സ്ഫോടനം വേണ്ട, വർണാഭമാകണം -ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ To advertise here, കൊച്ചി: വെടിക്കെട്ടിനെ വർണാഭമാക്കാൻ വെളിച്ചസംവിധാനമാണ് കൂടുതൽ വേണ്ടതെന്നും ശബ്ദം കൂട്ടാനായി സ്ഫോടനം വർധിപ്പിക്കുകയല്ല വേണ്ടതെന്നും അന്വേഷണക്കമ്മിഷന്റെ ചെയർമാനായി സർക്കാർ നിയമിച്ച ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ 'മാതൃഭൂമി'യോട് പറഞ്ഞു. വേനൽ കത്തിനിൽക്കുമ്പോഴാണ് തൃശ്ശൂർപ്പൂരം. ധാരാളംപേരെ ജോലിക്കായി നിയോഗിക്കുമ്പോൾ കൂടുതൽ കരുതൽവേണം. ഉപയോഗിക്കുന്ന വെടിമരുന്നിന്റെ അളവടക്കം കുറയ്ക്കണം. പലപല ഷെഡുകളിലായിവേണം വെടിക്കോപ്പുകളുടെ നിർമാണം. അങ്ങനെയായാൽ അപകടം ഉണ്ടായാൽപ്പോലും തീവ്രത കുറയ്ക്കാനാകും. അശ്രദ്ധതന്നെയായിരിക്കും മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ അപകടത്തിലേക്ക് നയിച്ചത്. പണിക്കാർക്ക് സാങ്കേതിക അറിവും കുറവായിരിക്കും. മുൻകരുതലുകൾ പര്യാപ്തമായിരുന്നില്ല എന്നുവേണം കരുതാൻ. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിക്കാനാണ് സർക്കാർ ആവശ്യപ്പെടുന്നത് എന്നാണ് കരുതുന്നത്. ഡൽഹിയിൽനിന്ന് ശനിയാഴ്ച മടങ്ങിയെത്തിയശേഷം സംഭവസ്ഥലം സന്ദർശിക്കും -അദ്ദേഹം പറഞ്ഞു. വെടിക്കെട്ട് അപകടമുണ്ടായ സ്ഥലത്തിന് ചുറ്റുമുള്ള പാടത്ത് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ പോലീസ് പരിശോധിക്കുന്നു ആചാരമല്ല, ആഘോഷം മാത്രം -ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ തൃശ്ശൂർ: വെടിക്കെട്ട് മതപരമായ ആചാരമല്ലെന്നും ആഘോഷത്തിന്റെ ഭാഗം മാത്രമാണെന്നും പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം അന്വേഷിച്ച ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ. പുറ്റിങ്ങൽ അന്വേഷണ കാലയളവിൽ വ്യത്യസ്ത മതപുരോഹിതരിൽനിന്നുതന്നെ ഇക്കാര്യത്തിൽ വ്യക്തതവരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വെടിക്കെട്ട് ഒഴിവാക്കുന്നതിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. തെങ്ങുകളുൾപ്പെടെ കത്തിക്കരിഞ്ഞനിലയിലുള്ള, തീപ്പിടിത്തമുണ്ടായ മുണ്ടത്തിക്കോട് പടക്കനിർമാണശാലയുടെ ആകാശദൃശ്യം വെടിക്കെട്ടുമായി ബന്ധപ്പെട്ട് നിർമാണംമുതൽ പാലിക്കേണ്ട മാനദണ്ഡങ്ങളും ചട്ടങ്ങളും കടലാസിലുറങ്ങുകയാണ്. തൃശ്ശൂരിലും ഒട്ടേറെ വീഴ്ചയുണ്ടായിട്ടുണ്ട്. വെടിക്കെട്ട് നടക്കുന്നിടത്തുമാത്രമല്ല, നിർമാണസ്ഥലത്തും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം. അത്തരം പരിശോധനകൾ നടക്കുന്നില്ല. 2019-ൽ സർക്കാർ അംഗീകരിച്ച പുറ്റിങ്ങൽ അന്വേഷണ റിപ്പോർട്ടിലെ പ്രധാനനിർദേശമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ (എസ്.ഒ.പി.) ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും ജസ്റ്റിസ് ഗോപിനാഥൻ പറഞ്ഞു. തൃശ്ശൂർ വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനം കരിമരുന്നും ആനയും ആവശ്യമില്ല -സ്വാമി സച്ചിദാനന്ദ ശിവഗിരി: കരിമരുന്നും ആനയും ഉത്സവത്തിന് ആവശ്യമില്ലെന്ന ശ്രീനാരായണഗുരുവിന്റെ ഉപദേശത്തിലേക്ക് കേരളീയമനസ്സ് ഉണരണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. വെടിക്കെട്ട് അപകടംകൊണ്ടുള്ള ദോഷം മനസ്സിലാക്കിക്കൊണ്ടാണ് ഗുരുദേവൻ നൂറുവർഷം മുൻപ് ഈയൊരു ഉപദേശം നൽകിയത്. അതിനുശേഷം നൂറുകണക്കിന് ആളുകളാണ് വെടിക്കെട്ട് അപകടങ്ങളിൽ മരണപ്പെട്ടിട്ടുള്ളത്. ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ തലശ്ശേരി ജഗന്നാഥക്ഷേത്രത്തിലും വെടിക്കെട്ട് അപകടം ഉണ്ടായി. ഉത്സവത്തിന് ദേവപ്രീതിക്ക് ആനയോ വെടിക്കെട്ടോ അല്ല ആവശ്യമെന്ന് മനസ്സിലാക്കി പിന്മാറാനുള്ള മനോഭാവം കേരളീയജനതയ്ക്ക് ഉണ്ടാകണം. അതിനുവേണ്ടിയുള്ള ബോധവത്കരണ പ്രവർത്തനങ്ങളാണ് സർക്കാർ ചെയ്യേണ്ടതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. വെടിക്കെട്ട് അപകടം ഉണ്ടായ സ്ഥലത്തുനിന്ന് കിട്ടിയ വെടിമരുന്ന് അവശിഷ്ടങ്ങൾ ഫയർഫോഴ്സ് നിർവീര്യമാക്കുന്നു ഉത്സവങ്ങൾ മാറണം;വെടിക്കെട്ട് അവസാനിപ്പിക്കണം -ജസ്റ്റിസ് എ. ചിദംബരേഷ് കൊച്ചി: കാലഘട്ടത്തിനനുസരിച്ച് ഉത്സവങ്ങൾ മാറണമെന്നും വെടിക്കെട്ട് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്, ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വി. ചിദംബരേഷ് എഴുതിയ കത്ത് വീണ്ടും ചർച്ചയായി. 2016-ലെ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ജസ്റ്റിസ് ചിദംബരേഷ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കത്തെഴുതിയത്. ഇതിനെത്തുടർന്ന് സ്വമേധയാ വിഷയം ഹൈക്കോടതി പരിഗണിക്കുകയും ചെയ്തിരുന്നു. അന്ന് അമിക്കസ് ക്യൂറിയെയടക്കം നിയോഗിച്ച് വിഷയം ഹൈക്കോടതി പരിഗണിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. മുണ്ടത്തിക്കോട് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വിഷയം വീണ്ടും ഹൈക്കോടതി പരിഗണിച്ചേക്കും. മതവിശ്വാസത്തിനുള്ള ഭരണഘടനാപരമായ സ്വാതന്ത്ര്യം അപകടകരമായ സ്ഫോടകവസ്തു ഉപയോഗിക്കാനുള്ളതല്ല. നിരോധിക്കപ്പെട്ട പൊട്ടാസ്യം ക്ലോറൈറ്റുവരെ സ്ഫോടനത്തിന്റെ ശക്തികൂട്ടാനായി ഉപയോഗിക്കുകയാണ്. ജീവനാണ് ഏറ്റവും വിലപ്പെട്ട സൃഷ്ടി. അതിന് പകരമാകില്ല പണം. -അദ്ദേഹം കത്തിൽ പറയുന്നു. Content Highlights: Expert consensus on prioritizing light displays over explosive noise for festivals., Critical need to implement Standard Operating Procedures (SOP) from previous inquiry reports., Emphasis on strict safety audits at fireworks manufacturing sites., Call for social awareness to move away from dangerous explosive practices in religious events. Published: 23 Apr 2026, 10:47 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വെടിക്കെട്ട് ആചാരമല്ല ആഘോഷം മാത്രം, സ്ഫോടനങ്ങൾ ഒഴിവാക്കണം; ഉത്സവങ്ങൾ മാറണമെന്ന് പ്രമുഖർ
M
MathrubhumiSource Link
17 days ago