ന്യൂഡൽഹി: ആഭ്യന്തര വിമാനയാത്രയുടെ നിരക്കിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി കേന്ദ്രസർക്കാർ. നിരക്ക് പരിധി നിയന്ത്രണം മാർച്ച് 23 മുതൽ പിൻവലിക്കുമെന്ന് സിവിൽ വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ വിമാനയാത്രയുടെ നിരക്ക് വർധിച്ചേക്കും. To advertise here, വിപണി സാഹചര്യങ്ങൾക്കനുസരിച്ച് ടിക്കറ്റ് വില സുതാര്യവും നീതിയുക്തവുമായി നിലനിർത്തി, നിരക്കുകൾ നിശ്ചയിക്കുന്നതിൽ അച്ചടക്കം പാലിക്കണമെന്ന് വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ആവശ്യംവന്നാൽ നിരക്കിലുള്ള നിയന്ത്രണം വീണ്ടും ഏർപ്പെടുത്തുമെന്നും വ്യക്തമാക്കി. നിയന്ത്രണം നീക്കുന്നതോടെ വിമാനക്കമ്പനികൾക്ക് വിപണിയിലെ ഡിമാൻഡിനനുസരിച്ച് ടിക്കറ്റ് വില നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം തിരികെ ലഭിക്കും. ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ് ജെറ്റ് തുടങ്ങിയ ആഭ്യന്തര സർവീസുകൾ നടത്തുന്ന വിമാനക്കമ്പനികൾക്ക് ഇനി ഡൈനാമിക് പ്രൈസിങ് രീതിയിലേക്ക് മാറാൻ കഴിയും. നിയന്ത്രിച്ചു നിർത്തിയിരുന്ന നിരക്ക് പരിധി ഇല്ലാതാകുന്നതോടെ അവധിക്കാലത്തും വിവാഹ സീസണുകളിലും ടിക്കറ്റ് നിരക്ക് വർധിക്കും. പ്രത്യേകിച്ച്, തിരക്കേറിയ റൂട്ടുകളിലും തിരക്കുള്ള സമയങ്ങളിലും നിരക്കുകൾ കുത്തനെ ഉയർന്നേക്കാം. അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കായിരിക്കും ഇതിൻ്റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവപ്പെടുക. 2025 ഡിസംബറിൽ ഇൻഡിഗോ വിമാന സർവീസുകൾ തടസ്സപ്പെട്ടതിനെത്തുടർന്ന് ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുകയും ആഭ്യന്തര യാത്രക്കാർ വലിയ പ്രയാസത്തിലാകുകയുചെയ്ത സാഹചര്യത്തിലാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം ഓരോ റൂട്ടിലും ടിക്കറ്റ് നിരക്ക് പരിധി ഏർപ്പെടുത്തിയത്. പരിധിവിട്ട് ടിക്കറ്റ് നിരക്ക് ഉയരുന്നത് തടയാൻ ഇതിലൂടെ സാധിച്ചിരുന്നു. ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്ന് വിമാന ഇന്ധനവിലയിലുണ്ടായ വർധന വിമാനക്കമ്പനികളെ സമ്മർദത്തിലാക്കിയതോടെയാണ് ടിക്കറ്റ് നിരക്ക് നിയന്ത്രണം എടുത്തുകളയാൻ സർക്കാർ തീരുമാനിച്ചത്. നിരക്ക് പരിധി നിയന്ത്രണം തുടരുന്നത് വിമാനക്കമ്പനികളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ചൂണ്ടിക്കാട്ടി ഈ മാസം ആദ്യം ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് സർക്കാരിന് കത്തെഴുതിയിരുന്നു. ഈ സാഹചര്യം തുടർന്നാൽ ചില വിമാനക്കമ്പനികളുടെ നിലനിൽപ്പ് തന്നെ ഭീഷണിയിലാകുമെന്നും ഫെഡറേഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. Content Highlights: Government lifts domestic flight price caps effective March 23., Airlines gain freedom to implement dynamic pricing based on demand., Potential for significant fare hikes during peak seasons and holidays., Decision driven by airline financial pressure and fuel cost concerns., Government retains the right to re-impose caps if necessary. Published: 22 Mar 2026, 11:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വിമാന ടിക്കറ്റ് നിരക്കിലുള്ള നിയന്ത്രണം നീക്കി കേന്ദ്രസർക്കാർ; യാത്രാക്കൂലി വർധിച്ചേക്കും
M
MathrubhumiSource Link
about 2 months ago