എ.കെ. ശ്രീജിത്ത് Last Updated: 22 March 2026, 11:15 AM IST പ്രതീകാത്മകചിത്രം | Photo: Mathrubhumi കണ്ണൂർ: പതിവിലധികം പ്രവാസികൾ വോട്ടർപട്ടികയിലുണ്ടെങ്കിലും പശ്ചിമേഷ്യയിലെ സംഘർഷം കാരണം വോട്ടുചെയ്യാൻ വിമാനങ്ങളിൽ ആളെത്താനുള്ള സാധ്യതകുറഞ്ഞു. സർവീസുകൾ വെട്ടിച്ചുരുക്കിയതും ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നതുമാണ് പ്രശ്നം. മലബാറിലെ കുറ്റ്യാടി, നാദാപുരം, കണ്ണൂർ, അഴീക്കോട്, കൂത്തുപറമ്പ് തുടങ്ങിയ മണ്ഡലങ്ങളിലാണ് പ്രവാസിവോട്ടുകൾ ഏറെയുള്ളത്. കഴിഞ്ഞതവണ ചെറിയ ഭൂരിപക്ഷത്തിന് നഷ്ടപ്പെട്ട ഇവിടങ്ങളിൽ പ്രവാസിവോട്ടുകൾ തുണയ്ക്കുമെന്നായിരുന്നു യു.ഡി.എഫ്. കണക്കുകൂട്ടൽ. To advertise here, മത്സരംമുറുകിയ കൊയിലാണ്ടി, തളിപ്പറമ്പ് പോലുള്ള മണ്ഡലങ്ങളിലും പ്രവാസി വോട്ടർമാർ ഏറെയുണ്ട്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന സ്ഥലങ്ങളിൽ പ്രവാസികൾക്കായി ചാർട്ടേഡ്ഫ്ലൈറ്റുകൾ ക്രമീകരിക്കാൻ യു.ഡി.എഫ്. അനുകൂലസംഘടനകൾ ശ്രമിക്കുന്നുണ്ട്. സംസ്ഥാനത്ത് 2,23,558 പ്രവാസികളാണ് പട്ടികയിലുള്ളത്. . പതിവുപോലെ നേതാക്കളെയും സ്ഥാനാർഥികളെയും പങ്കെടുപ്പിച്ച് ഗൾഫ് മേഖലയിൽ കൺെവൻഷൻ നടത്താനും വോട്ടർമാരെ എത്തിക്കാനും തയ്യാറെടുക്കുമ്പോഴാണ് യുദ്ധമുണ്ടായത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തിരഞ്ഞെടുപ്പും വന്നതോടെ എല്ലാം ഉപേക്ഷിക്കേണ്ടിവന്നു. പല ഗൾഫ് രാജ്യങ്ങളിൽനിന്നും സൗദിഅറേബ്യയിലേക്ക് വിസയെടുത്ത് അവിടത്തെ വിമാനത്താവളങ്ങൾ വഴിവേണം ഇപ്പോൾ കേരളത്തിലെത്താൻ. ഇതിന് ഒരാൾക്ക് ലക്ഷത്തിലധികം രൂപ ചെലവുവരും. വോട്ടർപട്ടികയിൽ പേരുചേർക്കുന്ന പ്രവർത്തനം തുടരുന്നുണ്ട്. സാഹചര്യങ്ങളിൽ മാറ്റം വരുന്നതനുസരിച്ച് വോട്ടർമാർക്ക് നാട്ടിലെത്താനുള്ള ശ്രമങ്ങളിലേക്ക് കടക്കുമെന്ന് ബഹ്‌റൈൻ കെ.എം.സി.സി. ജനറൽസെക്രട്ടറി ഷംസുദ്ദീൻ വെള്ളിക്കുളങ്ങര പറഞ്ഞു. വ്യക്തിപരമായി പണം സ്വരൂപിച്ച് ഉൾപ്പെടെ ചാർട്ടേഡ് ഫ്ലൈറ്റ് ക്രമീകരിക്കാനാണ് ആലോചിക്കുന്നതെന്ന് ബഹ്‌റൈൻ ഒ.ഐ.സി.സി. നാഷണൽ സെക്രട്ടറി റിജിത്ത് മൊട്ടപ്പാറ പറഞ്ഞു. നേരത്തേ ടിക്കറ്റെടുത്തവർക്ക് സർച്ചാർജ് വലിയ ബാധ്യതയാവുമെന്ന ആശങ്കയിലാണ് ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാസെക്രട്ടറി ഹരീഷ് കുമാർ. പ്രവാസി വോട്ടുകൾ കൂടുതലുള്ള മണ്ഡലങ്ങൾ കുറ്റ്യാടി-16,002 നാദാപുരം-12,424 കല്യാശ്ശേരി-8,097 തിരൂർ-8,601 കൂത്തുപറമ്പ്-6,839 കണ്ണൂർ-6,331 വടകര-6,127 കയ്പമംഗലം-6,031 തളിപ്പറമ്പ്-5,301 അഴീക്കോട്-5,267 തലശ്ശേരി-5,915 പൊന്നാനി-5,779 തൃക്കരിപ്പൂർ-4,283 ധർമടം-4,498 കൊയിലാണ്ടി-4,401 കോട്ടയ്ക്കൽ-4,717 ഗുരുവായൂർ-4,757 Content Highlights: High cost and limited flights due to Middle East conflict impacting NRI voter travel., Major impact expected in key constituencies like Kuttiady and Nadapuram., Political organizations are attempting to arrange chartered flights to boost turnout., Over 2.23 lakh NRIs are on the Kerala electoral rolls. Published: 22 Mar 2026, 11:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വിമാനങ്ങൾ കുറവ്, കുതിച്ചുയർന്ന് ടിക്കറ്റ് നിരക്ക്; വോട്ടുചെയ്യാൻ പറന്നുവരുന്ന പ്രവാസികൾ കുറയും
M
MathrubhumiSource Link
about 2 months ago