23-ന് രാവിലെ നിലത്തിൽപ്പോര് To advertise here, നേമം : വെള്ളായണി ദേവീക്ഷേത്രത്തിൽ കാളിയൂട്ട് ഉത്സവത്തോടനുബന്ധിച്ചുള്ള ചരിത്രപ്രസിദ്ധമായ പറണേറ്റ് 22-ന് രാത്രി 10.15-ന് തുടങ്ങും. തെങ്ങും കമുകും ഉപയോഗിച്ച് നിർമിച്ച പറണിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ദേവിക്കും ദാരികനും വേണ്ടി അഭിമുഖമായി രണ്ട് പറണുകളാണ് ക്ഷേത്രപരിസരത്ത് ഉയർത്തിയത്. ദേവിക്ക് അറുപതടി ഉയരത്തിലും ദാരികന് അതിന്റെ പകുതി ഉയരത്തിലുമാണ് പറണ് നിർമിച്ചത്. ദേവിയിരുന്ന അണിയറ പന്തൽ പൊളിച്ച് ദാരികനും സംഘവും തെക്കെദിക്കിലെ പറണിൽ കയറുന്നതോടെ ദേവിയും ദാരികനും തമ്മിൽ മുഖാമുഖം തോറ്റംപാട്ടിലൂടെ പോർവിളി തുടങ്ങും. പോരിനിടയിൽ പലതവണ ആയുധങ്ങളായി സങ്കൽപ്പിച്ച് തീപ്പന്തങ്ങൾ എറിയുകയും പോർവിളികൾ നടത്തുകയും ചെയ്യും. ഏഴു പോരിന് ശേഷം ആകാശത്തിൽ വച്ച് ദാരികനെ വധിക്കാനാകാതെ ബ്രഹ്മമുഹൂർത്തത്തിൽ ദേവി പറണിൽ നിന്നിറങ്ങി നിലത്തിൽ പോരിൽ ദാരികനെ വധിക്കും. 23-ന് രാവിലെ ഏഴിനാണ് നിലത്തിൽ പോര് തുടങ്ങുക. വൈകീട്ട് നാലിന് ആറാട്ട് കഴിഞ്ഞ് രാത്രി 10.15-ന് താലപ്പൊലിയോടുകൂടി തങ്കത്തിരുമുടി അകത്തെഴുന്നള്ളിക്കുന്നതോടെ അറുപത്തിയെട്ട് ദിവസം നീണ്ടുനിന്ന കാളിയൂട്ടുത്സവത്തിന് സമാപനമാകും. നേമം കെ.എസ്.ഇ.ബി.യുടെ നേതൃത്വത്തിലാണ് പറണിലെ ദീപാലങ്കാരം. ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ കാലൻ പുറപ്പാട് ചൊവ്വാഴ്ച രാത്രി നടന്നു. 23-ന് പ്രാദേശിക അവധി : വെള്ളായണി കാളിയൂട്ടുത്സവത്തിനോടനുബന്ധിച്ച് നിലത്തിൽപ്പോര് നടക്കുന്ന 23-ന് കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കല്ലിയൂർ, പള്ളിച്ചൽ, ബാലരാമപുരം, വെങ്ങാനൂർ പഞ്ചായത്തുകളിലേയും തിരുവല്ലം ഉൾപ്പെടെ ഇപ്പോൾ കോർപ്പറേഷൻ പരിധിയിലുള്ള പ്രദേശങ്ങളിലുമാണ് അവധി. സർക്കാർ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവൃത്തിക്കില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല.
