അമ്പലപ്പാറയിൽ കുടിവെള്ളപ്രശ്നം രൂക്ഷം To advertise here, അമ്പലപ്പാറ : കുടിവെള്ളപ്രശ്നം രൂക്ഷമായിത്തുടരുന്ന അമ്പലപ്പാറയിൽ ടാങ്കറിൽ കുടിവെള്ളമെത്തിക്കാൻ ശ്രമം. വിവിധ പ്രദേശങ്ങളിൽ ആഴ്ചയിലൊരിക്കൽപ്പോലും വെള്ളമെത്താതെ ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് വെള്ളമെത്തിക്കാനുള്ള ശ്രമമാണ് തുടങ്ങിയത്. വ്യാഴാഴ്ച വിതരണം തുടങ്ങും. വാണിവിലാസിനി, മുട്ടിപ്പാലം, പുലാപ്പറ്റശ്ശേരി, കണ്ണമംഗലം, മേലൂർ തുടങ്ങിയ വാർഡുകളിലെ വിവിധ പ്രദേശങ്ങളിലാണ് വെള്ളമെത്തിക്കുക. മറ്റ് വാർഡുകളിലും വെള്ളമെത്താത്ത പ്രദേശങ്ങൾ കണ്ടെത്തി വിതരണംചെയ്യാനും പദ്ധതിയുണ്ട്. ജല അതോറിറ്റിയുടെ മീറ്റ്നയിലെ ശുദ്ധജലവിതരണ പ്ലാന്റിൽനിന്ന് വെള്ളമെടുത്ത് ആഴ്ചയിലൊരിക്കൽ വിതരണംചെയ്യാനാണ് പദ്ധതിയെന്ന് പഞ്ചായത്തധികൃതർ അറിയിച്ചു. പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽനിന്നുള്ള ഫണ്ട് വിനിയോഗിക്കും. മേലൂർഭാഗത്തുനിന്നായിരിക്കും വിതരണം തുടങ്ങുക. ഉച്ചയോടെ വിതരണം പൂർത്തിയാവുകയാണെങ്കിൽ ഉച്ചയ്ക്കുശേഷം മറ്റൊരുവാർഡിലും വിതരണംചെയ്യും. അതേസമയം, പഞ്ചായത്തിൽ ജലക്ഷാമം രൂക്ഷമായിവരികയാണ്. നേരത്തേ മൂന്നുദിവസം കൂടുമ്പോൾ നടന്നിരുന്ന വിതരണം ഇപ്പോൾ നാലുദിവസം കൂടുമ്പോഴാണ്. ഉയർന്നപ്രദേശങ്ങളിൽ വെള്ളമെത്താത്ത പ്രശ്നവുമുണ്ട്. പൈപ്പുവെള്ളത്തെമാത്രം ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങൾക്ക് ശുദ്ധജലവിതരണത്തിലുള്ള പ്രതിസന്ധി ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അമ്പലപ്പാറയിൽ നടപ്പാക്കുന്ന ജൽജീവൻ പദ്ധതിയിൽ കുടിവെള്ളകണക്ഷനുകളുടെ എണ്ണം വർധിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതർ പറയുന്നത്. പൈപ്പുപൊട്ടി വെള്ളം പാഴായി അതേസമയം, അമ്പലപ്പാറയിൽ പൈപ്പുപൊട്ടി മണിക്കൂറുകളോളം വൻതോതിൽ വെള്ളം പാഴായത് വിതരണത്തെ സാരമായി ബാധിച്ചു. അമ്പലപ്പാറ പഴയ മാവേലിസ്റ്റോറിനു സമീപമാണ് പൈപ്പുപൊട്ടി വെള്ളം പാഴായത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചുമുതൽ ഏഴരവരെ രണ്ടരമണിക്കൂറോളം വെള്ളം പാഴായി. വീടുകളിൽ വെള്ളമെത്താൻ പ്രയാസം നേരിടുന്നതിനിടെയാണ് പൈപ്പ് പൊട്ടിയത്. തകരാർ പരിഹരിച്ചെങ്കിലും ഇതിനടുത്തായി റോഡിൽത്തന്നെ പൈപ്പുപൊട്ടി വെള്ളം പാഴായിക്കൊണ്ടിരിക്കുന്നുണ്ട്.

വിവിധ പ്രദേശങ്ങളിൽ ടാങ്കറിൽ വെള്ളമെത്തിക്കും
M
MathrubhumiSource Link
about 2 months ago