വീട്ടുജോലിയെന്ന കാണാപ്പണി

വീട്ടുജോലിയെന്ന കാണാപ്പണി

M
MathrubhumiSource Link
Last Updated: 21 March 2026, 11:14 PM IST വീട്ടുജോലികൾ ചെയ്യുകയെന്നത് സ്ത്രീകളുടെമാത്രം ചുമതലയല്ലെന്ന തിരിച്ചറിവ് ആൺകുട്ടികളിലുണ്ടാകാനാവശ്യമായ ബോധവത്കരണമാണ് നടക്കേണ്ടത്  വിവാഹം കഴിക്കുന്നത് വീട്ടുജോലിക്കല്ലെന്നും ഭാര്യ ഭക്ഷണം പാകംചെയ്യാൻ വിസമ്മതിച്ചത് ക്രൂരതയായി കാണാനാവില്ലെന്നും രാജ്യത്തെ പരമോന്നത നീതിപീഠത്തിന് 2026-ലും പറയേണ്ടിവരുന്നത് അത്തരം ആൺകോയ്മചിന്താഗതികൾക്ക് ഇന്നും സമൂഹത്തിലുള്ള സ്വീകാര്യത കാരണമാണ്. ഒട്ടൊരു തമാശയായാണ് കോടതി ഉത്തരവ് മലയാളികൾക്കിടയിൽപ്പോലും പങ്കുവെക്കപ്പെട്ടിട്ടുള്ളത് എന്നതും അവഗണിക്കാവുന്ന കാര്യമല്ല. ഇതൊക്കെ കോടതി പറയേണ്ടതുണ്ടോ ‘ഞങ്ങൾ സഹായിക്കാറുണ്ടല്ലോ’ എന്ന ആൺപ്രതികരണങ്ങൾക്കും കുറവുണ്ടായിരുന്നില്ല. ഗാർഹികജോലിയും കുട്ടികളുടെയും മുതിർന്നവരുടെയും പരിചരണവും സ്ത്രീകളുടെ ചുമതലയാണെന്നുതന്നെയാണ് ഈ ‘സഹായി’കളും വിശ്വസിച്ചുപോരുന്നത്. സഹായിക്കുക എന്നതിനുപകരം അതൊക്കെയും തന്റെയും ഉത്തരവാദിത്വമെന്ന തിരിച്ചറിവോടെയുള്ള പങ്കുവെക്കലാണ് കുടുംബത്തിൽ തുല്യത കൊണ്ടുവരുന്നത്. ഒരുകാലത്ത് ഗാർഹികജോലികൾമാത്രം ചെയ്തു വീട്ടിലിരുന്ന സ്ത്രീകൾ ഇന്ന് വലിയതോതിൽ പുറത്തേക്കിറങ്ങിയിട്ടുണ്ട്. വലുതും ചെറുതുമായ തൊഴിൽചെയ്ത് നല്ലൊരുശതമാനം സ്ത്രീകളും സ്വന്തം വരുമാനം കണ്ടെത്തുന്നുണ്ട്. കുടുംബശ്രീ വഴി ലഭ്യമായ തൊഴിലവസരങ്ങളും തൊഴിലുറപ്പുപദ്ധതിയുമെല്ലാം ഇത്തരത്തിൽ സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം കൂട്ടുന്ന ഘടകങ്ങളാണ്. പൊതുരംഗത്തുള്ള സ്ത്രീകളുടെ സാന്നിധ്യവും വലിയരീതിയിൽ മാറി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 50 ശതമാനം സ്ത്രീസംവരണം വന്നതോടെ പ്രാദേശികഭരണരംഗത്തും അവരുടെ ഇടപെടൽ ശക്തമായി. അതേസമയം, തൊഴിലായാലും പൊതുപ്രവർത്തനമായാലും രാഷ്ട്രീയപ്രവർത്തനമായാലും വീട്ടുജോലികളൊക്കെയും ചെയ്തുതീർത്ത് ഇറങ്ങുകയല്ലാതെ സ്ത്രീകളുടെ മുന്നിൽ വേറേ വഴികളില്ല. വൈകുന്നേരങ്ങളിൽ വീടെത്താൻ തിടുക്കപ്പെട്ടോടുന്ന സ്ത്രീകൾ അവിടെ അവരെ കാത്തിരിക്കുന്ന പലവിധ ജോലികൾകൂടി ഓർമ്മിപ്പിക്കുന്നുണ്ട്. വീട്ടിലും പുറത്തും തൊഴിൽചെയ്ത് ഉറങ്ങുമ്പോൾമാത്രം വിശ്രമമെന്തെന്ന് അറിയുന്നവരാണ് ഭൂരിഭാഗം സ്ത്രീകളുമെന്നതാണ് യാഥാർഥ്യം. തുണിക്കടകളിലും ജൂവലറികളിലും വ്യാപാരസ്ഥാപനങ്ങളിലും ഇരിക്കാൻപോലും അവകാശമില്ലാതെ മണിക്കൂറുകൾ ജോലിചെയ്ത് വീടെത്തുന്നവർ നേരേ പോകേണ്ടിവരുന്നത് അടുക്കളകളിലേക്കാണ്. ഇതേ ജോലിചെയ്യുന്ന പുരുഷന്മാർ വീട്ടിലെത്തിയാലുള്ള സ്ഥിതി അതല്ലെന്നും നമുക്കറിയാം. ഇരട്ടജോലിയെ വളരെ സ്വാഭാവികമായി കാണാൻ സ്ത്രീകളും അവർക്കുചുറ്റുമുള്ളവരും ശീലിച്ചുകഴിഞ്ഞു. തൊഴിലെന്താ എന്ന ചോദ്യത്തിന് ഒന്നുമില്ല എന്ന മറുപടി, വീട്ടുജോലിയെന്ന കാണാപ്പണിയെക്കുറിച്ച് സ്ത്രീകൾക്കുപോലും ബോധ്യമില്ലാത്തതുകൊണ്ടാണ്. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ 2024-ലെ ടൈം യൂസ് സർവേ അനുസരിച്ച് 289 മിനിറ്റാണ് ഇന്ത്യൻസ്ത്രീ ദിവസം ഗാർഹികജോലികൾക്കായി മാറ്റിവെക്കുന്നത്. പുരുഷന്മാർ 88 മിനിറ്റുമാത്രവും. 15-നും 59-നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ കാര്യത്തിലിത് 305 മിനിറ്റായി കൂടുന്നുണ്ട്. സ്ത്രീകൾ 137 മിനിറ്റ്‌ കുട്ടികളുടെയും മുതിർന്നവരുടെയും പരിചരണത്തിന് ചെലവഴിക്കുമ്പോൾ പുരുഷന്മാർ 75 മിനിറ്റാണ് മാറ്റിവെക്കുന്നത്. വീട്ടുജോലികൾ ചെയ്യുകയെന്നത് സ്ത്രീകളുടെമാത്രം ചുമതലയല്ലെന്ന തിരിച്ചറിവ് ആൺകുട്ടികളിലുണ്ടാവാനാവശ്യമായ ബോധവത്കരണമാണ് നടക്കേണ്ടത്. ചെറുപ്രായത്തിൽത്തന്നെ സാധ്യമായ വീട്ടുജോലികളിൽ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തണം. വിവേചനപരമായ വാർപ്പുമാതൃകകൾ പൊളിച്ച്, പാഠപുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും തുല്യതയുടെ സൗന്ദര്യത്തെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തണം. വരുംതലമുറയിലെങ്കിലും മാറ്റംകൊണ്ടുവരാനായാൽ വീടും നാടും കൂടുതൽ ജനാധിപത്യപരമാവും എന്നതിൽ സംശയമില്ല. To advertise here, Published: 21 Mar 2026, 11:14 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വീട്ടുജോലിയെന്ന കാണാപ്പണി — Mathrubhumi | Boolokam | Boolokam