ഇറാനെതിരായ നീക്കങ്ങൾ റഷ്യയ്ക്ക് താൽക്കാലിക സാമ്പത്തിക ലാഭമുണ്ടാക്കിയേക്കാമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ കനത്ത തിരിച്ചടികൾക്ക് ഇത് കാരണമാകും. റഷ്യയും പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, പശ്ചാത്തലത്തിൽ യു.എസ്.-ഇസ്രയേൽ ആക്രമണങ്ങൾക്ക് ശേഷം ഇറാനിയൻ നഗരമായ ഇസ്ഫഹാനിൽ പുക ഉയരുന്നു. | Photo: Arun Sharma/ PTI and UGC / AFP ഇ റാനെതിരായ യു.എസ്-ഇസ്രയേൽ യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോൾ പരാജിതരുടെ പട്ടിക നീളുകയാണ്. ഇറാൻ കടുത്ത തകർച്ച നേരിടുന്നു. അമേരിക്കയാകട്ടെ ഈ സംഘർഷത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഇസ്രയേലിനാകട്ടെ കാര്യങ്ങളൊന്നും വിചാരിച്ച രീതിയിലായിട്ടില്ല. അപ്രതീക്ഷിതമായി യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട ഗൾഫ് രാജ്യങ്ങളാകട്ടെ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. യുദ്ധത്തിലൊന്നും പങ്കെടുക്കാത്ത, ലോകമെമ്പാടുമുള്ള ഒട്ടനവധി വികസ്വരരാജ്യങ്ങളാകട്ടെ ഭക്ഷ്യ-ഊർജപ്രതിസന്ധികളും നേരിടുന്നു. അമേരിക്കയും ഇസ്രയേലും മറുവശത്ത് ഇറാനും ഒരുപോലെ യുദ്ധത്തിൽ വിജയം അവകാശപ്പെട്ടേക്കാം. പക്ഷേ, അവരെല്ലാം പരാജിതർ തന്നെയാണ്. എന്നാൽ, ഈ യുദ്ധത്തിൽ കൈ നനയാതെ മീൻപിടിക്കുന്നവരുമുണ്ട്. അതിൽ പ്രധാനി റഷ്യയും പ്രസിഡന്റ് വ്‌ളാഡിമിർ പുതിനുമാണ്. ഇറാനെതിരായ യു.എസ്.-ഇസ്രയേൽ യുദ്ധത്തിന്റെ ഏറ്റവും വലിയ വിജയിയും താത്കാലികമായെങ്കിലും പുതിന്റെ റഷ്യയാണ്. To advertise here, പ്രതിസന്ധി ഹോർമുസിൽ, നേട്ടം റഷ്യൻ എണ്ണയ്ക്ക്! കടുത്ത പ്രതിസന്ധികളിലൂടെയാണ് പുതിൻ കടന്നുപോയിരുന്നത്. മാർച്ച് മാസത്തിലേക്ക് കടക്കുമ്പോൾ റഷ്യയുടെ ബജറ്റ് പ്രതിസന്ധിയിലായിരുന്നു. റഷ്യൻ എണ്ണ ക്കമ്പനികൾക്കെതിരായ യു.എസ്. ഉപരോധങ്ങളും ഇന്ത്യയും ചൈനയും എണ്ണ ഇറക്കുമതി കുറച്ചതും എണ്ണ വിലയിടിവും കാരണം ഫെബ്രുവരിയോടെ എണ്ണ, വാതക വരുമാനം ഏകദേശം 50% ഇടിഞ്ഞു. പ്രതിസന്ധിയിലായതോടെ സൈനിക, സാമൂഹിക ചെലവുകൾ ഒഴികെ, അനാവശ്യചെലവുകൾ 10 ശതമാനം വെട്ടിക്കുറയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു റഷ്യ. യുക്രൈൻ യുദ്ധം അവസാനിപ്പിക്കുക അടക്കമുള്ള കടുത്ത തീരുമാനത്തിലേക്ക് റഷ്യ എത്തുമോ എന്നുപോലും ലോകം ഉറ്റുനോക്കിയ സമയം. പക്ഷേ, അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചതോടെ കളി മാറി. ഗൾഫ് മേഖല യുദ്ധത്തിലേക്ക് നീങ്ങി. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചു. എണ്ണവില കുതിച്ചുയർന്നു. റഷ്യയുടെ സാമ്പത്തിക ചിത്രംതന്നെ ഏതാനും ദിവസങ്ങൾകൊണ്ട് മാറി മറിഞ്ഞു. യുദ്ധം ആഗോള ഊർജവിലയിൽ വലിയ വർധനവിന് കാരണമായി. പാശ്ചാത്യ ഉപരോധങ്ങൾ കാരണം വളരെക്കാലമായി വിലയിടിവ് നേരിട്ട റഷ്യൻ ക്രൂഡ് ഓയിൽ വിലയിലും വലിയ വർധനവുണ്ടായി. റഷ്യൻ ക്രൂഡ് ഓയിൽ വില അവർ 2026-ലെ ബജറ്റിൽ കണക്കാക്കിയതിനേക്കാൾ ഉയർന്നു. ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള തടസ്സങ്ങൾ, ഷിപ്പിങ്ങിലെ തടസ്സങ്ങൾ, ഗൾഫ് രാജ്യങ്ങളുടെ എണ്ണ കയറ്റുമതി അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നാശനഷ്ടം എന്നിവയ്ക്ക് പിന്നാലെ പ്രധാന രാജ്യങ്ങൾ ബദൽ സാധ്യതകൾ തേടി. ഇതോടെ റഷ്യൻ എണ്ണയ്ക്ക് ആവശ്യക്കാർ ഏറി. ഇതിന് പുറമേ ആഗോളവിതരണ സമ്മർദം ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ട്രംപ് ഭരണകൂടം റഷ്യൻ ക്രൂഡോയിലിന്റെ മേലുള്ള ഉപരോധങ്ങൾ ലഘൂകരിച്ചു. റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് എർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കം ചെയ്തു. ഹോർമുസ് വഴിയുള്ള എണ്ണ നീക്കം പ്രതിസന്ധിയിലായതോടെ വിപണികൾ സ്ഥിരപ്പെടുത്തുന്നതിന് യു.എസിന് റഷ്യൻ എണ്ണ അത്യാവശ്യമാണ്. മറുവശത്ത് റഷ്യയെ സംബന്ധിച്ച് അവരുടെ ഫെഡറൽ ബജറ്റിന്റെ ഏകദേശം 30-45 ശതമാനം ഹൈഡ്രോകാർബൺ വരുമാനമാണ്. ഉപരോധങ്ങളുടെയും വില ഇടിവിന്റെയും സമ്മർദത്തിൽ ആ വരുമാനമാകട്ടെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തുകയും ചെയ്തിരുന്നു. എന്നാൽ, നിലവിലെ വർധനവ് അവർക്ക് അധിക വരുമാനം വാഗ്ദാനം ചെയ്യുന്നു. ഈ അപ്രതീക്ഷിത വരുമാനവർധന റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും യുക്രൈനിലെ അവരുടെ സൈനിക നീക്കങ്ങൾക്ക് സഹായകമാകുകയും ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ഹോർമുസ് കടലിടുക്ക് യുദ്ധത്തിന്റെ ഏക വിജയി റഷ്യയോ? ഇറാൻ യുദ്ധത്തിന് മുമ്പ്, സാമ്പത്തിക സമ്മർദത്തേ തുടർന്ന് യുക്രൈനുമായി ഒരു കരാറിലേക്ക് റഷ്യ എത്തിയേക്കുമെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. എന്നാൽ, അത്തരം വാദങ്ങളെല്ലാം ഇപ്പോൾ ദുർബലമാണ്. മാത്രമല്ല, യുക്രൈനെ സഹായിക്കുന്ന കാര്യത്തിൽ അമേരിക്കയിലും യൂറോപ്പിലും ചെറിയ തോതിലെങ്കിലും ഭിന്നതകൾ രൂപപ്പെട്ടിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ വരവോടെ റഷ്യക്കുമേലുള്ള കർശന നിലപാടുകളിൽ അയവ് വരുന്നത് പുതിന് രാഷ്ട്രീയമായ വിജയമാണ്. മാത്രമല്ല, റഷ്യയ്ക്ക് മേലുള്ള ഉപരോധങ്ങളിലും അയവുവന്ന് തുടങ്ങിയിരിക്കുന്നു. യൂറോപ്യൻ യൂണിയന്റെ 20-ാമത് ഉപരോധ പാക്കേജ് സ്തംഭനാവസ്ഥയിലാണ്. ഉപരോധ പാക്കേജ് നടപ്പാക്കുന്നതിനെ ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടർ ഓർബൻ എതിർക്കുന്നു. ഊർജാവശ്യം നിറവേറ്റുന്നതിനായി റഷ്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കണമെന്ന് ബെൽജിയത്തിന്റെ പ്രധാനമന്ത്രി ബാർട്ട് ഡി വെവർ പ്രഖ്യാപിച്ചു. ഇതോടെ നിലവിലെ സാഹചര്യത്തെക്കുറിച്ച് യൂറോപ്യൻ നേതാക്കൾക്കിടയി വ്യത്യസ്താഭിപ്രായങ്ങളാണുള്ളത്. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, ഈ പ്രതിസന്ധിയുടെ ‘ഏക വിജയി’ റഷ്യയാണെന്ന് വിശേഷിപ്പിച്ചു. ഉയർന്ന എണ്ണവില റഷ്യയുടെ യുദ്ധനിധി നിറയ്ക്കുന്നുവെന്നാണ് അദ്ദേഹം ആരോപിച്ചത്. യുക്രൈനെ സംബന്ധിച്ചും ഇത് നിർണാകയമാണ്. അമേരിക്ക സൈനിക നീക്കങ്ങൾക്കായി ഉപയോഗിക്കുന്ന അത്യാധുനിക യുദ്ധോപകരണങ്ങളെക്കൂടി ആശയിച്ചാണ് യുക്രൈനിന്റെ പ്രതിരോധശേഷി നിലനിൽക്കുന്നത്. ഇത്തരം സംവിധാനങ്ങളുടെ താൽക്കാലിക ക്ഷാമം പോലും അവരുടെ പ്രതിരോധത്തെയും ആക്രമണശേഷിയെയും ദുർബലപ്പെടുത്തിയേക്കാം. അതിനാൽ റഷ്യ ഇത്തരമൊരു സാഹചര്യം മുതലെടുക്കാൻ സാധ്യതയുണ്ട്. സഖ്യകക്ഷികളായിരുന്നില്ല, പങ്കാളികൾ മാത്രം നിലവിൽ സാഹചര്യങ്ങൾ റഷ്യയ്ക്ക് അനുകൂലമാണ്. ഉയർന്ന എണ്ണവില റഷ്യയുടെ യുദ്ധകാല സമ്പദ്‌വ്യവസ്ഥയ്ക്ക് ശക്തി പകരുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ രാഷ്ട്രീയ താൽപ്പര്യങ്ങളിലും മാറ്റം വന്നിരിക്കുന്നു. യുദ്ധം താത്കാലികനേട്ടം നല്കുന്നുണ്ടെങ്കിലും ഇത് റഷ്യയുടെ നേട്ടങ്ങളെ തന്ത്രപരമായ നേട്ടമായി തെറ്റിദ്ധരിക്കരുത്. ഇറാൻ വിഷയത്തിൽ റഷ്യ പുലർത്തുന്ന സംയമനം, ആ രാജ്യത്തിന്റെ സ്വാധീനശക്തിയുടെ പരിമിതികളെയാണ് വെളിപ്പെടുത്തുന്നത്. ഇറാന് നേരെ ഉണ്ടായ ആക്രമണങ്ങളെ തടയാനോ തങ്ങളുടെ പ്രധാന പങ്കാളിയെ സംരക്ഷിക്കാനോ റഷ്യ തയ്യാറായിട്ടില്ല. അവർ നൽകുന്ന രാഷ്ട്രീയ പിന്തുണയും എന്നാൽ, സൈനികമായി ഇടപെടാനുള്ള അവരുടെ വിമുഖതയും തമ്മിലുള്ള വ്യത്യാസം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ അസമത്വത്തെയാണ് അടിവരയിടുന്നത്. യഥാർത്ഥത്തിൽ, പുതിന് ഇറാൻ വിഷയത്തിൽ നേരിട്ട് ഇടപെടേണ്ടി വന്നില്ല എന്നതാണ് സത്യം. റഷ്യയും ഇറാനും ഒരിക്കലും യഥാർത്ഥ സഖ്യകക്ഷികളായിരുന്നില്ല, മറിച്ച് സൗകര്യത്തിന് വേണ്ടി ഒന്നിച്ച പങ്കാളികൾ മാത്രമാണ്. അവരുടെ ബന്ധം വെറും ഇടപാടുകൾ മാത്രമാണ്. പടിഞ്ഞാറൻ രാജ്യങ്ങളോടുള്ള പൊതുവായ ശത്രുതയിലും ഉപരോധങ്ങളെ മറികടക്കാനുള്ള ശ്രമത്തിലുമാണ് അത് നിലനിൽക്കുന്നത്. ഇതിൽ ആഴത്തിലുള്ള വിശ്വാസമോ പരസ്പരാശ്രിതത്വമോ ഇല്ല. ഉയർന്ന ഊർജവരുമാനം, പാശ്ചാത്യരാജ്യങ്ങളുടെ ശ്രദ്ധ തിരിക്കൽ എന്നിങ്ങനെ ഹ്രസ്വകാല നേട്ടങ്ങളുണ്ടെങ്കിലും വലിയൊരു കുരുക്കിൽ വീഴാതിരിക്കാൻ അവർ ശ്രദ്ധിക്കുന്നു. എന്നാൽ, ഇതിനൊപ്പം അപകടസാധ്യതകളും റഷ്യയ്ക്കുണ്ട്. നീണ്ടുനിൽക്കുന്ന പ്രാദേശിക സംഘർഷം റഷ്യൻ നിക്ഷേപങ്ങളെയും ഇറാനിലെ അവരുടെ സ്വാധീനത്തെയും തകർക്കുന്ന അവസ്ഥ സൃഷ്ടിച്ചേക്കാം. മറിച്ച്, അമേരിക്കയും ഇസ്രയേലും വിജയം കൈവരിക്കുകയാണെങ്കിൽ പാശ്ചാത്യരാജ്യങ്ങളുടെ ശ്രദ്ധ വീണ്ടും യുക്രൈനിലേക്ക് അതിവേഗം തിരിയുകയും ചെയ്യും. എങ്കിലും പ്രാദേശിക സംഘർഷങ്ങൾ അപൂർവമായി മാത്രമേ ദീർഘകാല തന്ത്രപരമായ നേട്ടങ്ങളായി മാറാറുള്ളൂ. റഷ്യ ഇപ്പോൾ ഒരു താൽക്കാലിക നേട്ടം ആസ്വദിക്കുന്നുണ്ടാകാമെങ്കിലും അത് എത്രകാലത്തേയ്ക്ക് എന്നത് ചോദ്യമാണ്. ഡൊണാൾഡ് ട്രംപ് | Photo: AP നേട്ടം മാത്രമോ, റഷ്യയെ കാത്തിരിക്കുന്നതെന്ത്? ഇറാനെതിരായ നീക്കങ്ങൾ റഷ്യയ്ക്ക് താൽക്കാലിക സാമ്പത്തിക ലാഭമുണ്ടാക്കിയേക്കാമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ കനത്ത തിരിച്ചടികൾക്ക് ഇത് കാരണമാകും. പശ്ചിമേഷ്യയിലെ യുദ്ധം മൂലം എണ്ണവില വർധിക്കുന്നത് റഷ്യയ്ക്ക് താൽക്കാലിക ലാഭമുണ്ടാക്കുമെങ്കിലും ഇറാനിലെ സൈനിക പരാജയം ദീർഘകാലാടിസ്ഥാനത്തിൽ റഷ്യയെ പ്രതിരോധത്തിലാക്കും. തന്ത്രപരമായ പങ്കാളിയുടെ തകർച്ചയാണ് റഷ്യയെ കാത്തിരിക്കുന്ന വലിയ തിരിച്ചടികളിലൊന്ന്. യുക്രൈൻ യുദ്ധത്തിലടക്കം റഷ്യയെ ഡ്രോണുകളും മിസൈലുകളും നൽകി ഇറാൻ സഹായിച്ചിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. അതിനാൽ തന്നെ അമേരിക്കൻ- ഇസ്രയേൽ സംയുക്താക്രമണത്തിൽ ഇറാന്റെ സൈനികശേഷി തകരുന്നത് റഷ്യയുടെ ആയുധ വിതരണ ശൃംഖലയെ ബാധിക്കും. ഊർജമേഖലയിലും ആണവ നിലയങ്ങളിലുമായി വലിയ തോതിലുള്ള നിക്ഷേപം റഷ്യയ്ക്ക് ഇറാനിലുണ്ട്. യുദ്ധം ഈ പദ്ധതികളെ അനിശ്ചിതത്വത്തിലാക്കും. മാത്രമല്ല, മേഖലയിലെ സ്വാധീനം നഷ്ടപ്പെടാനും ഇത് വഴിവെയ്ക്കും. സിറിയയിൽ ബാഷർ അൽ അസദ് ഭരണകൂടം വീണതോടെ കരുത്തരായ ഒരു പങ്കാളിയെ റഷ്യയ്ക്ക് ഇതിനകം നഷ്ടമായി കഴിഞ്ഞു. പശ്ചിമേഷ്യയിലെ റഷ്യയുടെ ഏറ്റവും വലിയ സഖ്യകക്ഷിയായ ഇറാനും ദുർബലമാകുന്നത് ഈ മേഖലയിൽ റഷ്യയുടെ രാഷ്ട്രീയ സ്വാധീനം വലിയ തോതിൽ ഇല്ലാതാക്കും. ഇറാനിൽ ഭരണമാറ്റം സംഭവിക്കുകയും അവിടെ പടിഞ്ഞാറൻ രാജ്യങ്ങളോട് ആഭിമുഖ്യമുള്ള സർക്കാർ വരികയും ചെയ്താൽ, അത് റഷ്യയെ പൂർണമായും ഒറ്റപ്പെടുത്താൻ ഇടയാക്കും. നയതന്ത്ര വിശ്വാസ്യതയ്ക്ക് ഏൽക്കുന്ന ആഘാതവും റഷ്യയെ കാത്തിരിക്കുന്നു. സ്വന്തം സഖ്യകക്ഷികളെ സംരക്ഷിക്കാൻ റഷ്യ തയ്യാറാകുന്നില്ല എന്ന തോന്നൽ ആഗോളതലത്തിൽ അവരുടെ പ്രതിച്ഛായയെ മോശമായി ബാധിക്കും. മാത്രമല്ല, ഇറാനിൽ സർക്കാർ വീഴുകയും രാജ്യം അസ്ഥിരതയിലേക്ക് നീങ്ങുകയും ചെയ്താൽ റഷ്യയുടെ തെക്കൻ അതിർത്തി പ്രദേശങ്ങളായ കാസ്പിയൻ കടൽ മേഖലയിലും കോക്കസസിലും അഭയാർഥി പ്രവാഹത്തിനും സുരക്ഷാ ഭീഷണികൾക്കും കാരണമായേക്കാം. അങ്ങനെ നോക്കുമ്പോൾ യുദ്ധം നീണ്ടുപോകുന്നത് റഷ്യയ്ക്ക് ഒരുവിധത്തിലും ഗുണകരമാകില്ലെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.

വിലയിൽ നേട്ടം, പുതിയ വിപണികൾ; ഇറാൻ യുദ്ധത്തിന്റെ യഥാർഥ വിജയി പുതിനും റഷ്യയുമാണോ?
M
MathrubhumiSource Link
about 2 months ago