റഴിയൽ മൂലം ഗുണനിലവാരമുള്ള ഓഹരികൾ ആകർഷകമായ വിലയിൽ സ്വന്തമാക്കാൻ അവസരം ലഭിക്കുന്നു. അതുകൊണ്ടുതന്നെ പോർട്ട്‌ഫോളിയോ പുനഃക്രമീകരിക്കാൻ ഈ സമയം പ്രയോജനപ്പെടുത്താം. ദീർഘകാല കാഴ്ചപ്പാട് വിപണിയിലെ താൽക്കാലിക തളർച്ച ഇന്ത്യയുടെ ദീർഘകാല വളർച്ചാ സാധ്യതകളെ ബാധിക്കുന്നില്ല. രാജ്യത്തിന്റെ അടിസ്ഥാന സാമ്പത്തിക ഘടകങ്ങൾ ഇപ്പോഴും കരുത്തുറ്റതാണ്. ഉപഭോഗം, അടിസ്ഥാന സൗകര്യ നിക്ഷേപം, വ്യവസായങ്ങളുടെ ഡിജിറ്റൽ പരിവർത്തനം, കമ്പനികളുടെ സുസ്ഥിരമായ ലാഭ വളർച്ച എന്നീ നാല് ഘടകങ്ങളാണ് ഇന്ത്യയുടെ വളർച്ചയെ മുന്നോട്ട് നയിക്കുന്നത്. യുദ്ധ സാഹചര്യങ്ങളിൽ വിപണിയിലുണ്ടാകുന്ന ഇടിവുകൾ മികച്ച നിക്ഷേപ അവസരങ്ങളായി മാറിയതിന് ചരിത്രപരമായ നിരവധി തെളിവുകളുണ്ട്: 1990 ഗൾഫ് യുദ്ധം: ഇടിവിനുശേഷം വിപണി ശക്തമായി തിരിച്ചുവന്നു. 2023 ഇസ്രായേൽ-ഹമാസ് സംഘർഷം: സമാനമായ ഇടിവ് വിപണിയിൽ സംഭവിച്ചെങ്കിലും അതിവേഗത്തിലുള്ള തിരിച്ചുവരവാണ് ദൃശ്യമായത്. 2024 ജൂൺ, ഇറാൻ ന്യൂക്ലിയർ സൈറ്റ് ആക്രമണങ്ങൾ: ഏറ്റവും അടുത്ത കാലത്തുണ്ടായ ഈ സംഭവവും വിപണിയിൽ താൽക്കാലിക പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും മികച്ച ഓഹരികൾ സ്വന്തമാക്കാൻ അവസരം നൽകി. ഓരോ തകർച്ചയ്ക്ക് ശേഷവും കൂടുതൽ ശക്തിയോടെയാണ് തിരിച്ചുവന്നിട്ടുള്ളത്. വിപണിയിലെ അനിശ്ചിതത്വം കാരണം നിലവിൽ ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്ഷൻസ് (F&O) വിപണിയിലും കനത്ത വിൽപന സമ്മർദം പ്രകടമാണ്. അടിസ്ഥാന സൗകര്യ വികസനം, നിർമ്മാണ മേഖല (Manufacturing), പുനരുപയോഗ ഊർജം എന്നിവയ്ക്ക് നൽകുന്ന മുൻഗണന വരും വർഷങ്ങളിൽ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടും. വിപണിയിൽ സുസ്ഥിരമായ മുന്നേറ്റം പ്രകടമാകണമെങ്കിൽ പശ്ചിമേഷ്യയിലെ സംഘർഷത്തിൽ അയവ് വരേണ്ടത് അനിവാര്യമാണ്. എങ്കിലും, ഇന്ത്യയുടെ ദീർഘകാല സാമ്പത്തിക അടിത്തറയിൽ വിശ്വസിക്കുന്ന നിക്ഷേപകർക്ക് ഇത്തരം ഇടിവുകൾ ഗുണനിലവാരമുള്ള ഓഹരികൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള സുവർണ്ണാവസരമാണ്. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും ജാഗ്രതയോടെയും ദീർഘവീക്ഷണത്തോടെയും നടത്തുന്ന നിക്ഷേപങ്ങൾ മികച്ച നേട്ടം നൽകുമെന്നകാര്യത്തിൽ സംശയമില്ല.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിപണിയിലെ ചാഞ്ചാട്ടം: വെല്ലുവിളികൾ അതിജീവിക്കാം, നേട്ടമാക്ക… | Boolokam