നെടുമങ്ങാട് : ലഹരിക്കച്ചവടം എക്‌സൈസിനെ അറിയിച്ചതിന്റെ വൈരാഗ്യത്തിൽ എയർഗൺ ഉപയോഗിച്ച് വെടിവെച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. To advertise here, ആനാട് ചുള്ളിമാനൂർ ടോൾ ജങ്ഷനിൽ മർഹബ മൻസിലിൽ എൻ.അൻസറിനെ (28) ആണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ആനാട് ശക്തിപുരം വട്ടറത്തല ഷിബു ഭവനിൽ സഞ്ജയനെയാണ് പ്രതി വെടിവെച്ചത്. പ്രതിയുടെ വീട്ടിൽ ലഹരിവസ്തുക്കളുടെ കച്ചവടം നടത്തുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് രാത്രി 10.30-ന് സഞ്ജയൻ നെടുമങ്ങാട് തത്തംകോട്ടെ പച്ചക്കറിക്കടയിൽ നിൽക്കുമ്പോൾ കാറിൽ എത്തിയ അൻസർ അസഭ്യം പറഞ്ഞുകൊണ്ട് എയർഗൺ ഉപയോഗിച്ച് കഴുത്തിൽ കുത്തിപ്പിടിക്കുകയും വെടിവെയ്ക്കുകയും ചെയ്തു. സഞ്ജയൻ ഒഴിഞ്ഞുമാറിയതിനാൽ ഇടത് കൈയ്ക്കാണ് മുറിവേറ്റത്. രണ്ടാമത്തെ വെടി ഇടത് കൈത്തണ്ടയിലും കൊണ്ടു. സംഭവങ്ങൾക്ക് ശേഷം രണ്ടുമാസത്തോളം വിവിധ സ്ഥലങ്ങളിൽ ഒളിവിലായിരുന്നു പ്രതി. കഴക്കൂട്ടത്ത് ഹോം സ്റ്റേയിൽ ഒളിവിൽ കഴിയുന്നുവെന്ന രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. നെടുമങ്ങാട് എസ്.എച്ച്.ഒ. മോഹിത്ത്, എസ്.ഐ. മാരായ ജ്യോതിഷ്, അഭിജിത്ത്, എ.എസ്.ഐ. ബിജു സി., അരുൺ, അരുൺകുമാർ, രാഹുൽ ജോൺ, അനന്തു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വട്ടപ്പാറ, നെടുമങ്ങാട് പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണ് അൻസർ.

വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതി അറസ്റ്റിൽ
M
MathrubhumiSource Link
17 days ago