വീട്ടമ്മമാർക്ക് ഫ്രിഡ്ജ്, കുടുംബത്തിന് 10,000 രൂപ

വീട്ടമ്മമാർക്ക് ഫ്രിഡ്ജ്, കുടുംബത്തിന് 10,000 രൂപ

M
MathrubhumiSource Link
അണ്ണാ ഡി.എം.കെ.യുടെ തിരഞ്ഞെടുപ്പു വാഗ്ദാനം To advertise here, ചെന്നൈ : റേഷൻകാർഡ് ഉടമകളായ വീട്ടമ്മമാർക്ക് സൗജന്യമായി റെഫ്രിജറേറ്റർ നൽകുമെന്ന് അണ്ണാ ഡി.എം.കെ.യുടെ തിരഞ്ഞെടുപ്പു വാഗ്ദാനം. വിലക്കയറ്റവും നികുതിഭാരവും നേരിടാൻ എല്ലാ കുടുംബങ്ങൾക്കും 10,000 രൂപ, കാർഡൊന്നിന് ഒരുകിലോ പരിപ്പ്, ഒരു കിലോ ഭക്ഷ്യ എണ്ണ എന്നിങ്ങനെ 297 വാഗ്ദാനങ്ങളടങ്ങിയ പ്രകടനപത്രികയാണ് പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി ചൊവ്വാഴ്ച പുറത്തിറക്കിയത്. അധികാരത്തിൽവന്നാൽ കുടുംബനാഥകൾക്ക് മാസം 2000 രൂപവീതം നൽകുമെന്നും സിറ്റി ബസുകളിൽ പുരുഷന്മാർക്കും സൗജന്യ യാത്ര അനുവദിക്കുമെന്നും സൗജന്യമായി വർഷം മൂന്ന് ഗ്യാസ് സിലിൻഡർ നൽകുമെന്നും പാർട്ടി നേരത്തേ പ്രഖ്യാപിച്ചിരുന്നു. വീടില്ലാത്ത ഗ്രാമീണർക്കെല്ലാം കോൺക്രീറ്റ് വീടുവെച്ചുനൽകും, ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ വർഷം 150 ദിവസം ജോലി നൽകും തുടങ്ങിയതാണ് മറ്റു പ്രഖ്യാപനങ്ങൾ. വീട്ടിൽ സ്ത്രീകളുടെ ജോലിഭാരം കുറയ്ക്കുന്നതിനാണ് റെഫ്രിജറേറ്റർ നൽകുന്നതെന്ന് പ്രകടനപത്രികയിൽ പറയുന്നു. അരി ലഭിക്കുന്നതിനുള്ള റേഷൻകാർഡുള്ള വീട്ടമ്മമാർക്കാണ് ഈ സൗജന്യം ലഭിക്കുക. സൗജന്യ പാചകവാതകം, പരിപ്പ്, ഭക്ഷ്യഎണ്ണ എന്നിവയും ഈ കാർഡുള്ളവർക്കാണ് കിട്ടുക. 2011-ലെ തിരഞ്ഞെടുപ്പു വാഗ്ദാനമനുസരിച്ച് ജയലളിതയുടെ കാലത്ത് അണ്ണാ ഡി.എം.കെ. സർക്കാർ സൗജന്യമായി മിക്‌സി, ഫാൻ, ഗ്രൈൻഡർ എന്നിവ നൽകിയിരുന്നു. 2006-ൽ എം. കരുണാനിധിയുടെ ഡി.എം.കെ. സർക്കാർ കളർടെലിവിഷനാണ് നൽകിയത്. അതേ മാതൃകയാണ് അണ്ണാ ഡി.എം.കെ. ഇത്തവണ കൈക്കൊള്ളുന്നത്. സംസ്ഥാനത്തെ ഓരോ വീട്ടിലെയും കുടുംബനാഥയ്ക്ക് മാസം 1000 രൂപവീതം നൽകുന്ന പദ്ധതി ഡി.എം.കെ. സർക്കാർ നടപ്പാക്കിയിട്ടുണ്ട്. ‘മകളീർ കുലവിളക്കു തിട്ടം’ പ്രകാരം അത് 2000 രൂപയാക്കുമെന്നാണ് അണ്ണാ ഡി.എം.കെ.യുടെ വാഗ്ദാനം. തമിഴ്‌നാട്ടിലെ സിറ്റി ഓർഡിനറി ബസുകളിൽ ഇപ്പോൾ സ്ത്രീകൾക്ക് സൗജന്യമായി യാത്രചെയ്യാം. ഈ സൗജന്യം പുരുഷന്മാർക്കുകൂടി വ്യാപിപ്പിക്കുമെന്നതാണ് മറ്റൊരു വാഗ്ദാനം. അമ്മ ഭവനപദ്ധതിപ്രകാരം ഗ്രാമീണമേഖലയിലെ മുഴുവൻ ഭവനരഹിതർക്കും കോൺക്രീറ്റ് വീട് നിർമിച്ചുനൽകും. അതിനാവശ്യമായ സ്ഥലവും സർക്കാർ വാങ്ങിച്ചുനൽകും. അമ്മ ഇരുചക്രവാഹന പദ്ധതിപ്രകാരം അഞ്ചുലക്ഷം സ്ത്രീകൾക്ക് ഇരുചക്ര വാഹനങ്ങൾ വാങ്ങാൻ 25,000 രൂപവീതം സബ്‌സിഡി നൽകും. ഡി.എം.കെ. ഭരണത്തിൽ അഴിമതിയും അക്രമങ്ങളും മയക്കുമരുന്നുകടത്തും പെരുകിയെന്നും ജനങ്ങളുടെ ജീവിതഭാരം വർധിച്ചെന്നും പ്രകടനപത്രിക കുറ്റപ്പെടുത്തുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വീട്ടമ്മമാർക്ക് ഫ്രിഡ്ജ്, കുടുംബത്തിന് 10,000 രൂപ — Mathrub… | Boolokam