ഏച്ചൂർ: മഞ്ഞക്കണിക്കൊന്ന പൂക്കുന്ന കാലത്ത്, വിഷുവിനെ വരവേൽക്കാൻ കണിക്കലങ്ങളുമായി ദമ്പതിമാർ വീണ്ടും കണ്ണൂരിലെത്തി. പാലക്കാട് ആലത്തൂരിലെ ചിറ്റിലഞ്ചേരിയിൽനിന്നുള്ള മണികണ്ഠനും തങ്കവുമാണ് മൺകല വില്പനയ്ക്കെത്തിയത്. 30 വർഷമായി കണ്ണൂരിലെ വിഷുവിപണിയിൽ മൺപാത്ര വില്പനയുമായി സ്ഥിരംസാന്നിധ്യമാണ് ഈ ദമ്പതിമാർ. To advertise here, കളിമണ്ണിൽ മെനഞ്ഞ പാരമ്പര്യത്തിന്റെ കരുത്തുമായാണ് ഇവർ ഇത്തവണയും എത്തിയിരിക്കുന്നത്. വിഷുവിന് കണിവെക്കാൻ മൺചട്ടികൾ വേണമെന്നത് മലയാളിയുടെ നിർബന്ധമാണ്. കണി വെക്കാനുള്ള ഉരുളികൾക്കും ചെറിയ ചട്ടികൾക്കും ഇത്തവണ ആവശ്യക്കാർ ഏറെയാണ്. കണ്ണൂരിലെ ഉത്സവപ്പറമ്പുകളിലും കാവുകളിലും ഇവരെത്തിക്കുന്ന 'മൺകലങ്ങൾ' ഭക്തിയുടെയും സംസ്കാരത്തിന്റെയും ഭാഗമാണ്. അണ്ടലൂർകാവിലെ ഒരുമാസത്തെ കച്ചവടത്തിനുശേഷം, വിഷുവിനെ വരവേൽക്കാൻ കണിക്കലങ്ങളുടെ വലിയശേഖരം തന്നെ ഇവർ ഒരുക്കിയിട്ടുണ്ട്. വെറും പാത്രങ്ങളല്ല ഇവർ വിൽക്കുന്നത്, മറിച്ച് ആരോഗ്യത്തിന്റെ ഒരുസംസ്കാരം കൂടിയാണ്. ചൂളയിൽവെച്ച് കൃത്യമായി ചുട്ടെടുക്കുന്നതിനാൽ ഈ പാത്രങ്ങൾക്ക് ഉറപ്പ് കൂടുതലാണ്. 1995-ലാണ് മണികണ്ഠനും തങ്കവും ആദ്യമായി കണ്ണൂരിലെത്തിയത്. ഏച്ചൂർ കേന്ദ്രീകരിച്ച് 20 വർഷത്തോളമായി ഇവർ കച്ചവടം നടത്തി വരുന്നു. ‘കണ്ണൂർ ഞങ്ങൾക്ക് മറ്റൊരു വീടാണ്. ഇവിടത്തെ ഉത്സവങ്ങളും ആളുകളുടെ സ്നേഹവുമാണ് ഇത്രയുംകാലം ഞങ്ങളെ ഇവിടെ നിലനിർത്തിയത് -മണികണ്ഠൻ പറയുന്നു. മൺചട്ടിയിൽ വെക്കുന്ന മീൻകറിയുടെയും ചോറിന്റെയും രുചി മറ്റൊരു പാത്രത്തിനും നൽകാനാകില്ല. ചൂട് സാവധാനം പകരുന്നത് ഭക്ഷണത്തിന്റെ പോഷകഗുണങ്ങൾ നഷ്ടപ്പെടാതെ സംരക്ഷിക്കുകയും ചെയ്യുന്നു. കണി വെക്കുന്ന ഉരുളികൾ മുതൽ വലിയ കലങ്ങൾ വരെ ഇവരുടെ കൈയിലുണ്ട്. ഇതിൽ 80 രൂപ മുതൽ 500 രൂപ വരെയുള്ള പാത്രങ്ങളുണ്ട്. വേനൽ കടുത്തതോടെ മൺകൂജകൾക്ക് ആവശ്യക്കാർ ഏറെയാണെന്നും ഇവർ പറഞ്ഞു. കൊതുകുശല്യം നേരിടാൻ വേപ്പിലയും മറ്റും ഇട്ട് പുകയ്ക്കാൻ ഉപയോഗിക്കുന്ന പ്രത്യേക പാത്രങ്ങൾക്കും ആവശ്യക്കാരുണ്ട്. മീൻകറിവെക്കാനുള്ള ചട്ടികൾ, കലങ്ങൾ, വറവ് ചട്ടികൾ, ചിരാതുകൾ എന്നിവയുടെ വലിയശേഖരം തന്നെ ഇവരുടെ പക്കലുണ്ട്. കണ്ണൂരിൽ മൺപാത്രനിർമാണം വളരെ കുറവാണ്. അതുകൊണ്ടാണ് പാലക്കാട്ടുനിന്ന് ഇവിടേക്ക് പാത്രങ്ങൾ എത്തിക്കുന്നത്. ഇതൊരു കുടിൽ വ്യവസായമായി ഇവർ കൊണ്ടുനടക്കുന്നു. മാർച്ചിൽ തുടങ്ങുന്ന കച്ചവടം വിഷുവരെ ഉഷാറായി മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷ. ഒരുമാസത്തെ കച്ചവടം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോഴും മണികണ്ഠനും തങ്കവും ഒരുകാര്യത്തിൽ ഉറച്ചുനിൽക്കുന്നു -തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യണം. ജനാധിപത്യത്തിന്റെ വലിയ ഉത്സവം നാട്ടിൽ നടക്കുമ്പോൾ അതിൽ പങ്കെടുക്കാൻ ഇവർ നാട്ടിലേക്ക് പോകും. അതിനുശേഷം വീണ്ടും കളിമണ്ണിന്റെ മണമുള്ള കച്ചവടവുമായി ഇവർ തിരിച്ചെത്തും.

വിഷുവിനെ വരവേൽക്കാൻ കണിക്കലങ്ങളുമായി ദമ്പതിമാർ
M
MathrubhumiSource Link
about 1 month ago