കൊയിലാണ്ടി : വിഷുനാളിൽ പത്മശാലിയ ത്തെരുവുകൾ പണ്ടാട്ടിയെ വരവേറ്റു. പത്മശാലിയ സമുദായത്തിന്റെ തനതായ അനുഷ്ഠാന ച്ചടങ്ങുകളിലൊന്നാണ് പണ്ടാട്ടി വരവ്. ഉത്തര മലബാറിലെ പലയിടങ്ങളിലും 'പണ്ടാട്ടി വരവ്' ആഘോഷം പ്രാദേശിക ഭേദങ്ങൾക്കനുസരിച്ച് 'ചപ്പകെട്ട്', 'ചോയി കെട്ട്' 'യോഗി പുറപ്പാട്' തുടങ്ങിയ പേരുകളിലാണ് അറിയപ്പെടുന്നത്. പ്രധാനമായും വിഷുനാളിൽ പത്മശാലിയ സമുദായത്തിലാണ് പരമ്പരാഗതമായ ഈ ആചാരാഘോഷം അരങ്ങേറുന്നത്. ശിവനും പാർവതിയും സഹായിയും എന്ന രീതിയിൽ മൂന്നുപേർ വേഷംകെട്ടും. ഒരാൾ യോഗിയാണ് എന്നാണ് സങ്കല്പം. ഈ യോഗി ജനങ്ങൾക്ക് അസുഖങ്ങൾക്ക് മരുന്ന് കുറിച്ചുകൊടുക്കുകയും സ്വന്തമായരീതിയിൽ പച്ചമരുന്നുകൾ വിതരണം ചെയ്യുകയും ചെയ്യാറുണ്ടായിരുന്നു. To advertise here, തെരുവുകളിലെ വീടുകൾതോറും കയറിയിറങ്ങുന്ന പണ്ടാട്ടികൾ വഴിയിൽ കാണുന്നവരെയും അനുഗ്രഹിക്കും. പണ്ടാട്ടി വീടുകളിൽ എത്തുന്നതിനു മുൻപ് ചാണകംതളിച്ച് വീടുംപരിസരവും ശുദ്ധി വരുത്തും. വിഷുദിവസം വൈകീട്ടാണ് ആഘോഷം. പ്രദേശത്തെ ഗണപതിക്ഷേത്രത്തിൽനിന്നാണ് തുടക്കംകുറിക്കുക. കുടുംബകാരണവന്മാരുടെ വീടുകളിലെ സന്ദർശനത്തിനുശേഷം മറ്റുവീടുകളിൽ സാന്നിധ്യമറിയിക്കും. ഉണങ്ങിയ വാഴയിലയാണ് പ്രധാനവേഷം. ശിരസ്സിൽ കിരീടം, വെള്ളരി വട്ടത്തിൽ മുറിച്ചുവെച്ച കാതലങ്കാരം, ചകിരികൊണ്ടുള്ള മീശ എന്നിവയാണ് വേഷവിതാനം. പണ്ടാട്ടിയെ വരവേൽക്കാൻ വീടുകൾ ശുചിയാക്കി പുൽപ്പായ, നിലവിളക്ക്, വെള്ളരി, നാളികേരം, മധുരപ്പം എന്നിവ ഒരുക്കിവെക്കും. പണ്ടാട്ടിയെ സഹായിയും ജനങ്ങളും പിന്തുടരും. വീടുകളിലെത്തുന്ന പണ്ടാട്ടിയെ പടക്കം പൊട്ടിച്ച് സ്വീകരിക്കും. വീട്ടുകാർക്ക് അനുഗ്രഹം നൽകി ഇറങ്ങുമ്പോൾ വിഭവങ്ങൾ ശേഖരിക്കാനായി കൂടെ 'പണ്ടാരം' എന്ന സഹായി ഉണ്ടാവും. ദേശ പ്രദക്ഷിണത്തിനുശേഷം ക്ഷേത്രത്തിൽ തന്നെ തിരിച്ചെത്തിയാൽ ആഘോഷം സമാപിച്ചു. കീഴരിയൂർ നടുവത്തൂർ ആച്ചേരിതെരു മഹാഗണപതിക്ഷേത്രത്തിൽ വിഷുദിനത്തിൽ പണ്ടാട്ടി വരവ് ഭക്തിനിർഭരമായി നടത്തി. ശിവനും പാർവതിയും വേഷംമാറി ജനങ്ങളുടെ ഇടയിൽ ക്ഷേമാന്വേഷണത്തിന് എത്തുന്നു എന്നതാണ് ഇതിനു പുറകിലുള്ള ഐതിഹ്യം. തുടർന്ന് നിലവിളക്ക് കത്തിച്ചുവെച്ച് പണ്ടാട്ടിയെ സ്വീകരിച്ച് അനുഗ്രഹം വാങ്ങുന്നു. മൂടാടി തെരുവിൽ യോഗി പുറപ്പാട് മൂടാടി : വിഷുത്തലേന്ന് കാവിൽ അരിചൊരിയൽ. വിഷുദിനത്തിൽ സദ്യകഴിഞ്ഞ് നാട്ടുകൂട്ടം ഒത്തുചേർന്ന് തെന്നാരംപാട്ട്. സന്ധ്യയോടെ യോഗി പുറപ്പാട്. മൂടാടി തെരുവിലെ വിഷു ആഘോഷത്തിന് വേറിട്ട ആചാരങ്ങളാണ്. കൃഷി ആരംഭത്തിന്റെ ആഘോഷത്തിന് പാർവതീസമേതനായി പരമശിവൻ വേഷപ്രച്ഛന്നനായി വീടുകൾ സന്ദർശിച്ച് ഐശ്വര്യംനേരുന്നു എന്നാണ് സങ്കല്പം. 10 വയസ്സിന് താഴെയുള്ള കുട്ടികളാണ് വേഷധാരികൾ. കാവിനുള്ളിൽവെച്ച് മുതിർന്നവർ ആചാരപ്രകാരമുള്ള വേഷം ധരിപ്പിക്കുന്നു. തുടർന്ന് ആർപ്പുവിളിയോടെ യോഗി പുറപ്പാട്. ദീപാരാധനസമയത്ത് ഭഗവതിക്ഷേത്രം മൂന്നുതവണ വലംവെച്ച് ഊരുചുറ്റൽ. വീട്ടുകാർ നിറനാഴിയും നിലവിളക്കുംവെച്ച് സ്വീകരിക്കുന്നു. ‘മാങ്ങ, നാളികേരം, പനസം കൊണ്ടത്താ...’ ആർപ്പുവിളികളുമായി ഒട്ടേറെപ്പേരാണ് കൂടെയുണ്ടാവുക. വീട്ടുകാർ പടക്കംപൊട്ടിച്ചും പൂത്തിരിയും ചൂളപ്പൂവും കത്തിച്ചും സ്വീകരണം ഭംഗിയാക്കും. ഊരുചുറ്റൽ പൂർത്തിയാക്കി മൂടാടിത്തെരു മഹാഗണപതി ക്ഷേത്രത്തിനുമുന്നിൽ പരിപാടി സമാപിക്കുമ്പോഴേക്കും സമയം രാത്രി പത്തുമണി കഴിയും. കാലങ്ങളായുള്ള ആചാരത്തിന് പുതുതലമുറയുടെ പങ്കാളിത്തം വേണ്ടപോലെ ലഭിക്കുന്നില്ലെന്ന പരിഭവം സംഘാടകർക്കുണ്ട്. തെന്നാരംപാട്ടിനും വേഷമൊരുക്കുന്നതിനും പഴമക്കാർതന്നെയാണ് ഇപ്പോഴുള്ളത്. ദേശപ്പെരുമയുടെ അടയാളമായ ആചാരം നിലനിർത്തുന്നതിന് ന്യൂജെൻ പങ്കാളിത്തം കുറേക്കൂടി വേണമെന്നാണ് പഴമക്കാർ പറയുന്നത്. ഇല്ലെങ്കിൽ ഗ്രാമസംസ്കൃതിയുടെ ഒരു അടയാളംകൂടി മാഞ്ഞുപോകുമെന്ന ആശങ്കയാണ് അവർ പങ്കുവെക്കുന്നത്. പണ്ടാട്ടിവരവ് നടത്തി നടുവണ്ണൂർ : പുതിയതെരു മഹാഗണപതി ക്ഷേത്രത്തിൽ വിഷു ആഘോഷത്തോടനുബന്ധിച്ച് പണ്ടാട്ടിവരവ് നടത്തി. ക്ഷേത്രമുറ്റത്തുനിന്ന് ആരംഭിച്ച വരവ് ഊരുചുറ്റി സമീപത്തെ വീടുകളിൽ ദിവ്യൗഷധം വിതരണംചെയ്തു. പാലാഴിമഥനശേഷം ദേവന്മാർ അമൃത് വിതരണംചെയ്ത ഐതിഹ്യവുമായി ബന്ധപ്പെട്ടായിരുന്നു ദിവ്യൗഷധവിതരണം. തറോൽ ശശി, വി.സി. അശ്വന്ത, അർജുൻ എന്നിവർ നേതൃത്വംനൽകി.

വിഷുനാളിൽ ശാലിയത്തെരുവുകൾ പണ്ടാട്ടിയെ വരവേറ്റു
M
MathrubhumiSource Link
23 days ago