ചാവക്കാട്: എടക്കഴിയൂരിൽ വീട്ടിലെ പ്രസവത്തിൽ നവജാതശിശു മരിച്ചതിനുപിന്നാലെഅമ്മയും മരിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റുചെയ്തു. ചാവക്കാട് എടക്കഴിയൂർ ഹൈസ്കൂളിനു സമീപം കല്ലുവളപ്പിൽ ഇബ്രാഹി(43)മിനെയാണ് ചാവക്കാട് എസ്.എച്ച്.ഒ. എൻ.എസ്. രാജീവിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യയ്ക്കാണ് കേസെടുത്തത്. ഇയാൾ താമസിക്കുന്ന വീട് പോലീസ് നേരത്തേ സീൽചെയ്തിരുന്നു. To advertise here, ഇബ്രാഹിമിന്റെ ഭാര്യ മുഹ്സിന(37)യുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ പോലീസ്‌സർജൻ ഡോ. ടി.എസ്. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിലുള്ള ഫോറൻസിക് സംഘം പോലീസിനു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഗർഭകാലത്തും പ്രസവസമയത്തും ശേഷവും മതിയായ ചികിത്സ നൽകാതിരുന്നതിനെത്തുടർന്നുണ്ടായ അണുബാധയാണ് മുഹ്സിനയുടെ മരണത്തിനു കാരണമെന്ന ഫോറൻസിക് സംഘത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വ്യാഴാഴ്ചയാണ് മുഹ്‌സിന മരിച്ചത്. ജനുവരി 10-നാണ് ഇബ്രാഹിം-മുഹ്‌സിന ദമ്പതിമാരുടെ നവജാത ശിശു ജനിച്ച് നാലാംനാൾ മരിച്ചത്. ഈ കുഞ്ഞ് മരിച്ചതും ചികിത്സകിട്ടാതെയാണെന്ന് ആരോപിച്ച് ചാവക്കാട് പോലീസിൽ പുതുപൊന്നാനി സ്വദേശിയായ പൊതുപ്രവർത്തകൻ പാലയ്ക്കൽ ഹംസത്ത് മുഹമ്മദ് പരാതി നൽകിയിരുന്നു. മുഹ്‌സിനയുടെ ഏഴാമത്തെ പ്രസവമായിരുന്നു ഇത്. നേരത്തേയും ഇവരുടെ രണ്ടു കുട്ടികൾ മരിച്ചിരുന്നു. പ്രസവത്തെത്തുടർന്നുള്ള അണുബാധയെത്തുടർന്ന് ആന്തരികാവയവങ്ങളിലുൾപ്പെടെ പഴുപ്പുബാധിച്ചാണ് മുഹ്‌സിന കഴിഞ്ഞദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണത്തിനു കീഴടങ്ങിയത്. മുഹ്‌സിനയുടെ ആരോഗ്യനില മോശമായിട്ടും ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകാൻ ഭർത്താവ് തയ്യാറായില്ല. അക്യുപങ്ചർ ചികിത്സ പിൻതുടരുന്ന ഇബ്രാഹിം മറ്റ് ചികിത്സകളൊന്നും നൽകാൻ തയ്യാറായില്ലെന്നു പറയുന്നു. മുഹ്‌സിനയുടെ വീട്ടുകാരെത്തിയാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയത്. മുഹ്‌സിനയുടെ മരണത്തിൽ അസ്വാഭാവികമരണത്തിനുമാത്രമാണ് പോലീസ് ആദ്യം കേസെടുത്തത്. ഇബ്രാഹിമിനും കുടുംബത്തിനുമെതിരേ തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകുമെന്ന് മുഹ്‌സിനയുടെ കുടുംബം അറിയിച്ചിരുന്നു. എന്നാൽ, കമ്മിഷണറെ ശനിയാഴ്ച നേരിൽക്കാണാൻ കഴിയാതിരുന്നതിനാൽ അടുത്ത ദിവസം കമ്മിഷണർക്കും തൃശ്ശൂർ എസ്.പി.ക്കും പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു. മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. റൂറൽ ജില്ലാ പോലീസ് മേധാവിയും ജില്ലാ മെഡിക്കൽ ഓഫീസറും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. Content Highlights: Husband arrested for culpable homicide not amounting to murder., Death caused by severe infection due to lack of medical care., Human Rights Commission initiated a suo motu case., Victim was denied hospital treatment during and after pregnancy. Published: 22 Mar 2026, 08:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വീട്ടിലെ പ്രസവത്തിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം: ചികിത്സ നൽകിയില്ലെന്ന് ആരോപണം; ഭർത്താവ് അറസ്റ്റിൽ
M
MathrubhumiSource Link
about 2 months ago