ചെന്നൈ : വിരുദുനഗർ കട്ടനാർപട്ടിയിലെ പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നു. ഇവരിൽ 23 പേർ സ്ത്രീകളാണ്. എട്ടു സ്ത്രീകളും രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ എട്ടു പോലീസുകാരും ഉൾപ്പെടെ 20 പേർ വിരുദുനഗർ ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. To advertise here, പരിക്കേറ്റ എട്ടുസ്ത്രീകൾക്കും 60 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പടക്കക്കടയുടെ ഉടമസ്ഥൻ മുത്തുമാണിക്കത്തെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കളും നാട്ടുകാരും കട്ടിനാർപട്ടിയിൽ റോഡ് ഉപരോധിച്ചു. വൻസ്ഫോടനമായതിനാൽ മരിച്ചവരുടെ മൃതദേഹങ്ങൾ ചിന്നിച്ചിതറിയിരുന്നു. അണിഞ്ഞിരുന്ന മാലയും വളയും നോക്കിയാണ് ഭൂരിഭാഗം പേരുടെയും മൃതദേഹം തിരിച്ചറിഞ്ഞത്. നാലുപേരുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരിൽ 20 പേരും കട്ടിനാർപട്ടിയിലും സമീപപ്രദേശങ്ങളിലുമായി കഴിയുന്നവരാണ്. മരിച്ച സ്ത്രീകളിൽ ഇന്ദ്രാണി(46) 25 വർഷമായി പടക്കനിർമാണശാലയിൽ ജോലിചെയ്തുവരുകയായിരുന്നെന്ന് മകൾ മധുബാല പറഞ്ഞു. അച്ഛൻ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് വീട്ടിൽ കിടപ്പിലാണ്. എം.എസ്‌സി. ബിരുദധാരിയായ മധുബാല പെട്രോൾബങ്കിൽ ജോലിചെയ്യുന്നു. അനുജൻ സ്വകാര്യ സ്കൂളിൽ പഠിക്കുകയാണ്. അതേസമയം, ഞായറാഴ്ച അവധി ദിവസമാണെന്നിരിക്കേ പടക്കശാല പ്രവർത്തിച്ചത് നിയമവിരുദ്ധമാണെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് സംഘം അറിയിച്ചു. കൂടാതെ ചൂടുകാലത്ത് രാവിലെ ആറുമണിക്കുതന്നെ ജോലി ആരംഭിക്കുകയും ഉച്ചയ്ക്ക് 12 മണിക്കു മുൻപേ ജോലി അവസാനിപ്പിക്കുകയും ചെയ്യാറുണ്ട്. ഉച്ചയ്ക്കുശേഷവും ജോലിതുടർന്നത് അപകടത്തിന് കാരണമായി. പടക്കശാലയിൽ ആറ് മുറികളാണുണ്ടായിരുന്നത്. ഒരു മുറിയിൽ നാല് പേർക്കുമാത്രമേ ജോലിചെയ്യാൻ അനുമതിയുള്ളൂ. എന്നാൽ 50-ഓളം പേരാണ് ആറ് മുറികളിലായി പടക്കനിർമാണത്തിൽ ഏർപ്പെട്ടിരുന്നത്. സുരക്ഷാ നടപടിക്രമങ്ങൾ തീർത്തും അവഗണിച്ചതാണ് അപകടത്തിന്റെ ആക്കംകൂട്ടിയതെന്നും പോലീസ് പറഞ്ഞു.
