പേരാമ്പ്ര : ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് നാലാംബ്ലോക്കിൽ വീട്ടുമുറ്റത്തെത്തി ഓട്ടോഷെഡ് തകർക്കാൻശ്രമിക്കവേ ഇരുമ്പുതൂൺ തുളച്ചുകയറി കാട്ടാന ചരിഞ്ഞു. പയ്യാനിക്കോട്ട കിഴക്കെ ഇല്ലപറമ്പിൽ കണാരന്റെ വീട്ടുപറമ്പിൽ ബുധനാഴ്ച വിഷുദിനത്തിൽ പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. To advertise here, വനമേഖലയ്ക്ക് തൊട്ടടുത്തുള്ള പ്രദേശമാണിത്. രാത്രിയിൽ മൂന്ന് കാട്ടാനകളാണ് ജനവാസമേഖലയിലേക്ക് എത്തിയത്. ആദ്യം ഒരാനയെക്കണ്ട് വനപാലകരും നാട്ടുകാരും ചേർന്ന് പടക്കംപൊട്ടിച്ചും തീകത്തിച്ചും ഓടിക്കാൻ ശ്രമിച്ചു. അതിനെ ദൂരേക്ക് ഓടിച്ചുകഴിഞ്ഞപ്പോഴാണ് കണാരന്റെ കൃഷിയിടത്തിലൂടെ വീടിനുപിൻഭാഗത്ത് മറ്റൊരു ആനയെ കണ്ടത്. ഈ ആനയെ ഓടിക്കാൻ ശ്രമിക്കവേ വനപാലകരുടെ പിന്നാലെ ആക്രമിക്കാൻ ലക്ഷ്യമിട്ട് കുതിച്ചെത്തുകയായിരുന്നു. ആറുപേരടങ്ങുന്ന സംഘം കണാരന്റെ വീട്ടിലേക്ക് ഓടിക്കയറിയാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഓടിയെത്തിയ ആന വീടിന്റെ വശത്ത് ഓട്ടോനിർത്തിയിടാൻ കെട്ടിയ ഷെഡ്ഡിന്റെ തൂണ് പിഴുതെറിയാൻ ശ്രമിച്ചു. തുടർന്ന്, ഒരിക്കൽക്കൂടി മുറ്റത്തേക്ക് എത്തുകയും തിരികെ ഷെഡ്ഡിനുനേരേ ഓടുകയുംചെയ്തു. ഈ സമയത്ത് ഇരുമ്പുതൂൺ ആനയുടെ നെഞ്ചിന്റെ ഭാഗത്തേക്ക് കുത്തിക്കയറുകയായിരുന്നു. താഴ്‌ഭാഗത്തെ പറമ്പിലേക്ക് ഓടിയിറങ്ങിയ ഉടൻ ആന രക്തം വാർന്ന് തളർന്നുവീഴുകയും ചെയ്തു. കോഴിക്കോട് ഡി.എഫ്.ഒ. എം. ജോഷിൽ, പെരുവണ്ണാമൂഴി റെയ്ഞ്ച് ഓഫീസർ എ.സി. സുധീന്ദ്രൻ, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ എസ്.എൻ. രാജേഷ് തുടങ്ങിയവർ സ്ഥലത്തെത്തി മേൽനടപടികൾ പൂർത്തിയാക്കി. മലപ്പുറം ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. എസ്. ശ്യാം, കാവിലുംപാറ മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. പി.കെ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തി. രാത്രി ഒൻപതോടെ പ്ലാന്റേഷൻ കോർപ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റ് സ്ഥലത്ത് സംസ്കാരം നടത്തി. 30 വയസ്സോളമുള്ള പിടിയാനയാണെന്നാണ് നിഗമനം. സ്ഥിരമായി കാട്ടാനശല്യം അനുഭവപ്പെടുന്ന മേഖലയാണിത്. ഏതാനുംവർഷം മുൻപും പ്രദേശത്ത് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞ സംഭവമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.

വീട്ടുമുറ്റത്തെത്തി ഷെഡ് തകർക്കവേ ഇരുമ്പുതൂൺ തുളച്ചുകയറി കാട്ടാന ചരിഞ്ഞു
M
MathrubhumiSource Link
23 days ago