വീണ്ടുമൊരു കാനേഷുമാരി

വീണ്ടുമൊരു കാനേഷുമാരി

M
MathrubhumiSource Link
Last Updated: 31 March 2026, 11:06 PM IST ജനസംഖ്യയെ ജനതയാക്കിമാറ്റുന്ന പ്രക്രിയകളിലൊന്നാണ് കാനേഷുമാരിയെന്ന് രാഷ്ട്രമീമാംസകർ പറയുന്നു രാജ്യം ഇന്ന് വീണ്ടുമൊരു കാനേഷുമാരി(സെൻസസ്)യിലേക്കു കടക്കുകയാണ്. രാജ്യത്ത് 1872-ൽ ആരംഭിച്ച ജനസംഖ്യാകണക്കെടുപ്പുപരമ്പരയിലെ പതിനാറാമത്തേതും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ എട്ടാമത്തേതുമാണ് ഇപ്പോൾ നടക്കാൻപോകുന്നത്. പത്തുവർഷംകൂടുമ്പോഴുള്ള ഈ പ്രക്രിയ 2021-ൽ നടക്കേണ്ടതായിരുന്നു. എന്നാൽ, കോവിഡ് വ്യാപനമടക്കമുള്ള കാരണങ്ങളാൽ അന്നു നടത്താനായില്ല. ഇപ്പോഴത്തെ കാനേഷുമാരിക്കുള്ള ആദ്യവിജ്ഞാപനം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചത് കഴിഞ്ഞ ജൂണിലാണ്. 2027 മാർച്ചിൽ പൂർത്തിയാക്കാനാകുംവിധത്തിലാണ് ഇതിന്റെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. 2011-ലാണ് ഇതിനുമുൻപ് സെൻസസ് നടന്നത്. കാനേഷുമാരി കേവലം ജനസംഖ്യാകണക്കെടുപ്പുമാത്രമല്ലെന്നാണ് രാഷ്ട്രമീമാംസകരുടെ മതം. ഒരു പ്രത്യേക പ്രദേശത്തോ രാജ്യത്തോ ജീവിക്കുന്ന മനുഷ്യരുടെ എണ്ണത്തെയാണ് ജനസംഖ്യ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ജനസംഖ്യയെ ജനതയാക്കിമാറ്റുന്ന പ്രക്രിയകളിലൊന്നാണ് കാനേഷുമാരിയെന്ന് രാഷ്ട്രമീമാംസകർ പറയുന്നു. ജനതയെന്നാൽ രാഷ്ട്രീയസമൂഹമാണ്. തങ്ങളുടെ വിഭവങ്ങൾ എങ്ങനെ പങ്കുവെക്കപ്പെടണമെന്നു നിർണയിക്കാൻ രാഷ്ട്രീയസമൂഹത്തെ പ്രാപ്തമാക്കുന്ന പ്രക്രിയയാണ് കാനേഷുമാരി. ആ തീരുമാനമെടുക്കൽ അതിപ്രധാനമായ രാഷ്ട്രീയവൃത്തിയാണ്. ഇത്തവണത്തെ സെൻസസിൽ പതിവുപോലെ പട്ടികവിഭാഗങ്ങളുടെമാത്രമല്ല, 1931-നുശേഷം ആദ്യമായി എല്ലാ ജാതികളുടെയും കണക്കെടുപ്പുകൂടി നടക്കുന്നുവെന്നതുകൊണ്ട് ഇപ്പറഞ്ഞതിന് കൂടുതൽ പ്രാധാന്യമുണ്ട്. വിവിധ ജന-ജാതി വിഭാഗങ്ങളുടെ സാമ്പത്തിക-സാമൂഹികനിലകൾ മനസ്സിലാക്കാനും അതുപ്രകാരം സമ്പത്തിന്റെ പുനർവിതരണമടക്കമുള്ള രാഷ്ട്രീയതീരുമാനങ്ങൾ കൈക്കൊള്ളാനും ഈ പ്രക്രിയ ഭരണകൂടത്തിനു സഹായകമാകും. 2011-നുശേഷം രാജ്യത്ത് യുവാക്കളുടെയും വയോജനങ്ങളുടെയും സ്ത്രീകളുടെയും എണ്ണത്തിലുണ്ടായിട്ടുള്ള വ്യത്യാസം കണ്ടെത്താനും അതനുസരിച്ച് ഭരണപരവും നയപരവുമായ നിലപാടുകൾ കൈക്കൊള്ളാനും സർക്കാരിനു സാധിക്കും. ആ നിലയ്ക്ക്, കോവിഡിനുശേഷം ഈ പ്രക്രിയ നടത്തുന്നതിന് ഇത്രയും കാലതാമസമുണ്ടായതിന് നീതീകരണമില്ല. രണ്ടുഘട്ടങ്ങളായാണ് കാനേഷുമാരി നടക്കുന്നത്. ആദ്യഘട്ടമായ ഭവനസെൻസസ് സെപ്റ്റംബർ മുപ്പതിനകം പൂർത്തിയാക്കിയശേഷം അടുത്ത ഫെബ്രുവരിയിൽ നടക്കുന്ന രണ്ടാംഘട്ടത്തിലാണ് ജനസംഖ്യാകണക്കെടുപ്പ്. ലോക്‌സഭയിലെ സീറ്റുകളുടെ അന്തസ്സംസ്ഥാനാടിസ്ഥാനത്തിലുള്ള അടുത്ത പുനർവിതരണം 2026-നുശേഷം നടക്കുന്ന ആദ്യത്തെ ജനസംഖ്യാകണക്കെടുപ്പിന്റെ വിവരങ്ങൾ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തിയശേഷമേ ആകാവൂ എന്ന് ഭരണഘടനയുടെ എൺപത്തിയൊന്നാം അനുച്ഛേദത്തിൽ നിഷ്‌കർഷിച്ചിട്ടുണ്ട്. സാധാരണഗതിയിൽ 2031-ലെ കാനേഷുമാരിക്കുശേഷമേ ഇത് സാധ്യമാകുമായിരുന്നുള്ളൂ. എന്നാൽ, 2021-ൽ കാനേഷുമാരി നടക്കാതിരുന്നതുകൊണ്ടും അത് 2027-ലേക്കു നീണ്ടതുകൊണ്ടും മണ്ഡലപുനർനിർണയം നേരത്തേയാക്കാൻ സാധിക്കും. പുതിയ ജനസംഖ്യാകണക്കിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളിലെ ലോക്‌സഭാമണ്ഡലങ്ങൾ പുനർനിർണയംചെയ്യുന്നത് ബി.ജെ.പി.ക്കു രാഷ്ട്രീയമായി ഗുണകരമാകുമെന്നു മനസ്സിലാക്കിയാണ് കേന്ദ്രസർക്കാർ സെൻസസ് ഇത്രയും നീട്ടിയതെന്നും ആക്ഷേപമുണ്ട്. എന്നാൽ, ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും നിർദിഷ്ട വനിതാസംവരണം നേരത്തേയാക്കുന്നതിനുവേണ്ടി, 2011-ലെ കാനേഷുമാരിയുടെ അടിസ്ഥാനത്തിൽത്തന്നെ മണ്ഡലങ്ങളുടെ എണ്ണംകൂട്ടാൻ കേന്ദ്രസർക്കാർ ഇപ്പോൾ നീക്കംനടത്തുന്നതായി റിപ്പോർട്ടുണ്ട്. അങ്ങനെചെയ്താൽ, ഇന്ന് ആരംഭിക്കുന്ന കാനേഷുമാരിയിലെ കണക്കുകൾ പ്രസിദ്ധപ്പെടുത്തുമ്പോൾ വീണ്ടും മണ്ഡലപുനർനിർണയം നടത്തേണ്ടിവരുമോ എന്നതിൽ വ്യക്തതയായിട്ടില്ല. അങ്ങനെ വേണ്ടിവരുകയാണെങ്കിൽ, ജനസംഖ്യ ഗണ്യമായി വർധിച്ച സംസ്ഥാനങ്ങളിൽ ലോക്‌സഭാസീറ്റുകളുടെ എണ്ണം ആനുപാതികമായി കൂടുകയും ജനസംഖ്യാനിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ കേരളംപോലുള്ള സംസ്ഥാനങ്ങൾ പാർലമെന്ററിപ്രാതിനിധ്യത്തിൽ പിന്നിലാകുകയുംചെയ്യുന്ന സ്ഥിതിവിശേഷമുണ്ടാകരുത്. ഈ ആശങ്ക വ്യാപകമായി ഉന്നയിക്കപ്പെടുന്നുണ്ടെങ്കിലും അത് ദൂരീകരിക്കുന്ന വ്യക്തമായ ഉറപ്പൊന്നും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. To advertise here, Published: 31 Mar 2026, 11:06 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വീണ്ടുമൊരു കാനേഷുമാരി — Mathrubhumi | Boolokam | Boolokam