അയിഷാപോറ്റി പൊരുതിവീണു... To advertise here, കൊട്ടാരക്കര :1970-ൽ കൊട്ടറ ഗോപാലകൃഷ്ണനുശേഷം കൈപ്പത്തി ചിഹ്നത്തിൽ കൊട്ടാരക്കരയിൽ ഒരു എം.എൽ.എ. എന്ന സ്വപ്നം പടിക്കൽ വീണുടഞ്ഞതിന്റെ നിരാശയിലാണ് കോൺഗ്രസ്. ശക്തമായ പോരാട്ടമാണ് അയിഷാപോറ്റി നടത്തിയത്. ഒരു ഘട്ടത്തിൽ വിജയിക്കുമെന്നു തോന്നിപ്പിച്ചെങ്കിലും കേരളമാകെ വീശിയ യു.ഡി.എഫ്. തരംഗത്തിൽ കൊട്ടാരക്കര കൂടിയില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 57,963 വോട്ടാണ് യു.ഡി.എഫ്. സ്ഥാനാർഥിയായിരുന്ന ആർ. രശ്മിക്കു ലഭിച്ചത്. ഇക്കുറി 62,914 വോട്ടുകൾ നേടിയ അയിഷാപോറ്റി വിജയത്തിന്റെ പടിവാതിലിൽവരെ എത്തി. 4,971 വോട്ടുകൾ അധികം നേടി. കെ.എൻ. ബാലഗോപാലിന്റെ ഭൂരിപക്ഷം 1012-ൽ ഒതുക്കാനും സാധിച്ചു. സംസ്ഥാനത്ത് യു.ഡി.എഫ്. വിസ്മയമെന്നാണ് അയിഷാപോറ്റിയുടെ വരവിനെ വി.ഡി. സതീശൻ വിശേഷിപ്പിച്ചത്. സി.പി.എം.വിട്ട് യു.ഡി.എഫിൽചേർന്നു മത്സരിച്ച ജി. സുധാകരൻ ഉൾപ്പെടെയുള്ള മറ്റു വിസ്മയങ്ങൾ വിജയിച്ചപ്പോൾ അയിഷാപോറ്റിയുടെ പരാജയം തിരിച്ചടിയായി. മൂന്നുതവണ എം.എൽ.എ. ആയിട്ടും സി.പി.എം.വിട്ട് എതിർചേരിയിൽ മത്സരിച്ച അയിഷാപോറ്റിയുടെ തോൽവി കൊട്ടാരക്കരയിൽ സി.പി.എമ്മിന് ആശ്വാസവുമായി. പ്രഭ മങ്ങി രശ്മി :സി.പി.എം. നേതാവായിരുന്ന അയിഷാപോറ്റി കോൺഗ്രസ് വിസ്മയമായപ്പോൾ കോൺഗ്രസ് നേതാവായിരുന്ന ആർ. രശ്മിയെ പാർട്ടിയിലെത്തിച്ചാണ് ബി.ജെ.പി. വിസ്മയം കാട്ടിയത്. എന്നാൽ തിരഞ്ഞെടുപ്പിൽ രശ്മിയുടെ പ്രഭ മങ്ങി. 2021-ലെ തിരഞ്ഞെടുപ്പിൽ പാർട്ടിക്കു ലഭിച്ച 21,223 വോട്ടുപോലും നേടാൻ ആർ. രശ്മിക്കു കഴിഞ്ഞില്ല. 20,644 വോട്ടാണ് ബി.ജെ.പിക്കു ലഭിച്ചത്. കുറഞ്ഞത് 25,000 വോട്ടെങ്കിലും നേടുമെന്നും മുപ്പതിനായിരം കടക്കുമെന്നുമൊക്കെ ആയിരുന്നു നേതൃത്വത്തിന്റെ പ്രതീക്ഷ. നെടുവത്തൂർ പഞ്ചായത്ത് ഭരണവും മറ്റു പഞ്ചായത്തുകളിലും നഗരസഭയിലും ജനപ്രതിനിധികളുമുള്ള ബി.ജെ.പിക്ക് മികച്ച സ്ഥാനാർഥിയെക്കൂടി ലഭിച്ചതോടെ വോട്ടെണ്ണത്തിൽ കാര്യമായ വർധനയുണ്ടാകുമെന്നായിരുന്ന പ്രതീക്ഷ. മണ്ഡലത്തിൽ കോൺഗ്രസ് വിജയത്തെ തടയാൻ രശ്മിക്കു കഴിഞ്ഞോ എന്ന ചോദ്യമുയരുന്നു. ബൂത്ത് തിരിച്ചുള്ള കണക്കെടുപ്പുകൾ അവലോകനം ചെയ്യുന്നതോടെ വോട്ടുചോർച്ച ഉൾപ്പെടെ ഒട്ടേറെ രാഷ്ട്രീയചോദ്യങ്ങൾക്ക് ബി.ജെ.പി. ഉത്തരം നൽകേണ്ടിവരും.
