ഇരിട്ടി : വാഴക്കർഷകർക്ക് ഇപ്പോൾ കണ്ടകശ്ശനിയാണ്. വിലയുമില്ല; വിളവും ഇല്ലാത അവസ്ഥ. കടുത്ത ചൂടും വിലയിടിവും വാഴക്കർഷകരുടെ നടുവൊടിക്കുന്നു. ഈസ്റ്റർ, പെരുന്നാൾ, വിഷു സീസൺ ലക്ഷ്യമിട്ട് വാഴക്കൃഷി നടത്തിയ കർഷകരെ കടത്തിൽനിന്നും കടത്തിലേക്ക് തള്ളിവിടുന്ന അവസ്ഥ. ഈ വർഷം ശരാശരി വില 18 രൂപയാണ്. കഴിഞ്ഞവർഷം ഇതേ സീസണിൽ 60-70 രൂപ കിലോക്ക് വില ലഭിച്ചിരുന്നു. കായകൾ വിറ്റഴിക്കുന്നതിന് വ്യാപാരികൾ ഓഫർ വിലയായി അഞ്ച് കിലോക്ക് 100 രൂപ നിരക്കുവരെ ഏർപ്പെടുത്തിയിരുന്നു. വിഷുസീസണിൽ വില അല്പം മെച്ചപ്പെട്ടെങ്കിലും സീസൺ കഴിഞ്ഞാൽ പഴയപടിയാവുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. കൊടുംചൂട് കാരണം പഴുത്ത കുലകൾ രണ്ടോ മൂന്നോ ദിവസങ്ങൾ കഴിയുമ്പോൾ തൊലി കറുത്തനിറത്തിലാകുന്നു. ഇത്തരത്തിൽ കറുത്ത പഴം വാങ്ങാൻ ആളുകൾ തയ്യാറാകുന്നുമില്ല. ഒരാഴ്ചയിലധികം നിറം മങ്ങാതെ നില്ക്കുന്ന അവസ്ഥയ്ക്കാണ് വലിയ മാറ്റം ചൂട് കാരണം ഉണ്ടായിരിക്കുന്നത്. കർണാക, തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള വാഴക്കുലകൾ കൂടി മാർക്കറ്റിൽ എത്തുന്നതോടെ നാട്ടിലുള്ള വാഴക്കുലകൾക്ക് ഡിമാൻഡ് ഇനിയും ഇടിയും. To advertise here, 100 മുതൽ 5000 വരെ വാഴകൾ കൃഷിയിറിക്കിയ കർഷകർ മലയോരമേഖലയിൽ നിരവധിയാണ്. വേനൽച്ചൂടിൽ വാഴകൾ മുഴുവനായും കരിഞ്ഞുണങ്ങുകയാണ്. എത്രതന്നെ വെള്ളം ഒഴിച്ചാലും വാഴക്കുലകളെ രക്ഷിച്ചെടുക്കാൻ സാധിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്. വാഴകൾ ഉണങ്ങി നിൽക്കുമ്പോൾ വീശിയടിച്ച വേനൽക്കാറ്റിൽ വൻനാശമാണ് കർഷകർ നേരിട്ടത്. ആയിരക്കണക്കിന് നേന്ത്രവാഴകളാണ് വേനൽമഴയിലും കാറ്റിലും നിലംപൊത്തിയത്. മാർക്കറ്റിൽ എത്ര വിലക്കുറവുണ്ടായിരുന്നാലും ശരാശരി ഡിമാൻഡ് ഉണ്ടായിരുന്ന നാടൻകുലകൾക്ക് ഇത്തവണ ആവശ്യക്കാർ ഇല്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ഇതിന് കാരണം കുലകൾ കൃത്യമായി പഴുപ്പിക്കാൻ കഴിയാത്തതും പഴുത്ത കുലകൾ പെട്ടെന്ന് കറുത്തുപോകുന്നതുമാണ്. കാഴ്ചയിൽ ഭംഗിയില്ലാത്ത പഴങ്ങൾ ഉപഭോക്താക്കൾ വാങ്ങാൻ മടിക്കുകയും ചെയ്യുന്നു. ചില ഫാമുകളിൽനിന്നുള്ള കുലകൾ കായയുടെ രണ്ടറ്റംമാത്രം പഴുത്ത് ബാക്കിഭാഗം പച്ചയായി നിൽക്കുകയും ചെയ്യുകയാണ്. തോട്ടങ്ങളിൽനിന്ന് വാഴക്കുലകൾ വെട്ടിയെടുത്ത് മാർക്കറ്റിൽ എത്തിച്ചാൽ വണ്ടിക്കൂലിപോലും ലഭിക്കില്ലെന്നാണ് കർഷരുടെ പരാതി. വാഴത്തോട്ടങ്ങളിൽ ക്വിന്റൽ കണക്കിന് വാഴക്കുലകൾ വീണ് നശിക്കുകയാണ്. Published: 17 Apr 2026, 04:39 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വില മൂന്നിലൊന്നായി കുറഞ്ഞു; നടുവൊടിഞ്ഞ് വാഴക്കർഷകർ
M
MathrubhumiSource Link
23 days ago