കൊടുമൺ : കൊടുമൺ പഞ്ചായത്തിൽക്കൂടി ഒഴുകുന്ന വലിയ തോടുകളുടെ വലുപ്പം പേരിൽമാത്രം. ഇവിടത്തെ തോടുകൾ എല്ലാം ചെളിനിറഞ്ഞും കൈയ്യേറ്റം കാരണവും ഇടുങ്ങി ചെറുതോടുകളായി മാറി. തോടുകളിൽ ചെളിനിറഞ്ഞ് വലിയ പുറ്റുകൾ ഉണ്ടായിട്ടുണ്ട്. To advertise here, ഒരു ചെറുമഴ പെയ്താൽ പാടങ്ങൾ വെള്ളത്തിൽ മുങ്ങും. മറ്റെല്ലാ സ്ഥലങ്ങളിലും നെൽക്കൃഷി നിലച്ചപ്പോൾ കൊടുമണ്ണിൽ നല്ല രീതിയിൽ നെൽക്കൃഷി നടന്നുവരുകയായിരുന്നു. ഇവിടെ കൊയ്തെടുക്കുന്ന നെല്ല് കൊടുമൺ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി സംസ്കരിച്ച് കൊടുമൺ റൈസ് എന്ന പേരിൽ വിറ്റുവരുകയാണ്. എന്നാൽ വയലുകളിലെ വെള്ളക്കെട്ട് കാരണം നെൽക്കൃഷി കുറഞ്ഞു. ഇപ്രാവശ്യം ഇടത്തിട്ട മുണ്ടുകോണം ഏലായിൽ നെല്ല് വിതച്ചപ്പോൾ അടുത്ത ദിവസം പെയ്ത മഴയിൽ മുഴുവനും വെള്ളമെടുത്തു. രണ്ട് പ്രാവശ്യംകൂടി കർഷകർ വിത്ത് വിതച്ചെങ്കിലും മുഴുവനും വെള്ളംകയറി നശിച്ചു. നല്ല വീതിയുണ്ടായിരുന്ന പല തോടുകളും കൈയ്യേറ്റം കാരണം ഇടുങ്ങിയിരിക്കുന്നു. വലിയതോടുകളിലേക്ക് വെള്ളം കൊണ്ടുവന്നിരുന്ന കൈത്തോടുകൾ മിക്കതും നികത്തപ്പെട്ടിരിക്കുന്നു. എല്ലാ തോടുകളുടെയും വരമ്പുകൾ മടവീണ് തകർന്ന് കിടക്കുകയാണ്. അതിനാൽ മഴപെയ്താൽ പാടങ്ങൾ മുങ്ങുന്നനിലയിലാണ്. പാടങ്ങളിലും തോടുകളിലും വെള്ളം നിറഞ്ഞുകിടന്ന കാലത്ത് കൊടുമണ്ണിലെ കിണറുകളിൽ വേനൽക്കാലത്ത് വെള്ളത്തിന് ക്ഷാമമുണ്ടായിരുന്നില്ല. കൊടുമൺ വലിയതോട്, ഐക്കാട് തോട്, വള്ളുവയൽ തോട്, അങ്ങാടിക്കൽ വലിയതോട്, മറ്റ് ഉപതോടുകൾ എല്ലാം ആളുകൾ കുളിക്കുന്നതിനും നനയ്ക്കുന്നതിനും ഉപയോഗിച്ചിരുന്നു. മാലിന്യം കാരണം ഇന്ന് ആളുകൾ തോടുകൾ നനയ്ക്കുന്നതിനും കുളിക്കുന്നതിനും ഉപയോഗിക്കുന്നില്ല. തോടുകളിൽ ഇപ്പോൾ മീനും കുറവാണ്. പണ്ട് ഈ തോടുകളിൽ മത്സ്യസമ്പത്ത് ഏറെയുണ്ടായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികൾ എല്ലാ വർഷവും തോടുകൾ വൃത്തിയാക്കുവാൻ ഇറങ്ങാറുണ്ട്. എന്നാൽ തോട്ടിലെ ചെളി പുറ്റുകൾ വെട്ടി ഇളക്കി അവർ തോട്ടിലേക്ക് തന്നെ ഇടുകയാണ് ചെയ്യുന്നത്. ഇത് വീണ്ടും പുറ്റുകൾ ഉണ്ടാകുവാൻ കാരണമാകുന്നു. പണ്ട് തോട്ടിൽനിന്നും ഏലാകളിലേക്ക് വെള്ളം തിരിച്ചുവിടാനായി തടയണകൾ നിർമിച്ചിരുന്നു. ഇതിന് തോട്ടിൽ അവിടവിടെയായി ചീപ്പുകൾ (കോൺക്രീറ്റ് തൂണുകൾ) നിർമിച്ചിരുന്നു. ഈ തൂണുകൾക്കിടയിൽ പലകകൾ ഇട്ടാണ് വെള്ളം തടഞ്ഞിരുന്നത്. ഇപ്പോൾ ഈ തൂണുകൾക്കിടയിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടി വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. തോടുകളിൽക്കൂടി വെള്ളം വാർന്നുപോകാത്തതിനാൽ ഒരു ചെറിയ മഴപെയ്താൽപോലും ഏലാകളിൽ വെള്ളക്കെട്ടാണ്. ഇതിനാൽ പാടങ്ങളിൽ കൃഷിചെയ്ത വാഴ, ഇഞ്ചി, ചേന, വെറ്റ, പച്ചക്കറി തുടങ്ങിയവയൊക്കെ നശിക്കുകയാണ്. ആഴവും വീതിയും കൂട്ടണം :യന്ത്രങ്ങൾ ഉപയോഗിച്ച് തോടുകളിലെ ചെളി കോരിമാറ്റി ആഴവും വീതിയും കൂട്ടണം. തോടുകളുടെ കൈയ്യേറ്റം ഒഴിപ്പിക്കണം. തോട്ടുവരമ്പുകൾ ബലപ്പെടുത്തണം. എങ്കിലേ ഇനി കൃഷിസാധ്യമാകൂ. ഞങ്ങൾ ഇടത്തിട്ട മുണ്ടുകോണം ഏലായിൽ മൂന്നുപ്രാവശ്യം വിതച്ചത് വെള്ളംകയറി നശിച്ചു. കെ. ഗോപിനാഥൻപിള്ള, ഗായത്രി, അങ്ങാടിക്കൽ തെക്ക്.
