പകൽസമയത്തും പന്നികൾ നാട്ടിലിറങ്ങുന്നു To advertise here, വെള്ളനാട് : വെള്ളനാട് പഞ്ചായത്തിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷം. പന്നികളുടെ ആക്രമണം ഭയന്ന് നാട്ടുകാർക്ക് വീടിനു പുറത്തിറങ്ങാൻപോലും പറ്റാത്ത സ്ഥിതിയാണ്. പകൽസമയത്തുപോലും പന്നികൾ കൂട്ടമായി റോഡിലിറങ്ങുകയാണ്. ചാങ്ങ, വെളിയന്നൂർ, കിടങ്ങുമ്മൽ, കണ്ണമ്പള്ളി, ആശാരിമൂല, വെള്ളൂർക്കോണം, കടുക്കാമൂട്, വാളിയറ, കൂവക്കുടി, ആക്കയിൽ, അടീക്കലം, ചാങ്ങക്ഷേത്രം തുടങ്ങിയ ഗ്രാമീണമേഖലകളിലെല്ലാം കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. പ്രദേശങ്ങളിലെ കുട്ടികൾക്ക് സ്‌കൂളിൽ പോകാൻപോലും ഭയമായി തീർന്നിരിക്കുകയാണ്. വൈകുന്നേരങ്ങളിൽ സമീപ പ്രദേശങ്ങളിൽ ട്യൂഷനും മറ്റു ആവശ്യങ്ങൾക്കും ഒറ്റയ്ക്കുപോയ്‌ക്കൊണ്ടിരുന്ന കുട്ടികൾ ഇപ്പോൾ വീട്ടുകാരെ കൂട്ടിയാണ് പുറത്തിറങ്ങുന്നത്. പന്നികൾകാരണം കർഷകർക്ക് കൃഷിചെയ്യാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. കൂട്ടത്തോടെ കൃഷിയിടങ്ങളിലിറങ്ങുന്ന പന്നികൾ വ്യാപകമായി കാർഷികവിളകൾ നശിപ്പിക്കുകയാണ്. വിവിധതരം കൃഷികൾ വ്യാപകമായിരുന്ന ചാങ്ങ ഏലായിൽ പന്നികളുടെ ശല്യംകാരണം കർഷകർക്ക് കൃഷിചെയ്യാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. കൃഷ്ണൻനായർ, പുതുവീട് രജികുമാർ ചാങ്ങ സ്വദേശികളായ സുനിൽ, രജിത്ത് ഗോപകുമാർ, രാധു, ടൈറ്റസ് എന്നിവരുടെ വാഴക്കൃഷി നശിപ്പിച്ച പന്നികൾ അപ്പുനാടാർ, മുകുന്ദൻ നായർ, ശശിധരൻ നായർ എന്നിവരുടെ മരച്ചീനിക്കൃഷിയും പൂർണമായി നശിപ്പിച്ചു. പന്നികളെ പേടിച്ച് കർഷകർ തകരഷീറ്റുകൊണ്ട് വേലികൾകെട്ടി കൃഷിയിടം മറച്ചിട്ടാണ് കൃഷിചെയ്യുന്നത്. എന്നാൽ, രാത്രികാലങ്ങളിൽ കൂട്ടമായെത്തുന്ന പന്നികൾ ഷീറ്റുകൾ കുത്തിമറിച്ച് കൃഷിയിടത്തിൽ കയറി കാർഷികവിളകൾ നശിപ്പിക്കുകയാണ്. പന്നികളുടെ ശല്യംകാരണം കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ. കാടുപിടിച്ചുകിടക്കുന്ന പറമ്പുകളിലും ചതുപ്പുകളിലും കുന്നിൻചരിവുകളിലും താവളമുറപ്പിച്ചിരിക്കുന്ന കാട്ടുപന്നികൾ നാട്ടുകാർക്കും ഭീഷണിയായി തീർന്നിട്ട് കാലമേറെയായി. മാസങ്ങൾക്കുമുൻപ് വെളിയന്നൂർ സ്വദേശികളായ സോമൻ (58), പ്രസന്നൻ(47) എന്നിവരെ കാട്ടുപന്നികൾ ആക്രമിച്ചിരുന്നു. പന്നികളെ തുരത്താനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്ന് പഞ്ചായത്ത് മുൻ ഭരണസമിതിയുടെ കാലംമുതൽ പറയുന്നുണ്ടെങ്കിലും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഷൂട്ടറെ നിയമിക്കണം : പഞ്ചായത്തിൽ വ്യാപകമാവുന്ന പന്നിശല്യം നിയന്ത്രിക്കാൻ ഷൂട്ടറെ നിയമിക്കണം. നാട്ടുകാർക്കും കാർഷികവിളകൾക്കും പന്നികൾ ഭീഷണിയായി. കടം വാങ്ങിയും ലോണെടുത്തും കൃഷിചെയ്യുന്ന കർഷകരുടെ ജീവിതം ദുരിതത്തിലാണ്. കർഷകരെ ആത്മഹത്യയിലേക്കു തള്ളിവിടാതെ പ്രശ്നം പരിഹരിക്കണം. ചാങ്ങ സുനിൽ, പ്രസിഡൻറ്്, ദേവീവിലാസം എൻ.എസ്.എസ്. കരയോഗം, ചാങ്ങ

വെള്ളനാട് കാട്ടുപന്നികളുടെ ശല്യം രൂക്ഷം; കൃഷിചെയ്യാനാകാതെ കർഷകർ
M
MathrubhumiSource Link
about 2 months ago