Last Updated: 20 April 2026, 11:21 PM IST കേരളത്തിലൊരു തിരഞ്ഞെടുപ്പുകാലത്താണ് ഇത്തരമൊരു സംഭവം നടക്കുന്നതെങ്കിൽ പ്രചാരണത്തിന്റെ അജൻഡയും സ്വഭാവവും വരെ മാറുമായിരുന്നു തമിഴ്‌നാട്ടിൽ വിരുദുനഗർ ജില്ലയിലെ കട്ടനാർപട്ടിയിൽ പടക്കശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽനിന്ന് കേരളത്തിനും പാഠങ്ങൾ ഉൾക്കൊള്ളാനുണ്ട്. ഞായറാഴ്ച ഉച്ചകഴിഞ്ഞുണ്ടായ സ്‌ഫോടനത്തിൽ ഇരുപത്തിയഞ്ചുപേർ മരിച്ചതായാണ് വിവരം. പത്തിലധികം മുറികളുള്ള കെട്ടിടത്തിലെ നാലു മുറികൾ പൂർണമായി തകർന്നു. ചിന്നിച്ചിതറിയ മൃതദേഹങ്ങൾ വീണ്ടെടുക്കാൻ രക്ഷാപ്രവർത്തകർ ഏറെ പാടുപെട്ടു. അപകടസമയത്ത് അൻപതോളംപേരാണ് ഇവിടെ ജോലിയിലുണ്ടായിരുന്നത്. പടക്കനിർമാണകേന്ദ്രങ്ങളിലെ അപകടം തമിഴ്‌നാട്ടിൽ അപൂർവമല്ല. ഇത്തരത്തിലുള്ള മിക്ക സ്ഥാപനങ്ങളും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നതാണ് ഇതിനു കാരണം. ഈ സ്ഥാപനങ്ങളുടെ ഉടമകളധികവും രാഷ്ട്രീയസ്വാധീനവുംമറ്റുമുള്ളവരായതിനാൽ കേസ് തേഞ്ഞുമാഞ്ഞുപോകുകയാണു പതിവ്. ഉത്സവവെടിക്കെട്ടുകളിലും പടക്കക്കടകളിലും സ്‌ഫോടന-തീപ്പിടിത്ത ദുരന്തങ്ങളുണ്ടായ അനുഭവം കേരളത്തിനുമുണ്ട്. കൊല്ലം പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ടപകടവും പടക്കക്കടസ്‌ഫോടനത്തെത്തുടർന്ന് കോഴിക്കോട് മിഠായിത്തെരുവിലുണ്ടായ തീപ്പിടിത്തവും നമുക്ക് മറക്കാനാകാത്ത ദുരന്തങ്ങളാണ്. കൊടുംവേനലിൽ പടക്കമുണ്ടാക്കുമ്പോൾ പാലിക്കേണ്ട കരുതലുകൾ ഇല്ലാതിരുന്നതാണ് വിരുദുനഗറിലെ പടക്കശാലയിലുണ്ടായ സ്ഫോടനത്തിനു പ്രധാനകാരണം. വേനൽക്കാലത്ത് പടക്കമുണ്ടാക്കുമ്പോൾ രാസവസ്തുക്കൾ തമ്മിൽ കൂട്ടിക്കലർത്തുന്ന ജോലി രാവിലെ 11-നുമുൻപ് പൂർത്തിയാക്കണം. കൂട്ടിക്കലർത്തിയ രാസവസ്തുക്കൾ ഉപയോഗിച്ച് പടക്കങ്ങളുണ്ടാക്കുമ്പോഴും തീപ്പിടിത്തമുണ്ടാകാം. പടക്കശാലയിലെ മുറികൾ വളരെ ഇടുങ്ങിയതാണെന്നും ഇവിടെ കൂടുതൽ തൊഴിലാളികളെ നിയോഗിച്ച് കൂടുതൽ പടക്കങ്ങൾ നിർമിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് മറ്റൊരു കാരണമെന്നും പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. നിശ്ചിതദിവസക്കൂലിക്കുപകരം, നിർമിക്കുന്ന പടക്കങ്ങളുടെ എണ്ണത്തിന് അനുസൃതമായി കൂലിനൽകുന്നതും അപകടത്തിന് വഴിവെച്ചിരിക്കാമെന്നുകരുതുന്നു. കൂടുതൽ കൂലി ലഭിക്കാനായി തൊഴിലാളികൾ കൂടുതൽ പടക്കം നിർമിക്കാൻ ശ്രമിക്കുമ്പോൾ അപായസാധ്യത ഏറുന്നു. വിരുദുനഗർ ജില്ലയിൽമാത്രം 1100-ലധികം പടക്കനിർമാണശാലകളുണ്ട്. 2025-ൽ ഇവിടെ പതിനാറ് അപകടങ്ങളിലായി 37 പേർ മരിച്ചിരുന്നു. 2026-ൽ ഇതുവരെ 35 പേർ മരിച്ചു. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ ഈ ജില്ലയിൽ പടക്കശാലകളിലുണ്ടായ അപകടങ്ങളിൽ 175 പേരാണു മരിച്ചത്. 2011 മുതൽ 2024 വരെ തമിഴ്‌നാട്ടിൽ ഇരുനൂറിലധികം പടക്കശാലകളിൽ അപകടം നടന്നിട്ടുണ്ട്; 379 പേർ മരിക്കുകയും 320 പേർക്ക് പരിക്കേൽക്കുകയുംചെയ്തു. ഈ സംഭവങ്ങളിലൊന്നും കാര്യമായ നിയമനടപടികളുണ്ടാകുകയോ പടക്കശാലാ ഉടമകൾ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല. ഞായറാഴ്ച ദുരന്തമുണ്ടായ സ്ഥലത്ത്, തിരഞ്ഞെടുപ്പുകാലമായിട്ടുപോലും രാഷ്ട്രീയനേതാക്കളോ ജനപ്രതിനിധികളോ സന്ദർശനംനടത്തിയിട്ടില്ല. കേരളത്തിലൊരു തിരഞ്ഞെടുപ്പുകാലത്താണ് ഇത്തരം സംഭവം നടക്കുന്നതെങ്കിൽ പ്രചാരണത്തിന്റെ അജൻഡയും സ്വഭാവവുംവരെ മാറുമായിരുന്നെന്നു നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. പടക്കവും അതുപോലുള്ള സാമഗ്രികളും നിർമിക്കുന്നതിലും ഉത്സവ-ആഘോഷാവസരങ്ങളിൽ അവ ഉപയോഗിക്കുമ്പോഴും എല്ലാവിധ സുരക്ഷാമാനദണ്ഡങ്ങളും മുൻകരുതലുകളും പാലിക്കാൻ നാം ശ്രദ്ധവെക്കണം. വിരുദുനഗർസംഭവം നാം മലയാളികളെയും നന്നായൊന്ന് ജാഗ്രതപ്പെടുത്തട്ടെ. To advertise here, Published: 20 Apr 2026, 11:21 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
