ആറ്റിങ്ങൽ : നെൽപ്പാടങ്ങളുടെ വീണ്ടെടുപ്പിലൂടെ പുതുചരിത്രമെഴുതിയ പിരപ്പമൺകാട് ശേഖരത്തിൽ ഇത്തവണ ലഭിച്ചത് മികച്ച വിളവ്. പാടശേഖരത്തിൽ ഉത്‌പാദിപ്പിച്ച 11.2 ടൺ നെല്ല് കഴിഞ്ഞദിവസം കർഷകർ സപ്ലൈകോയ്ക്ക് കൈമാറി. ഇതിൽ ഒരു ടൺ നെല്ല് ചെമ്പൂര് കുളത്തുങ്കര പാടശേഖരത്തിൽ ഉത്‌പാദിപ്പിച്ചതാണ്. ബാക്കി 10.2 ടൺ പിരപ്പമൺകാട് പാടശേഖരത്തിലെ കൃഷിയിൽനിന്നുള്ളതാണ്. കർഷകരുടെ കുടുംബത്തിലേക്കും പാടശേഖരസമിതിയുടെ ആവശ്യത്തിലേക്കുമുള്ള നെല്ല് എടുത്തതിനുശേഷം ബാക്കിയുള്ള നെല്ലാണ് സപ്ലൈകോയ്ക്ക് കൈമാറിയത്. ഒരു കിലോ നെല്ലിന് 30 രൂപ നിരക്കിലാണ് സപ്ലൈകോ സംഭരിക്കുന്നത്. കഴിഞ്ഞ പ്രാവശ്യം നെല്ല് കൊടുത്ത് രണ്ടാഴ്ചയ്ക്കുള്ളിൽ കർഷകരുടെ അക്കൗണ്ടുകളിലേക്ക് പണം ലഭിച്ചിരുന്നു. ഇപ്രാവശ്യം സപ്ലൈകോയുടെ സൈറ്റിൽ രജിസ്റ്റർ ചെയ്തവരുടെ നെല്ല് മാത്രമാണ് സപ്ലൈകോ എടുത്തത്. കഴിഞ്ഞവർഷം വരെ രജിസ്‌ട്രേഷൻ നിർബന്ധമായിരുന്നില്ല. To advertise here, രണ്ട് ലോറികളിലായി കയറ്റിയ നെല്ല് കാലടിയിലെ മില്ലിലേക്കാണ് കൊണ്ടുപോയത്. ഉമയിനത്തിൽപ്പെട്ട നെല്ലാണ് ഇത്തവണ കർഷകർ ഉത്‌പാദിപ്പിച്ചത്. വയലുമായി ബന്ധപ്പെട്ട് പിരപ്പമൺകാട് നടന്നുവരുന്ന മറ്റെല്ലാ പരിപാടികളുംപോലെ വലിയ ആഘോഷമായിട്ടാണ് കർഷകർ നെല്ല് കൈമാറിയത്. നെല്ലെടുക്കാൻ ലോറിയെത്തുമെന്ന് അറിയിച്ചിരുന്നതിന്റെ തലേന്നാൾ രാത്രിമുതൽ കർഷകരുടെ കൂട്ടായ്മ ഭൂതനാഥൻ ക്ഷേത്രമൈതാനത്തുണ്ടായിരുന്നു. ചാക്കിൽ നിറച്ച നെല്ല് എല്ലാവരും ചേർന്ന് സ്റ്റേജിലേക്ക് മുൻഗണനാക്രമത്തിൽ അടുക്കിവെച്ചു. വെളുപ്പിന് 3.30മുതൽ കർഷകരുടെ വീടുകൾക്കുമുന്നിൽ വാഹനങ്ങളെത്തി നെല്ല് കയറ്റിക്കൊണ്ടുവന്നു. നെല്ല് കൊണ്ടുപോകാനുള്ള ലോറികളും അധികൃതരും എത്തിയതോടെ പാടശേഖരസമിതിയംഗങ്ങളും സൗഹൃദസംഘം അംഗങ്ങളും ചേർന്ന് നെല്ല് തൂക്കിവെയ്ക്കുകയും ചുമട്ടുതൊഴിലാളികൾ അത് ലോറിയിൽ അടുക്കിവെയ്ക്കുകയും ചെയ്തു. പാടശേഖരസമിതിയുടെ ട്രഷറർ രാജേന്ദ്രൻനായരുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടന്നത്. മുൻവർഷങ്ങളിലുണ്ടായതിനേക്കാൾ മികച്ച വിളവാണ് ഇത്തവണ ലഭിച്ചതെന്ന് കർഷകർ പറയുന്നു. കഴിഞ്ഞ തവണ ലഭിച്ചതിന്റെ പകുതിയോളം നെല്ല് ഇത്തവണ ഓരോരുത്തർക്കും അധികമായി ലഭിച്ചു. ഇത് കർഷകർക്കും പാടശേഖരസമിതിക്കും വലിയ ആവേശം പകർന്നിട്ടുണ്ട്. സപ്ലൈകോയ്ക്ക് കൈമാറിയ നെല്ലിന്റെ വില കാലതാമസം കൂടാതെ ലഭിച്ചാൽ കർഷകർക്ക് ആശ്വാസമാകും. ഉത്‌പാദിപ്പിച്ച നെല്ലിൽ ഒരു പങ്ക് കുത്തി പച്ചരിയായും പുഴുങ്ങിക്കുത്തി കുത്തരിയായും പാടശേഖരസമിതി ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നുണ്ട്. Published: 23 Apr 2026, 02:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വിളവ് പൊലിച്ചു : പിരപ്പമൺകാട് സപ്ലൈകോയ്ക്ക് കൈമാറിയത് 11.2 ടൺ നെല്ല്
M
MathrubhumiSource Link
17 days ago