Last Updated: 21 April 2026, 11:54 PM IST മനുഷ്യരെ ഈവിധം അതിദാരുണമായ മരണത്തിലേക്കെറിഞ്ഞു കൊടുക്കുന്നത് ഇനിയുമിങ്ങനെ തുടരാനാകില്ല അനുഭവങ്ങളിൽനിന്നു പാഠമുൾക്കൊള്ളാത്തൊരു ജനതയാണു നമ്മളെന്നു ഖേദപൂർവം പറയേണ്ടിവരുകയാണ്. ഉഗ്രമായ വിസ്‌ഫോടനത്തിൽ ശരീരം ചിന്നിച്ചിതറിയും പൊള്ളിയുരുകിയും മരിക്കുകയെന്നുവെച്ചാൽ, മരണങ്ങളിൽവെച്ചേറ്റവും ഭയാനകമാണ് അത്. ഇത്തരം മരണത്തിലേക്ക് ആളുകളെ അറിഞ്ഞുകൊണ്ടു തള്ളിവിടുന്ന ഏർപ്പാടാണ് വെടിമരുന്നിന്റെ ഉപയോഗവും നിർമാണവും സംഭരണവും. മനുഷ്യജീവൻ അത്രയ്ക്കു വിലയില്ലാത്തതല്ലെന്നു പ്രത്യേകം പറയേണ്ടതില്ല. ഇങ്ങനെ മനുഷ്യജീവനെ തൃണവത്ഗണിക്കാൻമാത്രം അനുപേക്ഷണീയമാണോ ഈ വെടിക്കെട്ടെന്നുപറയുന്ന പരിപാടി? നിയമങ്ങൾ പാലിച്ചുചെയ്താൽപ്പോലും ആകസ്മികമായൊരു ദുരന്തത്തിന്റെ സാധ്യത എപ്പോഴും അതിലുണ്ട്. കാരണം, കൈകാര്യംചെയ്യുന്നത് വെടിമരുന്നാണ് എന്നതുതന്നെ. അപ്പോഴാണ്, ചിലേടങ്ങളിലൊക്കെ ചട്ടങ്ങൾ ലംഘിച്ചും നിയമസംവിധാനങ്ങളുടെ കൺകെട്ടിയും ഇതു ചെയ്യുന്നത്. ആചാരത്തിന്റെയും ആഘോഷത്തിന്റെയും പേരിലിങ്ങനെ അപായകരമാംവിധം വെടിപൊട്ടിക്കുന്നത് കേരളത്തിലല്ലാതെ മറ്റേതെങ്കിലും പരിഷ്‌കൃതസമൂഹത്തിലുണ്ടോ? ഉണ്ടെന്നുപറയാനാകില്ല. അപ്പോൾ, നമ്മുടെ കൊടികെട്ടിയ പരിഷ്‌കൃതത്വം വെടിക്കെട്ടിന്റെകാര്യത്തിലെത്തുമ്പോൾ മറകെട്ടിയ പ്രാചീനതയായി രൂപാന്തരപ്പെടുന്നുവോ? പത്തുവർഷംമുൻപ് ഇതുപോലൊരു ഏപ്രിൽമാസത്തിലാണ് കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ കേരളത്തിന്റെ ഹൃദയത്തെ കീറിമുറിച്ച വെടിക്കെട്ടപകടമുണ്ടായത്. ക്ഷേത്രത്തിലെ മീനഭരണിയുത്സവവെടിക്കെട്ടിനിടെ വെടിപ്പുരയ്ക്കു തീപിടിച്ചുണ്ടായ ദുരന്തത്തിൽ 109 പേരാണു മരിച്ചത്; ആയിരത്തിലേറെപ്പേർക്കു പരിക്കേറ്റു. പരിക്കേറ്റവരിൽ പലരും ജീവിതകാലത്തേക്ക് അംഗഭംഗം സംഭവിച്ചവരായി. ദുരന്തംസൃഷ്ടിച്ച മാനസികാഘാതത്തിൽനിന്നു മുക്തരായിട്ടില്ലാത്ത ദൃക്‌സാക്ഷികൾ ഇന്നുമുണ്ട്. നിയമവും നിർദേശങ്ങളും ലംഘിച്ച് മത്സരവെടിക്കെട്ടുനടത്താനായി സംഭരിച്ചുവെച്ച വെടിക്കോപ്പുകൾക്കാണു തീപിടിച്ചത്. 2016 ഏപ്രിൽ പത്തിനായിരുന്നു ദുരന്തം; അതേ ഉത്സവകാലത്തുതന്നെ പിന്നീട് പലേടത്തും വെടിക്കെട്ടുകൾ നടന്നു. അവ ആസ്വദിക്കുന്നതിൽനിന്ന്, പുറ്റിങ്ങലിന്റെ സമീപസ്മരണ ആരെയും തടസ്സപ്പെടുത്തിയില്ല. ഓർമ്മകൾ സമൂഹമനസ്സിൽ ഏറെ തങ്ങിനിൽക്കില്ലെന്നുപറയുന്നതിന്റെ മറ്റൊരു സാക്ഷ്യം. അതിനുശേഷം കഴിഞ്ഞ പത്തുവർഷത്തിനിടെ എത്രയെത്ര വെടിക്കെട്ടുകൾ നാം ഒരു കുറ്റബോധവുമില്ലാതെ, ഘോഷത്തിനൊട്ടും കുറവുവരുത്താതെ നടത്തി! 2024 ഫെബ്രുവരിയിൽ തൃപ്പൂണിത്തുറ ക്ഷേത്രോത്സവത്തിനെത്തിച്ച പടക്കം സൂക്ഷിച്ച കെട്ടിടത്തിൽ ഉഗ്രസ്‌ഫോടനമുണ്ടായതും അതേവർഷം ഒക്ടോബറിൽ കാസർകോട് നീലേശ്വരം കളിയാട്ടത്തിനിടെ പടക്കശേഖരത്തിനു തീപിടിച്ച് ആറുപേർ മരിച്ചതുമൊന്നും നമ്മെ അലോസരപ്പെടുത്തിയില്ല. കൂടുതൽ വലിയ ദുരന്തങ്ങൾക്കായി നാം കാത്തിരിക്കുകയായിരുന്നോ? എന്നിട്ടെന്ത്? നാം എന്തെങ്കിലും പഠിക്കുമോ? നന്നാകില്ലെന്നു നിശ്ചയിച്ചുറച്ചവരാണു നാം. മനുഷ്യരെ ഈവിധം അതിദാരുണമായ മരണത്തിലേക്കെറിഞ്ഞുകൊടുക്കുന്നത് ഇനിയുമിങ്ങനെ തുടരാനാകില്ല. വെടിക്കെട്ടും അതിനുവേണ്ടി സ്‌ഫോടനസാമഗ്രികളുടെ നിർമാണം, സംഭരണം എന്നിവയും നമുക്ക് ഇനിയും വേണോ എന്ന് അതിഗൗരവത്തോടെ ആലോചിക്കാൻ സമയമായി. നിയമവിധേയമായി നടക്കട്ടെ എന്ന നിലപാടിന് ഇനിയും സാംഗത്യമുണ്ടെന്നു കരുതാനാകില്ല. നിയമാനുസാരമാണെങ്കിലും അല്ലെങ്കിലും ഇതു തീപിടിച്ച കളിയാണ്. വിദൂരനിയന്ത്രിതസംവിധാനമുപയോഗിച്ച് വെടിക്കെട്ടു നടത്താമെന്നു ചിലർ നിർദേശിക്കുന്നുണ്ടെങ്കിലും അപ്പോഴും വെടിക്കോപ്പുകളുടെ നിർമാണവും സംഭരണവും തുടരുമെന്ന പ്രശ്നമുണ്ട്. നാം ഇതു സമ്പൂർണമായി അവസാനിപ്പിക്കേണ്ടതുണ്ട്. ലേസർ ഷോയിലൂടെ ആകാശത്തു വിരിയുന്ന പൂത്തിരികളാണ് ലോകത്തെങ്ങും ഈ രംഗത്തെ പുതുതരംഗം. ഇത്തരം പുതുമാതൃകകൾ പ്രാവർത്തികമാക്കാൻ നാം സന്നദ്ധത കാണിച്ചേപറ്റൂ. ആചരിക്കാനായാലും ആഘോഷിക്കാനായാലും വെടിപൊട്ടിയേതീരൂവെന്നില്ല. To advertise here, Published: 21 Apr 2026, 11:54 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
