വിശാല ജലസേചന പദ്ധതിക്കു ശ്രമിക്കും

വിശാല ജലസേചന പദ്ധതിക്കു ശ്രമിക്കും

ഓടായിക്കൽ റഗുലേറ്റർ കം ബ്രിഡ്ജ് To advertise here, മമ്പാട് : ചാലിയാറിലെ ഓടായിക്കൽ റഗുലേറ്റർ കം ബ്രിഡ്ജ് ജലസേചനസൗകര്യത്തിന് പ്രയോജനപ്പെടുത്താൻ വിശാലമായ പദ്ധതി അനിവാര്യമാണെന്ന് വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്തലിങ്ങൽ മുഹമ്മദാലി പറഞ്ഞു. കർഷകരെ തുണയ്ക്കാതെ ഓടായിക്കൽ റഗുലേറ്റർ കം ബ്രിഡ്ജ് എന്ന തലക്കെട്ടിൽ കഴിഞ്ഞദിവസം മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്തയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാലം ഉദ്ഘാടനംകഴിഞ്ഞ് 10 വർഷം കഴിഞ്ഞിട്ടും ജലസേചന പദ്ധതി യാഥാർഥ്യമായില്ലെന്നായിരുന്നു വാർത്ത. അതേസമയം ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾ മുൻകൈയെടുത്ത് സാധ്യമായ നടപടികൾക്ക് ശ്രമങ്ങൾ തുടരുമെന്ന് പന്തലിങ്ങൽ മുഹമ്മദാലി മാതൃഭൂമിയോടു പറഞ്ഞു. ബൃഹത് ജലസേചനപദ്ധതി യാഥാർഥ്യമാക്കാൻ സംസ്ഥാന, കേന്ദ്ര സർക്കാരുകളിൽ സമർദം ചെലുത്തേണ്ടതുണ്ട്. ഇതിനായി കർഷകർ ഉൾപ്പെടെയുള്ളവരുടെ കൂട്ടായ്മകൾ രൂപവത്കരിക്കുന്നത് ഗുണംചെയ്യും. കാർഷിക മേഖലയിലെ സംഘടനകൾ ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. പഞ്ചായത്തിന്റെ മുഴുവൻ പ്രദേശങ്ങളിലും ജലസേചന സൗകര്യമെത്തിക്കാൻ സാധ്യമാകുംവിധം പദ്ധതികൾ ആവിഷ്കരിക്കണം. സംസ്ഥാന, കേന്ദ്ര സർക്കാരുകളിൽ സമർദംചെലുത്താൻ ആവശ്യമായ നടപടികൾ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തു ഭരണസമിതികൾ ചേർന്ന് സ്വീകരിക്കുമെന്നും പന്തലിങ്ങൽ മുഹമ്മദാലി പറഞ്ഞു. നിലവിൽ ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഒരു ഭാഗത്ത് അഞ്ചുമീറ്റർ ഉയരത്തിൽ വെള്ളം കെട്ടിനിർത്തിയിട്ടുണ്ട്. കാർഷികമേഖലയിലെ ജലസേചനസൗകര്യങ്ങൾക്കായി ചെറുകിട ജലസേചനവകുപ്പ് പ്രഥമഘട്ടത്തിൽ 13.5 കോടി രൂപ അനുവദിച്ചിരുന്നു. സർവേ നടപടിക്കും പമ്പ് ഹൗസ്, കിണർ, പമ്പ് ഹൗസ് കെട്ടിടം, വൈദ്യുതീകരണം, കനാലുകളിലൂടെ വെള്ളമെത്തിക്കൽ എന്നിവയാണ് ഒന്നാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, അടങ്കൽ തയ്യാറാക്കിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. ടാണയിൽ കിണറും പമ്പ് ഹൗസും ഒരുക്കി കനാൽ വഴി വെള്ളമെത്തിക്കലായിരുന്നു ലക്ഷ്യം. രണ്ടാംഘട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് കനാലുകൾ നീട്ടി കൂടുതൽ മേഖലകളിൽ വെള്ളമെത്തിക്കാനാകുമെന്നുമായിരുന്നു വിലയിരുത്തൽ. ജലസേചന സൗകര്യമൊരുക്കിയാൽ മേഖലയിൽ വേനലിലും നെൽക്കൃഷിയും പച്ചക്കറിക്കൃഷിയും സാധ്യമാകും. ഇതുവഴി ക്ഷീര കർഷക മേഖലയ്ക്കും സമൃദ്ധിയാകുമെന്നാണ് കർഷകരുടെ വാദം. വേണ്ടത് ഊർജിത നടപടികൾ: :ഓടായിക്കൽ റഗുലേറ്റർ കം ബ്രിഡ്ജ് ജലസേചനപദ്ധതി ഉടൻ യാഥാർഥ്യമാക്കണമെന്ന് സ്വതന്ത്ര കർഷകസംഘം (എസ്.ടി.യു.) മമ്പാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഉദ്ഘാടനംകഴിഞ്ഞ് 10 വർഷം കഴിഞ്ഞിട്ടും കർഷകർക്ക് ഇതിന്റെ പ്രയോജനമുണ്ടായില്ലെന്നതു ഖേദകരമാണ്. ജനപ്രതിനിധികളും കർഷകരുംചേർന്ന് കൂട്ടായ്മകൾ രൂപവത്കരിക്കണം. തദ്ദേശ സ്ഥാപനങ്ങൾ മുഖേന സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്ക് ശുപാർശകൾ നൽകണം. എം.എൽ.എ, എം.പി. മുഖേനയുള്ള ശ്രമങ്ങളും ഊർജിതമായി തുടരേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് കുപ്പനത്ത് അബൂബക്കർ അധ്യക്ഷതവഹിച്ചു. ജനറൽസെക്രട്ടറി ഊർക്കടവത്ത് സിദ്ദിഖ് അലി, പന്തലിങ്ങൽ മുഹമ്മദ്‌ അലി, മുസ്തഫ പുല്ലോട്, കെ. റഷീദ്, കെ. അമാനുള്ള, കെ.ടി. കോയാപ്പു, അക്ബർ കാഞ്ഞിരാല തുടങ്ങിയവർ സംസാരിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിശാല ജലസേചന പദ്ധതിക്കു ശ്രമിക്കും — Mathrubhumi | Boolokam | Boolokam