വെള്ളമാണ്, കുപ്പത്തൊട്ടിയല്ല

വെള്ളമാണ്, കുപ്പത്തൊട്ടിയല്ല

വേനലിൽ മാലിന്യംതള്ളൽ കേന്ദ്രമായി ടി.എ. കനാൽ To advertise here, മാവേലിക്കര : താലൂക്കിലെ പ്രധാന ജലസ്രോതസ്സുകളിലൊന്നായ ടി.എ. കനാൽ വേനൽ കടുത്തതോടെ നീരൊഴുക്കു നിലച്ച് മാലിന്യംതള്ളൽ കേന്ദ്രമായി. ചിലയിടങ്ങളിൽ കനാലിൽ നാമമാത്രമായ അളവിൽ വെള്ളമുണ്ടെങ്കിലും പോള വളർന്ന് ഒഴുക്കുനിലച്ച നിലയിലാണ്. നൂറുകണക്കിനു പ്ലാസ്റ്റിക് കുപ്പികളും ഇറച്ചിക്കോഴി അവശിഷ്ടങ്ങളും ശൗചാലയമാലിന്യവുമൊക്കെ കനാലിലേക്കാണ് ഉപേക്ഷിക്കുന്നത്. കനാലിനു സമീപം താമസിക്കുന്നവരും കരയിലൂടെ യാത്രചെയ്യുന്നവരും ഇതുമൂലം ദുരിതത്തിലാണ്. ടി.എ. കനാൽ എന്നറിയപ്പെടുന്ന തൊടിയൂർ-ആറാട്ടുകടവ് കനാൽ കരുനാഗപ്പള്ളി താലൂക്കിലെ തൊടിയൂരിൽനിന്നാണ് തുടങ്ങുന്നത്. വള്ളികുന്നം, ഭരണിക്കാവ്, തെക്കേക്കര പഞ്ചായത്തുകളിലൂടെ ഒഴുകിയെത്തി മാവേലിക്കര നഗരസഭയിലെ കണ്ടിയൂർ പറക്കടവിനു സമീപംവെച്ച് അച്ചൻകോവിലാറ്റിൽ ചേരുന്നു. ഹരിതകേരള മിഷൻ നീർച്ചാലുകളുടെ സംരക്ഷണപ്രവർത്തനങ്ങളുടെ ഭാഗമായി ആറുവർഷം മുൻപ് 25 ലക്ഷം രൂപ ചെലവഴിച്ച് പരമ്പരാഗത നീർച്ചാലുകൾ തെളിച്ച് കനാലിന്റെ നവീകരണം നടത്തിയെങ്കിലും അതു പൂർണമായിരുന്നില്ല. മഴപെയ്താലുടൻ പോളനിറഞ്ഞ് കനാലിലെ ഒഴുക്കു നിലയ്ക്കുന്നതാണ് ഏതാനും വർഷങ്ങളായി നേരിടുന്ന പ്രശ്നം. വേനൽക്കാലത്ത് കനാലിൽ ഉപേക്ഷിക്കുന്ന മാലിന്യവും മഴക്കാലത്ത് തിമർത്തുവളരുന്ന പോളയും പ്രദേശവാസികളുടെ ആരോഗ്യത്തിനുതന്നെ ഭീഷണിയാണ്. കാലവർഷം കനക്കുന്നതോടെ ജലനിരപ്പുയരുന്ന കനാലിലൂടെ ധാരാളം മാലിന്യമാണ് ഒഴുകിയെത്തുന്നത്. വെള്ളത്തിന്റെ സുഗമമായ ഒഴുക്കിനു പോള തടസ്സമാകുന്നതോടെ കനാൽ കരകവിഞ്ഞ് സമീപ പുരയിടങ്ങളിലൂടെയും വീട്ടുമുറ്റങ്ങളിലൂടെയുമാണ് ഒഴുകുന്നത്. മുൻവർഷങ്ങളിൽ കാലവർഷം കനക്കുമ്പോൾ കനാൽ കവിഞ്ഞൊഴുകി ഇരുകരകളിലുമുള്ള ഒട്ടേറെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. തോട്ടിലൂടെ ഒഴുകിയെത്തിയ പ്ലാസ്റ്റിക് മാലിന്യം, ഗാർഹികമാലിന്യം, ചത്ത മൃഗങ്ങളുടെ അവശിഷ്ടങ്ങൾ എന്നിവ വെള്ളമിറങ്ങുന്നതോടെ വീട്ടുമുറ്റങ്ങളിലും പറമ്പുകളിലും കെട്ടിക്കിടക്കും. കനാലിനു കുറുകേയുള്ള പാലങ്ങളുടെ സമീപത്തും വൻതോതിൽ മാലിന്യം അടിഞ്ഞുകൂടാറുണ്ട്. വേനൽക്കാലത്ത് കനാലിലെ മാലിന്യം നീക്കംചെയ്ത് ആഴം കൂട്ടുകയും പാർശ്വഭിത്തി കെട്ടുകയും ചെയ്താൽ മേഖലയിലെ പ്രധാന നീരൊഴുക്കുതോടായ ടി.എ. കനാൽ സംരക്ഷിക്കാൻ കഴിയും. തോടിന്റെ പരിപാലനച്ചുമതലയുള്ള മൈനർ ഇറിഗേഷൻ അധികൃതർ എല്ലാവർഷവും ഇതിനായി രൂപരേഖ തയ്യാറാക്കി സർക്കാരിലേക്കു സമർപ്പിക്കാറുണ്ടെങ്കിലും തുടർനടപടികൾ ഉണ്ടാകാറില്ല.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വെള്ളമാണ്, കുപ്പത്തൊട്ടിയല്ല — Mathrubhumi | Boolokam | Boolokam