ഭോപ്പാൽ: കുപ്രസിദ്ധ ഗുണ്ടാത്തലവനെ വിവാഹത്തിന് തൊട്ടുമുൻപ് മണ്ഡപത്തിൽനിന്ന് കസ്റ്റഡിയിലെടുത്ത് പോലീസ്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഭോപ്പാൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുപ്രസിദ്ധ ഗുണ്ടാസംഘത്തിന്റെ തലവനായ ആകാശ് നീൽകാന്ത് എന്ന ഭൂറയെയാണ് പോലീസ് വിവാഹദിവസം അറസ്റ്റ്‌ചെയ്തത്. To advertise here, അതേസമയം, വിവാഹത്തിന് തൊട്ടുമുൻപ് ആകാശ് പിടിയിലായതോടെ ഇയാളെ വിട്ടയക്കാൻ ആവശ്യപ്പെട്ട് വധുവും പോലീസ് സ്‌റ്റേഷനിലെത്തി. വധുവായ സീമ, പോലീസുകാരോട് കണ്ണീരോടെ അഭ്യർഥിച്ചെങ്കിലും പോലീസ് പ്രതിയെ വിട്ടയക്കാൻ തയ്യാറായില്ല. ഇതോടെ വിവാഹച്ചടങ്ങുകളും മുടങ്ങി. ബുധനാഴ്ച വൈകീട്ടായിരുന്നു ആകാശിന്റെയും സീമയുടെയും വിവാഹം. വിവാഹമണ്ഡപത്തിൽ ചടങ്ങുകൾ ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് പോലീസ് ആകാശിനെ തിരഞ്ഞെത്തിയത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. പോലീസെത്തി വരനെ പിടികൂടുന്നത് കണ്ട് വധുവും ബന്ധുക്കളും മറ്റു അതിഥികളും അമ്പരന്നു. തുടർന്ന് പോലീസ് ഇവരോട് കാര്യങ്ങൾ വിശദീകരിച്ചതോടെയാണ് വരന്റെ 'ക്രിമിനൽ പശ്ചാത്തലം' വധു ഉൾപ്പെടെയുള്ളവർ അറിഞ്ഞത്. ആകാശിനെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയതിന് പിന്നാലെ വധു സീമയും സ്‌റ്റേഷനിലെത്തി. വരന്റെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് തനിക്കറിയില്ലെന്നാണ് യുവതി പോലീസുകാരോട് പറഞ്ഞത്. വെറും രണ്ടുമണിക്കൂർ സമയത്തേക്ക്, വിവാഹച്ചടങ്ങ് പൂർത്തിയാക്കാൻ വരനെ വിട്ടയക്കാമോ എന്നും യുവതി പോലീസിനോട് അഭ്യർഥിച്ചു. 'സാറെ, എന്റെ ജീവിതം തകരും. ഞാൻ എന്തുതെറ്റ്‌ചെയ്തിട്ടാണ്. അവൻ ചെയ്ത കുറ്റകൃത്യങ്ങൾ എനിക്കറിയില്ല. വിവാഹവേദിയിൽ അതിഥികൾ കാത്തിരിക്കുകയാണ്. ഹൽദിയും മറ്റു ചടങ്ങുകളും കഴിഞ്ഞു'', കണ്ണീരോടെ യുവതി പോലീസിനോട് പറഞ്ഞു. രണ്ടു മണിക്കൂർ നേരത്തേക്ക് വിട്ടയക്കാൻ കഴിയില്ലെങ്കിൽ പോലീസ് കസ്റ്റഡിയിൽ വിവാഹം നടത്തണമെന്നും യുവതി അഭ്യർഥിച്ചു. എന്നാൽ, പോലീസ് ഇതിന് വിസമ്മതിച്ചു. തുടർന്ന് ആകാശിനെയും ഒപ്പം പിടികൂടിയ അഞ്ച് കൂട്ടാളികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2018-ൽ മുതൽ ഭോപ്പാലിൽ സജീവമായ ഗുണ്ടാസംഘമാണ് 'ഇല്ലീഗൽ ഗ്യാങ്' എന്ന് പോലീസ് പറഞ്ഞു. അമ്പതിലേറെ യുവാക്കളാണ് ഈ ക്രിമിനൽ സംഘത്തിലുള്ളത്. ഇവരെല്ലാം 'ഇല്ലീഗൽ ഗ്യാങ്' എന്ന പേര് ടാറ്റൂചെയ്താണ് നടക്കാറുള്ളത്. 2024-ൽ ബിജെപി യുവമോർച്ച പ്രാദേശിക നേതാവായ സുരേന്ദ്ര കുശ്‌വഹയെ കൊലപ്പെടുത്തിയ കേസിൽ ആകാശ് ഉൾപ്പെടെയുള്ളവർ പ്രതികളാണെന്നും പോലീസ് പറഞ്ഞു. ഈ കേസിൽ 18 മാസത്തോളം ജയിലിലായിരുന്ന ആകാശ്, നാലുമാസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്. നിലവിൽ ഒരു പുരോഹിതനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലാണ് ഇയാളെ അറസ്റ്റ്‌ചെയ്തതെന്നും ഇയാൾക്കെതിരേ 31-ഓളം ക്രിമിനൽ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. Content Highlights: Notorious 'Illegal Gang' leader Akash Neelkanth arrested at his wedding., Bride pleaded with police, unaware of groom's 31 criminal cases., Accused is a prime suspect in the 2024 BJP youth leader murder case., Gang operates with 'Illegal Gang' tattoos among 50+ members. Published: 14 Mar 2026, 02:17 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വിവാഹത്തിന് തൊട്ടുമുൻപ് ഗുണ്ടാത്തലവൻ പിടിയിൽ; രണ്ട് മണിക്കൂറെങ്കിലും വിട്ടയക്കണമെന്ന് വധു
M
MathrubhumiSource Link
about 2 months ago