വീണ്ടും ട്രംപ് ‘ടാക്കോ’ അടിച്ചു; തളരാതെ, തകരാതെ ഹോർമുസിന്റെ സുൽത്താൻ, യു.എസിന്‌ ഇത് സൂയസ് നിമിഷം

വീണ്ടും ട്രംപ് ‘ടാക്കോ’ അടിച്ചു; തളരാതെ, തകരാതെ ഹോർമുസിന്റെ സുൽത്താൻ, യു.എസിന്‌ ഇത് സൂയസ് നിമിഷം

M
MathrubhumiSource Link
പ്ര തീക്ഷിച്ചപോലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ‘ടാക്കോ’ (എല്ലായ്പ്പോഴും ട്രംപ് പേടിച്ചോടും എന്ന പരിഹാസത്തിന്റെ ചുരുക്കപ്രയോഗം) അടിച്ചു. ഏപ്രിൽ എട്ടാം തീയതി പുലർച്ചെ, ഇസ്ലാമിക റിപ്പബ്ലിക്കിനെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കുമെന്ന ഭീഷണി നടപ്പാക്കുന്നതിന് ഒരു മണിക്കൂർ ശേഷിക്കേ, ട്രംപ് ഇറാനുമായി വെടിനിർത്തൽ കരാറിന് സമ്മതിച്ചിരിക്കുന്നു. ഇറാൻ ഹോർമുസ് കടലിടുക്ക് പൊതുഗതാഗതത്തിന് തുറന്നുകൊടുത്താൽ രണ്ടാഴ്ചത്തേക്ക് ബോംബാക്രമണങ്ങൾ നിർത്തിവെക്കാമെന്ന് ട്രൂത്ത് സോഷ്യലിൽ അദ്ദേഹം വ്യക്തമാക്കി. തന്റെ ലക്ഷ്യങ്ങൾ നിറവേറ്റിയെന്നും യുദ്ധത്തിൽ വിജയിച്ചുവെന്നും അവകാശപ്പെട്ടാണ് ട്രംപ് പിൻമാറുന്നത്. പക്ഷേ, ഒറ്റനോട്ടത്തിൽ വ്യക്തമാണ്- വിജയത്തിന്റെ കുപ്പായമണിഞ്ഞ് അമേരിക്കൻ പട സ്ഥലം കാലിയാക്കുമ്പോൾ ടെഹ്റാൻ തെരുവുകളിൽ വിജയാഭേരി മുഴങ്ങുകയാണ്. To advertise here, ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനം ഇങ്ങനെയാണ്: 'പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, ഫീൽഡ് മാർഷൽ അസിം മുനീർ എന്നിവരുമായി നടത്തിയ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിൽ- ഇറാനിൽ ഇന്ന് ഞാനയക്കാനുദ്ദേശിച്ചിരുന്ന സംഹാരശക്തിയെ തടഞ്ഞുവെക്കണമെന്ന് അവരപേക്ഷിച്ചു- ഹോർമുസ് കടലിടുക്ക് ഉടനടി പൂർണമായും സുരക്ഷിതമായും തുറക്കുന്നതിന് ഇറാൻ സമ്മതിക്കുന്നതിന് വിധേയമായി, രണ്ടാഴ്ചത്തേക്ക് ബോംബാക്രമണം നിർത്തിവെക്കാൻ ഞാൻ സമ്മതിച്ചു. ഇത് ഇരുഭാഗവും നടപ്പാക്കുന്ന വെടിനിർത്തലാവും. നമ്മുടെ എല്ലാ സൈനികലക്ഷ്യങ്ങളും നേടുക മാത്രമല്ല, അതിനപ്പുറവും നേടിയിരിക്കുന്നു, ഇറാനുമായി സുനിശ്ചിതമായ ദീർഘകാല സമാധാനക്കരാറും മധ്യപൂർവേഷ്യൻ സമാധാനവും ഉണ്ടാക്കുന്ന കാര്യത്തിലും നാം വളരെ മുമ്പോട്ടു പോയിരിക്കുന്നു. ഇറാനിൽനിന്നു ലഭിച്ച പത്തിന നിർദ്ദേശം ഭാവിചർച്ചകൾക്ക് ആധാരമാക്കാവുന്ന, നടപ്പാക്കാനാവുന്ന ഒന്നാണെന്ന് ഞാൻ കരുതുന്നു. രണ്ടാഴ്ച കൊണ്ട് സമാധാനക്കരാർ പൂർത്തിയാക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ദീർഘകാല പ്രശ്നത്തെ പരിഹാരത്തിനടുത്ത്‌ എത്തിക്കാനായത് അഭിമാനകരമാണ്.' എവിടെയോ ഒരു നിലവിളി ശബ്ദം കേൾക്കുന്നില്ലേ?! ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തിന്റെ നാൽപ്പതാം ദിവസമാണ് വെടിനിർത്തൽ ഉണ്ടായിരിക്കുന്നത്. അമേരിക്കയും ഇസ്രയേലും ചേർന്ന് അഴിച്ചുവിട്ട ലോകചരിത്രത്തിലെ ഏറ്റവും കടുത്ത ബോംബാക്രമണ പരമ്പരകളിലൊന്നിനെ അതിജീവിക്കാൻ ഇറാൻ ഭരണകൂടത്തിനും ജനതയ്ക്കുമായി. ആദ്യദിവസം പരമോന്നത നേതാവ് അലി ഖമനേയി അടക്കം 48 നേതാക്കളെ നഷ്ടമായെങ്കിലും (ഇറാന്റെ പ്രമുഖനേതാക്കൾ പിന്നീടും കൊല്ലപ്പെട്ടു, ദിവസങ്ങൾക്കുമുമ്പാണ് അവരുടെ ചാരസംഘടനാ തലവൻ വധിക്കപ്പെട്ടത്) രാജ്യമെമ്പാടും കനത്ത നാശനഷ്ടങ്ങളുണ്ടായെങ്കിലും ഭൂമുഖത്തുനിന്നു തന്നെ തുടച്ചുനീക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയെങ്കിലും അവർ പതറാതെ പിടിച്ചുനിന്നു. ഇറാനിയൻ സംസ്‌കാരത്തെ തന്നെ ഇല്ലാതാക്കുമെന്ന ട്രംപൻ ഭീഷണിക്കു മുന്നിലും കീഴടങ്ങാൻ അവർ കൂട്ടാക്കിയില്ല. പ്രത്യാക്രമണത്തിൽ അവർ ഇസ്രയേലിനെയും ഗൾഫ് രാജ്യങ്ങളിലെ ഊർജസംവിധാനങ്ങളെയും നിരന്തരം ലക്ഷ്യം വെച്ചു. ലോകത്തെ ഊർജഗതാഗതത്തിന്റെ വലിയൊരു പങ്ക് (20 ശതമാനം എണ്ണ, 30 ശതമാനം എൽഎൻജി) കടന്നു പോവുന്ന ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്തു. കപ്പലുകൾക്ക് കടത്തുചുങ്കം ചൈനീസ് കറൻസിയായ യുവാനിൽ ഈടാക്കിയും ചില കപ്പലുകൾ തടഞ്ഞും ഇറാൻ സമ്മർദ്ദം വർധിപ്പിച്ചു. ലോകമെങ്ങും ഇന്ധനക്ഷാമത്തിനും വിലക്കയറ്റത്തിനും അത് വഴിവെച്ചു. വ്യോമാക്രമണം കൊണ്ടുമാത്രം ഹോർമുസ് വരുതിയിലാക്കാൻ കഴിയാത്ത രീതിയിലാണ് ഇറാന്റെ ഭൂപ്രകൃതി എന്നത് യുദ്ധം തുടങ്ങുമ്പോൾ അമേരിക്കൻ വിദഗ്ധർ അറിയാത്തതോ അത് ട്രംപിന് ബോധ്യമാകാത്തതോ ആകാം! അമേരിക്കൻ പിന്തുണയോടെ ഈജിപ്ത്, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ മുന്നോട്ടുവെച്ച 45 ദിവസത്തെ വെടിനിർത്തൽ പദ്ധതി അംഗീകരിക്കാനുള്ള അവസാന തീയതി ഏപ്രിൽ ആറായിരുന്നു. അത് തള്ളിക്കളഞ്ഞ ഇറാൻ പകരം ഒരു പത്തിന പദ്ധതി മുന്നിൽ വെച്ചു. അവ ഇങ്ങനെയാണ്. 1. മേലിൽ ഒരിക്കലും അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിക്കരുത് 2. ഹിസ്ബുള്ളയ്ക്കും മറ്റ് പ്രോക്സികൾക്കുമെതിരായ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കണം (ഇറാനെ ആക്രമിക്കില്ല, പക്ഷേ, ലെബനനിൽ ആക്രമണം തുടരുമെന്ന് നെതന്യാഹു പറയുന്നു.) 3. അമേരിക്കയുടെ ഉപരോധം പൂർണമായി പിൻവലിക്കണം 4. ആയിരക്കണക്കിന് കോടി ഡോളറിന്റെ ഇറാന്റെ വിദേശ സമ്പത്തുകൾ മരവിപ്പിച്ചത് പിൻവലിക്കണം 5. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഐക്യരാഷ്ട്ര രക്ഷാസമിതി, ആണവോർജ ഏജൻസി പ്രമേയങ്ങൾ റദ്ദാക്കണം 6. സമാധാനപരമായ ആവശ്യങ്ങൾക്ക് യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള ഇറാന്റെ അവകാശത്തെ അംഗീകരിക്കണം 7. യുദ്ധത്തിലുണ്ടായ കേടുപാടുകൾക്ക് നഷ്ടപരിഹാരം വേണം 8. ഹോർമുസിലെ സുരക്ഷിത യാത്രയ്ക്ക് ക്രമീകരണം (ഒരു കപ്പലിന് 2 മില്യൻ ഡോളർ ചുങ്കം, അത് ഒമാനുമായി പങ്കുവെക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്) 9. മേഖലയിൽ സംഘർഷം വലിയ തോതിൽ കുറയ്ക്കുമെന്ന് അമേരിക്കയും ഇസ്രയേലും വാക്കുകൊടുക്കണം 10. മേലിൽ ഇറാനിലെ ഭരണകൂടത്തെ മാറ്റാൻ ശ്രമിക്കില്ലെന്ന ഉറപ്പ്. നിലംപൊത്തിയ വീരവാദങ്ങളും അമേരിക്കയുടെ സൂയസ് നിമിഷവും ട്രംപും നെതന്യാഹുവും ഓപ്പറേഷൻ എപ്പിക് ഫ്യൂറി (മഹാകോപം) ആരംഭിക്കുമ്പോൾ ലക്ഷ്യങ്ങൾ വ്യക്തമായിരുന്നു. ഏറ്റവും പ്രധാനം ഈ നാലെണ്ണമാണ്. 1. ഇറാനിലെ മതഭരണകൂടത്തെ മാറ്റി ഒരു ലിബറൽ സർക്കാർ സ്ഥാപിക്കുക, 2. രാജ്യത്തെ സമ്പുഷ്ട യുറേനിയത്തിന്റെ ശേഖരവും സമ്പുഷ്ടീകരിക്കാനുള്ള ശേഷിയും നശിപ്പിക്കുക 3. അവരുടെ മിസൈൽ പദ്ധതി തകർക്കുക 4. അനിയന്ത്രിതമായ അന്താരാഷ്ട്ര കപ്പലോട്ടത്തിന് ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുക. ഇവയിലൊന്നുപോലും നേടാതെയാണ് അമേരിക്ക വെടിനിർത്തലിന് സമ്മതിച്ചിരിക്കുന്നത്. നേതാക്കളെ വധിച്ചതോടെ ഭരണകൂടത്തെ മാറ്റി എന്ന് ട്രംപ് കുറച്ചുകാലമായി അവകാശപ്പെടുന്നെങ്കിലും അത് സത്യമല്ലല്ലോ. 'ഇറാന് ഇനിയൊരിക്കലും ആണവായുധങ്ങളുണ്ടാവില്ല' എന്ന് ട്രംപ് പലതവണ വീമ്പിളക്കിയിരുന്നു. അതു പോലും നടന്നില്ല. ഏതാനും ദിവസങ്ങൾക്കു മുമ്പ് ഇറാനിൽ പെട്ടുപോയ യുഎസ് പൈലറ്റിനെ രക്ഷിക്കാനെന്ന പേരിൽ നടത്തിയ വലിയ ഓപ്പറേഷൻ-ഒട്ടേറെ വിമാനങ്ങളും ഇരുന്നൂറിലേറെ ഭടൻമാരും പങ്കെടുത്തു, ഇസ്ഫഹാൻ ആണവനിലയത്തിൽനിന്നു സമ്പുഷ്ടീകരിച്ച യുറേനിയം കുറച്ചെങ്കിലും പിടിച്ചെടുക്കാനും അങ്ങനെ യുദ്ധം ജയിച്ചതായി പ്രഖ്യാപിച്ച് തടിയൂരാനുമുള്ള ശ്രമമായിരുന്നു എന്ന് വാദിക്കുന്നവരുണ്ട്. ഇറാനും ഇതേ ആരോപണം ഉയർത്തിയിരുന്നു. പക്ഷേ, ഓപ്പറേഷനിൽ യുഎസ് വിമാനങ്ങൾ നഷ്ടമായി. പൈലറ്റിനെ രക്ഷപ്പെടുത്തിയ കഥകൾ പ്രചരിപ്പിച്ച് അമേരിക്ക മാനക്കേട് ലഘൂകരിച്ചു. ഒരുപക്ഷേ, അസഭ്യവാക്കുകളുപയോഗിച്ച് സമനില തെറ്റിയ പോലെ ട്രംപ് പ്രതികരിച്ചതിനു കാരണം അതാവണം. ട്രംപിന്റെ യഥാർത്ഥ യുദ്ധലക്ഷ്യങ്ങൾ തകർന്നടിഞ്ഞിരിക്കുന്നു. ഭരണകൂടമാറ്റം സാക്ഷാത്കരിച്ചില്ല. കനത്ത നാശമേറ്റെങ്കിലും ഇറാന്റെ ആണവപദ്ധതി പൂർണമായി തകർന്നില്ല, യുറേനിയം സമ്പുഷ്ടീകരണ ശേഷിയും സംഭരണവും ഇപ്പോഴും നിലനിൽക്കുന്നു. ഏറ്റവും വലിയ പരാജയം, ട്രംപ് പൂർണമായി തുറക്കുമെന്ന് വാഗ്ദാനം ചെയ്ത ഹോർമുസ് കടൽപ്പാത നിയന്ത്രിക്കുക ഇറാനും ഒമാനും ചേർന്നാവും എന്ന വസ്തുതയാണ്. കപ്പൽ ഗതാഗതം പുനരാരംഭിക്കുമെങ്കിലും, ടെഹറാൻ ചുങ്കം ഈടാക്കുകയും സുരക്ഷാനിയമങ്ങൾ നിശ്ചയിക്കുകയും ചെയ്യും. ഹോർമുസിനെ ബന്ദിയാക്കി വെച്ച ഇറാൻ അതുകാരണം ലോകത്തുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടിനെ ഭൂരാഷ്ട്രീയ ലാഭമാക്കി മാറ്റുന്നതിൽ വിജയിച്ചു. ലോകരാജ്യങ്ങൾക്കും സ്വന്തം ജനങ്ങൾക്കു മുന്നിലും അമേരിക്കയുടെ സൽപ്പേരിടിച്ച യുദ്ധം ഇറാനെ മുമ്പത്തേക്കാൾ ശക്തമായ നിലയിലെത്തിച്ചു എന്നാണ് പൊതു അഭിപ്രായം. ക്വിൻസി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരും യൂറോപ്പിലെ തിങ്ക്ടാങ്കുകളുമൊക്കെ ഇതിനെ അമേരിക്കയുടെ 'സൂയസ് നിമിഷം' എന്നാണ് വിശേഷിപ്പിക്കുന്നത്. (1956-ൽ ഈജിപ്ത് പ്രസിഡന്റ് ഗമാൽ അബ്ദൽ നാസർ സൂയസ് കനാലിനെ ദേശീയവത്കരിച്ചതിനെ തുടർന്ന് ബ്രിട്ടനും ഫ്രാൻസും ഇസ്രയേലും ചേർന്ന് അദ്ദേഹത്തെ നീക്കം ചെയ്യാനും കനാൽ തിരിച്ചുപിടിക്കാനും വേണ്ടി അധിനിവേശം നടത്തി. നന്നായി തുടങ്ങിയെങ്കിലും അപമാനകരമായ വെടിനിർത്തലിനും പിൻവാങ്ങലിനും അധിനിവേശക്കാർ നിർബന്ധിതമായി. യൂറോപ്യൻ സാമ്രാജ്യത്വങ്ങളുടെ അന്ത്യം കുറിച്ച സംഭവമായിരുന്നു അത്.) ഇറാന്റെ വിദേശമന്ത്രി അബ്ബാസ് അരാഗ്ചി പറയുന്നത് ആക്രമണങ്ങളവസാനിച്ചാൽ തങ്ങളുടെ സൈന്യത്തിന്റെ സഹകരണത്തോടെ രണ്ടാഴ്ചക്കാലം ഹോർമുസ് പാതയിലൂടെ സുരക്ഷിതയാത്ര ഉറപ്പാക്കുമെന്നാണ്. പക്ഷേ, കീഴടങ്ങലല്ല അതെന്നും ന്യായയുക്തമായ സമാധാനത്തിന്റെ അടിസ്ഥാനം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് തുറക്കുന്നത് തങ്ങളുടെ മേൽനോട്ടത്തിനു കീഴിലായിരിക്കുമെന്നും അത് രാജ്യത്തെ ആണവ പദ്ധതിക്കും പ്രാദേശിക സ്വാധീനത്തിനും സാമ്പത്തിക പരമാധികാരത്തിനും തട്ടുകേടുണ്ടാവില്ലെന്ന ഉറപ്പിനു വിധേയമായിരിക്കുമെന്നും അദ്ദേഹം അർത്ഥശങ്കയ്ക്കിടമില്ലാതെ പറയുന്നു. തുടക്കത്തിൽ തട്ടിപ്പാണെന്നു പറഞ്ഞ് നിർദ്ദേശങ്ങളെ തള്ളിക്കളഞ്ഞ ട്രംപ് മണിക്കൂറുകൾക്കകം നിലപാടു മാറ്റി, മിക്കവാറുമുള്ള നിർദ്ദേശങ്ങൾക്ക് വഴങ്ങി, വെടിനിർത്തലിനു തയ്യാറായി. വെള്ളിയാഴ്ച ഇസ്ലാമാബാദിൽ സമാധാനചർച്ചകൾ ആരംഭിക്കുമെന്നാണ് സൂചന. അമേരിക്കയെ നയിക്കുക വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആവുമെന്ന് കരുതുന്നു. ഉയരുന്ന ചൈനീസ്, റഷ്യൻ പതാകകൾ, കരുതലോടെ ഇന്ത്യ ഈ ഇടക്കാല സമാധാനക്കരാർ മധ്യപൂർവേഷ്യയിൽ അമേരിക്കയുടെ ചോദ്യം ചെയ്യപ്പെടാത്ത ആധിപത്യത്തിന്റെ അവസാനത്തെ സൂചിപ്പിക്കുന്നു. വ്യോമശക്തി എല്ലാത്തിനും പരിഹാരമല്ലെന്ന തിരിച്ചറിവ് അമേരിക്കയ്ക്കു മാത്രമല്ല, ഗൾഫിലെ ചെറുകിട രാജ്യങ്ങൾക്കുമുണ്ടായി. ശരിക്കൊരു പ്രശ്നമുണ്ടായാൽ രക്ഷിക്കാൻ അമേരിക്കയ്ക്ക് ആവുകയില്ലെന്ന് അവർ അനുഭവത്തിൽനിന്നു പഠിച്ചു. അമേരിക്കയുടെ വിശ്വസ്ത പങ്കാളികളായിരുന്ന ഗൾഫ് രാജ്യങ്ങൾ ഇറാന്റെ ആക്രമണത്തിൽ നാശമേറ്റതിനെ തുടർന്ന് പുതിയ കണക്കുകൂട്ടലുകളിലാണ്. ടെഹ്റാന്റെ മിസൈലുകളെയും പ്രോക്സികളെയും ചെറുത്ത് തങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ യുഎസിന് കഴിയില്ലെന്ന്‌ അവർ തിരിച്ചറിയുന്നു. പരമ്പരാഗതമായി നിഷ്പക്ഷത പാലിക്കുന്ന ഒമാന് ലോട്ടറിയാണ് ഹോർമുസിലെ വരുമാനവും സ്വാധീനവും പങ്കിടാനുള്ള ഇറാൻ തീരുമാനം. സംരക്ഷകനെന്ന നിലയിൽ അമേരിക്കയുടെ വിശ്വാസ്യത തകർന്നപ്പോൾ ചൈന നേട്ടമുണ്ടാക്കി. യുദ്ധമവസാനിപ്പിക്കാനുള്ള ശ്രമങ്ങളിൽ ബീജിങ് പിന്നണിയിൽ വലിയ പങ്കു വഹിച്ചു, അതിന് ഇറാനും ഗൾഫ് രാജ്യങ്ങളുമായുമുള്ള സാമ്പത്തിക ബന്ധങ്ങൾ ഉപയോഗപ്പെടുത്തി. ആഗോളരംഗത്ത് കൂടുതൽ വലിയപങ്കു വേണമെന്ന് കരുതുന്ന ചൈന തുടക്കം മുതൽ പ്രശ്നപരിഹാരത്തിന് ശ്രമിച്ചു വരികയായിരുന്നു. സംഭവിക്കാൻ പാടില്ലായിരുന്ന ഈ യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിൽ ബന്ധപ്പെട്ട എല്ലാ കക്ഷികളും ആത്മാർത്ഥതയും തിടുക്കവും കാട്ടണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ്‌ വ്യക്തമാക്കിയിരുന്നു. യുഎസ് ആക്രമണത്തെ ഇറാൻ അതിജീവിക്കേണ്ടത് ചൈനയുടെയും ആവശ്യമായിരുന്നു. കാരണം, ഇറാന്റെ എണ്ണയുടെ 90 ശതമാനവും വാങ്ങിയിരുന്നത് അവരാണ്. ഇറാന്റെ അതിജീവനം ചൈനയുടെ ഊർജ്ജ സുരക്ഷയെ മാത്രമല്ല, ബെൽറ്റ് ആന്റ് റോഡ് പദ്ധതിയെയും ശക്തിപ്പെടുത്തുന്നതാണ്. അതിനാൽ ചൈന രഹസ്യമായി ഇറാന് ഉപഗ്രഹ വിവരങ്ങളും സാങ്കേതിക സഹായവും നൽകിയെന്ന് ആരോപിക്കപ്പെടുന്നു. അതുപോലെ യുക്രൈൻ യുദ്ധവും പാശ്ചാത്യ ഉപരോധവും കാരണം ഞെരുങ്ങുന്ന റഷ്യയ്ക്കും ഇറാന്റെ ചെറുത്തുനിൽപ്പ് ആവേശം പകരും. ഈ വിജയത്തിൽ റഷ്യയുടെ സഹായം നിർണായകമായിരുന്നുവെന്ന് കരുതുന്നവരുണ്ട്. സമീപകാലത്ത് യുഎസ് വിമാനങ്ങളെ തകർക്കാൻ ഇറാനായത് റഷ്യ അയച്ചുകൊടുത്ത എസ് 400 വ്യോമപ്രതിരോധ സംവിധാനങ്ങൾ കാരണമാണെന്ന് അഭ്യൂഹമുണ്ട്. സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിനെ അട്ടിമറിച്ചതോടെ മേഖലയിൽ മങ്ങിയ മോസ്‌കോയുടെ സ്വാധീനം വർധിക്കാൻ ഈ വിജയം സഹായകമാവും. ഗൾഫിലെ അരക്ഷിതാവസ്ഥ തങ്ങൾക്കനുകൂലമാക്കി മാറ്റാൻ ചൈനയും റഷ്യയും ശ്രമിക്കാതിരിക്കില്ല. മധ്യപൂർവേഷ്യയിൽ അമേരിക്കൻ മേധാവിത്വം ദുർബലമാവുകയും ചൈനീസ്, റഷ്യൻ സ്വാധീനം ശക്തിപ്പെടുകയും ചെയ്യുമ്പോൾ ഇന്ത്യയ്ക്ക് തങ്ങളുടെ ബഹുചേരി നയം (മൾട്ടി അലൈൻമെന്റ്) പുനഃക്രമീകരിക്കേണ്ടി വരും. ഒരേസമയം അമേരിക്ക- ഇസ്രയേൽ സഖ്യവുമായും ഇറാനുമായും നല്ല ബന്ധങ്ങൾ നിലനിർത്താനാവുക ചെറിയ കളിയല്ല. തൽക്കാലം ഇന്ത്യയുടെ കാര്യം ഭദ്രമാണ്. ഹോർമുസ് വഴി ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി കടത്തിവിടുന്നുണ്ട് ഇറാൻ. പക്ഷേ, ഇറാൻ ശക്തിയാർജിക്കുമ്പോൾ സാഹചര്യം മാറില്ലെന്ന് ഉറപ്പില്ല. എന്തായാലും വിദേശമന്ത്രി എസ്. ജയശങ്കറിനും സംഘത്തിനും വരുംമാസങ്ങൾ ഞാണിൻമേൽക്കളിയാവാനാണ് സാധ്യത. ട്രംപിന്റെ ‘ടാക്കോ’ നിമിഷവും അമേരിക്കയുടെ ‘സൂയസ്’ നിമിഷവും കടുത്ത പ്രതിസന്ധിയെ തൽക്കാലത്തേക്ക് ഒഴിവാക്കിയിരിക്കാം. പക്ഷേ, 2026 ഏപ്രിലിനെ അമേരിക്ക സ്വയം സൃഷ്ടിച്ച അപകടത്തിന്റെ വക്കിൽനിന്ന് പിൻവാങ്ങിയ, ഒരുപക്ഷേ, ഒരിക്കലും തിരിച്ചുപിടിക്കാൻ കഴിയാത്ത തന്ത്രപ്രാധാന്യമുള്ള ഭൂമി വിട്ടുകൊടുത്ത നിമിഷമായിട്ടാവും ചരിത്രം അടയാളപ്പെടുത്തുക.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വീണ്ടും ട്രംപ് ‘ടാക്കോ’ അടിച്ചു; തളരാതെ, തകരാതെ ഹോർമുസിന്റെ… | Boolokam