കുന്നന്താനം : മാന്താനത്ത് നിലച്ചുപോയ നാട്ടുവിപണി വീണ്ടും തുടങ്ങണമെന്ന് ആവശ്യം. കോവിഡ് കാലത്ത് പ്രവർത്തനം നിലച്ചതാണ്. കർഷകർക്ക് ഉത്പന്നങ്ങൾ കാര്യമായി ഇവിടെ എത്തിക്കാൻ കഴിയാതെ പിന്നീടിത് നിന്നുപോയി. To advertise here, വിപണി സജീവമല്ലാതെ വന്നതോടെ ആളുകളും എത്താതായി. കാലക്രമേണ ഉപയോഗശൂന്യമായ ഒരിടമായി. ഒരുകാലത്ത്, കർഷിക വിളകൾ യഥേഷ്ടം എത്തിച്ച് കൈമാറിയിരുന്ന ചന്ത മാന്താനത്ത് ഉണ്ടായിരുന്നു. കുന്നന്താനുത്തുനിന്ന് മാത്രമല്ല സമീപ പ്രദേശങ്ങളിൽ നിന്നെല്ലാം ഉത്പന്നങ്ങൾ എത്തിച്ചിരുന്ന സ്ഥലം. മിക്കവരുടെയും ഉപജീവനമാർഗം അക്കാലത്ത് കൃഷിയായിരുന്നു. അതുകൊണ്ട് മാന്താനത്തെ ചന്തയിൽ എത്താത്ത ആളുകളും വിരളം. വിഷരഹിത പച്ചക്കറികളും കിഴങ്ങുവർഗങ്ങളും അടക്കം നട്ടുനനച്ചു വളർത്തി എത്തിച്ചിരുന്ന കാലം. ക്രമേണ നാടിന്റെ വികസന കുതിപ്പിലിത് ഓർമ്മയായി. അതിന്റെ വീണ്ടെടുപ്പിന് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി രംഗത്തിറങ്ങി. അങ്ങനെ മാന്താനത്ത് വീണ്ടും നാട്ടുചന്ത തുറന്നു. കോവിഡിൽ അടഞ്ഞു കാർഷിക ഗ്രാമത്തിന്റെ ഓർമ്മകൾക്ക് കളമൊരുക്കിയതോടെ കർഷക കൂട്ടായ്മകളും സജീവമായി. വിളകളിൽ ഏറിയപങ്കും അവിടേക്ക് എത്താനും തുടങ്ങി. വിപണിയിലേക്ക് ആളുകളുടെ ഒഴുക്കായി. ആഴ്ചയിൽ രണ്ട് ദിവസമായിരുന്നു ചന്ത. അതിരാവിലെ എത്തിയാലേ സാധനങ്ങൾ കിട്ടൂവെന്ന് സ്ഥിതിവരെ ഉണ്ടായിരുന്നു. സമീപ പഞ്ചായത്തുകളിൽ നിന്നുള്ളവരും പച്ചക്കറികൾ ഉൾപ്പെടെ വാങ്ങാൻ ഇവിടേക്കാണ് വന്നിരുന്നത്. ഏകദേശം രണ്ടുവർഷമിത് തുടർന്നെങ്കിലും കോവിഡിന്റെ കടന്നുവരവ് തിരിച്ചടിയായി. കർഷക കൂട്ടായ്മകൾ പലതും നിർജീവമായി ഉത്പന്നങ്ങൾ എത്താതായി. ഇതിനിടെ ചങ്ങനാശ്ശേരി, മല്ലപ്പള്ളി തുടങ്ങിയ ഇടങ്ങളിലെ കച്ചവടക്കാർ എത്തുകയുണ്ടായി. അവർ വിൽക്കാനായി എത്തിച്ചവയിൽ ഏറെയും മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറികളായിരുന്നു. ചന്തയിലേക്കിവ വാങ്ങാനായി ആളുകൾ അതുകൊണ്ട് എത്തിയുമില്ല. അങ്ങനെ ക്രമേണയിത് നിലച്ചു. പഞ്ചായത്ത് ഷോപ്പിങ് ക്ലോംപ്ലക്‌സിനോട് ചേർന്നായിരുന്നു ചന്ത. ഇന്നിവിടെ അലൂമിനിയം ഷീറ്റിട്ടൊരു ഷെഡ്ഡ് മാത്രമാണുള്ളത്. അതിനകത്ത് മാലിന്യചാക്കുകളും. വൈകാതെ തുറക്കും നാട്ടുചന്തയുടെ വീണ്ടെടുപ്പിനുള്ള ആലോചനയിലാണ് പഞ്ചായത്ത്. ഇതിനുവേണ്ട കാര്യങ്ങളൊക്കെ നീക്കിവരുകയാണ്. ഇവിടെ വൈകാതെയിത് തുടങ്ങുന്നതാണ്. അഡ്വ. വിജയൻ, പഞ്ചായത്ത് പ്രസിഡന്റ്, കുന്നന്താനം.
