രാജപുരം : പനത്തടി സെയ്ന്റ് ജോസഫ് ഫൊറോനാ തീർഥാടനദേവാലയത്തിലേക്കുള്ള സാൻജോസ് മഹാതീർഥാടനത്തിന് ആയിരക്കണക്കിന് വിശ്വാസികൾ. മാലോത്ത് സെയ്ന്റ് ജോർജ് ഫൊറോനാ ദേവാലയത്തിൽ നടന്ന തിരുകർമങ്ങൾക്കുശേഷം ബുധനാഴ്ച രാത്രി ഒൻപതോടെ തലശ്ശേരി അതിരൂപതാ മെത്രാപ്പൊലീത്ത മാർ. ജോസഫ് പാംപ്ലാനിയാണ് കാൽനടയായി പുറപ്പെട്ട ആദ്യ തീർഥാടകസംഘത്തിന് നേതൃത്വം നൽകിയത്. To advertise here, ബുധനാഴ്ച രാത്രി 12-ഓടെ പടിമരുത്, പടുപ്പ്, പാണത്തൂർ ദേവാലയങ്ങളിൽനിന്നും അതിരൂപതാ വികാരി ജനറാൾമാരുടെ നേതൃത്വത്തിലുള്ള തീർഥാടകസംഘങ്ങളും പുറപ്പെട്ടു. അതിരൂപതയുടെ കാസർകോട് റീജണിൽ ഉൾപ്പെട്ട വെള്ളരിക്കുണ്ട്, മാലോം, പനത്തടി, കാഞ്ഞങ്ങാട്, കാസർകോട് ഫൊറോനകളിലെ 75 ഇടവക ദേവാലയങ്ങളിൽനിന്നുള്ള വിശ്വാസികളും കണ്ണൂർ-കാസർകോട് ജില്ലകളിലെ വൈദികർ, വൈദികവിദ്യാർഥികൾ എന്നിവരുമാണ് തീർഥാടകസംഘത്തിലുള്ളത്. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെ പനത്തടിയിലെ തീർഥാടനദേവാലയത്തിലെത്തുന്നതരത്തിലാണ് യാത്ര ആസൂത്രണം ചെയ്തത്. മലയോരത്തെ നാല് ദേവാലയങ്ങളിൽനിന്നും നാല് സംഘങ്ങളായി കിലോമീറ്ററുകളോളം ദൂരം രാവിനെ പകലാക്കിയാണ് പതിനായിരത്തിലധികം വിശ്വാസികൾ കാൽനടയായി തീർഥാടനകേന്ദ്രത്തിലെത്തുന്നത്. തുടർന്ന് രാവിലെ നാലിന് നടക്കുന്ന സമൂഹബലിക്ക് മാർ ജോസഫ് പാംപ്ലാനി കാർമികത്വം വഹിക്കും. അതിരൂപതാ വികാരി ജനറാൾമാർ, ചാൻസിലർ ഡോ. ജോസഫ് മുട്ടത്ത്കുന്നേൽ, പ്രൊക്യുറേറ്റർ ഡോ. ജോസഫ് കാക്കരമറ്റം, മുൻ വികാരി ഡോ. ജോസഫ് വാരണത്ത്, ഫൊറോനാ വികാരിമാർ എന്നിവർ സഹകാർമികരാകും. തുടർന്ന് പൊതിച്ചോർ വിതരണവും നടക്കും. തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള സ്ഥിരം തീർഥാടനകേന്ദ്രമായ പനത്തടി ഫൊറോനാ ദേവാലയത്തിലേക്ക് നടത്തുന്ന രണ്ടാമത് തീർഥാടനമാണിത്. തീർഥാടനവഴിയിൽ രാജപുരം, കള്ളാർ, മാലക്കല്ല്, മരുതോംതട്ട്, പ്രാന്തർകാവ് തുടങ്ങിയ സ്ഥലങ്ങളിൽ വിശ്വാസിസമൂഹം തീർഥാടകർക്ക് സ്വീകരണവും ഒരുക്കിയിരുന്നു.

വിശ്വാസനിറവിൽ സാൻജോസ് മഹാതീർഥാടനം; വിശ്വാസികളെ നയിച്ച് മാർ. ജോസഫ് പാംപ്ലാനി
M
MathrubhumiSource Link
about 2 months ago