വാഷിങ്ടൺ/ടെഹ്‌റാൻ: നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പലിനെ വെടിവെച്ച് കീഴടക്കിയതിന്റെ വീഡിയോയും വിശദാംശങ്ങളും പങ്കുവെച്ച് യുഎസ് സേന. ഇറാനിയൻ ചരക്കുകപ്പൽ പിടിച്ചെടുത്തതായി നേരത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് സെൻട്രൽ കമാൻഡ് സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്. To advertise here, ഇറാനിയൻ തുറമുഖത്തേക്ക് പോകാൻ ശ്രമിച്ച ഇറാൻ പതാകയുള്ള ചരക്ക് കപ്പലിനെയാണ് തടഞ്ഞതെന്ന് യുഎസ് സൈന്യം പറയുന്നു. അറബിക്കടലിന്റെ വടക്കൻ ഭാഗത്ത് 17 നോട്ടിക്കൽ മൈൽ വേഗതയിൽ ഇറാനിലെ ബന്ദർ അബ്ബാസിലേക്ക് യാത്ര ചെയ്യുകയായിരുന്ന എം/വി ടൗസ്ക എന്ന കപ്പലിനെയാണ് വെടിയുതിർത്ത ശേഷം കീഴടക്കിയത്. യുഎസ്എസ് സ്പ്രൂവൻസ് യുദ്ധക്കപ്പലാണ് ഇറാനിയൻ കപ്പലിനെ തടഞ്ഞത്. അമേരിക്കൻ സൈന്യം നിരവധി മുന്നറിയിപ്പുകൾ നൽകുകയും ഇറാന്റെ പതാകയുള്ള കപ്പൽ യു.എസ്. ഉപരോധം ലംഘിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തതായും സെൻട്രൽ കമാൻഡിന്റെ പ്രസ്താവനയിൽ പറയുന്നു. ആറ് മണിക്കൂറോളം തുടർച്ചയായി മുന്നറിയിപ്പുകൾ നൽകിയിട്ടും ടൗസ്‌കയിലെ ജീവനക്കാർ അത് പാലിക്കാതിരുന്നതിനെ തുടർന്ന്, എഞ്ചിൻ റൂം ഒഴിയാൻ നിർദേശിച്ചു. 5 ഇഞ്ച് എംകെ 45 ഗൺ ഉപയോഗിച്ച് ടൗസ്‌കയുടെ എഞ്ചിൻ റൂമിലേക്ക് നിരവധി തവണ വെടിയുതിർക്കുകയും കപ്പലിന്റെ പ്രൊപ്പൽഷൻ പ്രവർത്തനരഹിതമാക്കുകയും ചെയ്തു. യുഎസ് മറൈൻ സംഘം പിന്നീ ട് കപ്പലിലേക്ക് പ്രവേശിക്കുകയും കപ്പൽ കസ്റ്റഡിയിലാക്കുകയും ചെയ്തു. യുഎസ് മറൈനുകൾ യുഎസ്എസ് ട്രിപ്പോളിയിൽ നിന്ന് ഹെലികോപ്റ്ററിൽ പുറപ്പെട്ട് അറേബ്യൻ കടലിനു മുകളിലൂടെ സഞ്ചരിച്ച് എം/വി ടൗസ്‌കയിൽ കയറി പിടിച്ചെടുക്കുകയായിരുന്നതിന്റെ ദൃശ്യങ്ങളും യുഎസ് സേന പുറത്തുവിട്ടിട്ടുണ്ട്. യുഎസ് സൈന്യം വളരെ പ്രഫഷണലായിട്ടാണ് ഇടപെടൽ നടത്തിയതെന്നും സെൻട്രൽ കമാൻഡ് അവകാശപ്പെടുന്നു. നാവിക ഉപരോധം ആരംഭിച്ച ശേഷം ഇതുവരെ ഇറാനിയൻ തുറമുഖങ്ങൾ ലക്ഷ്യമാക്കിയുള്ള 25 കപ്പലുകളെ തടഞ്ഞിട്ടുണ്ടെന്നും യുഎസ് സൈന്യം കൂട്ടിച്ചേർത്തു. ഇറാനിയൻ വാണിജ്യ കപ്പലിനു നേരെ വെടിയുതിർത്ത് യുഎസ് വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇറാനിലെ ഉന്നത സൈനിക കമാൻഡായ ഖത്തം അൽ-അൻബിയ ആരോപിച്ചു. തിരിച്ചടിക്കുമെന്ന് ഇറാനിയൻ സായുധസേന അറിയിച്ചിട്ടുണ്ട്. ചൈനയിൽനിന്ന് വരികയായിരുന്ന കപ്പലാണ് യുഎസ് സൈന്യം പിടിച്ചെടുത്തതെന്നും ഇറാൻ അധികൃതർ വ്യക്തമാക്കി. ഹോർമുസിൽ കഴിഞ്ഞ ദിവസം ഇറാൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തത് വെടിനിർത്തൽ ലംഘനമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ആരോപിച്ചിരുന്നു. വെടിനിർത്തൽ കരാർ ലംഘന ആരോപണങ്ങൾക്കിടെ തിങ്കളാഴ്ച ഇസ്ലാമാബാദിൽ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന യുഎസ്-ഇറാൻ രണ്ടാംഘട്ട ചർച്ചകളെ അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്. യുഎസ് പ്രതിനിധി സംഘം ഇസ്ലാമാബാദിലേക്ക് പോകുന്നതായി ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ ചർച്ചയിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് ഇറാൻ. 'ഇസ്ലാമാബാദിൽ രണ്ടാം ഘട്ട ചർച്ചകൾ നടക്കുമെന്ന് പ്രചരിക്കുന്ന റിപ്പോർട്ടുകൾ തെറ്റാണ്' ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. യുഎസ്സിന്റെ അമിതമായ ആവശ്യങ്ങൾ, യുക്തിരഹിതവും യാഥാർത്ഥ്യബോധമില്ലാത്തതുമായ പ്രതീക്ഷകൾ, നിലപാടുകളിൽ തുടർച്ചയായ മാറ്റങ്ങളും വൈരുദ്ധ്യങ്ങളും, കൂടാതെ വെടിനിർത്തൽ കരാറിനെ ലംഘിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ പ്രസ്താവനകളോടുകൂടിയതുമായ നാവിക ഉപരോധം എന്നിവ ചർച്ചകൾക്ക് തടസ്സമായി നിൽക്കുന്നുവെന്നാണ് ഇർന റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം രണ്ടാംഘട്ട ചർച്ച നടക്കുമെന്ന പ്രതീക്ഷയിൽ പാകിസ്താനിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. ലോക്ക്ഡൗണിന് സമാനമായ സുരക്ഷാ മുന്നൊരുക്കങ്ങളാണ് ഇസ്ലാമാബാദിൽ. യുഎസ് പ്രതിനിധി സംഘം എത്തുന്നതിന് മുന്നോടിയായി യുഎസിന്റെ ഗ്ലോബ്മാസ്റ്റർ വിമാനങ്ങളടക്കം പാകിസ്താനിലെത്തിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം തന്നെ ഇറാനെ ചർച്ചയ്‌ക്കെത്തിക്കാനുള്ള സജീവ നീക്കങ്ങളിലാണ് പാക് പ്രധാനമന്ത്രിയും സൈനിക മേധാവി അസിംമുനീറും.

വെടിയുതിർത്ത് ഇറാനിയൻ കപ്പൽ പിടിച്ചെടുക്കുന്ന വീഡിയോ പുറത്തുവിട്ട് US; ചർച്ചയ്ക്കില്ലെന്ന് ഇറാൻ
M
MathrubhumiSource Link
20 days ago