വെഞ്ഞാറമൂട് : സർവമത തീർഥാടനകേന്ദ്രമായ വേങ്കമലയിലെ പൊങ്കാലയടുപ്പുകളിൽ ഇത്തവണ വേങ്കമല ഭഗവതിക്ഷേത്രത്തിലെ തീർഥജലത്തോടൊപ്പം പൊന്മുടി ഉൾവനത്തിലെ സീതാതീർഥത്തിലെ ജലവും ചേർക്കും. To advertise here, വനവാസകാലത്ത് ശ്രീരാമനും സീതാദേവിയും ദാഹമകറ്റാൻ സീതാതീർഥത്തെ ആശ്രയിച്ചുവെന്നാണ് ഐതിഹ്യം. ഗോത്രവർഗക്കാരുടെ പരിപാലനത്തിലുള്ള സീതാതീർഥത്തിലെ മകരപ്പൊങ്കൽ ഉത്സവത്തിന് വേങ്കമല ക്ഷേത്രത്തിലെ പൂജാരിമാർ എത്തിയിരുന്നു. ഇതിന്റെ തുടർച്ചയായും ഗോത്രസമൂഹത്തിന്റെ ആഗ്രഹപ്രകാരവുമാണ് സീതാതീർഥത്തിലെ പുണ്യജലം വേങ്കമല ഭഗവതിക്കു നേർച്ചയായി സമർപ്പിക്കാൻ തീരുമാനിച്ചത്. വനംവകുപ്പിന്റെ കർശന നിയന്ത്രണമുള്ള ഉൾവനത്തിൽനിന്നു പ്രത്യേക അനുമതിയോടെയാണ് ജലം ശേഖരിക്കുന്നത്. സീതാതീർഥത്തിൽ മകരപ്പൊങ്കൽ ദിവസമാണ് ഉത്സവം നടക്കുന്നത്. ആ ദിവസം മാത്രമാണ് ക്ഷേത്രത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം നൽകുന്നത്. വ്യാഴാഴ്ച വൈകീട്ടോടെ സീതാതീർഥത്തിൽ നടത്തുന്ന പ്രത്യേക പൂജകൾക്കുശേഷമാണ് പുണ്യജലം ശേഖരിച്ചത്. കുംഭകുട ഘോഷയാത്രയായി ഈ തീർഥജലം വെള്ളിയാഴ്ച രാവിലെ വേങ്കമലയിലെത്തിക്കും. വെള്ളിയാഴ്ച രാവിലെ 8.45-ന് വേങ്കമല ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എം.എസ്.സുബീഷ്, സെക്രട്ടറി എസ്.ആർ.ആദർശ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് ക്ഷേത്രമുറ്റത്ത് ഒരുങ്ങുന്ന പൊങ്കാലയടുപ്പുകളിൽ ഈ പുണ്യജലം പകർന്ന് പൊങ്കാല സമർപ്പണം നടക്കും. മുഖ്യപൂജാരി കെ.മല്ലൻകാണി, പ്ലാത്തി കെ.രാമൻ കാണി, പൂജാരി മണികണ്ഠൻ എന്നിവരുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ. സീതാതീർഥം ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എം.മാത്തൻ, സെക്രട്ടറി ഐ.രജിത്രലേഖ, ഭാരവാഹികളായ എസ്.കുട്ടപ്പൻ കാണി, ആർ.അനന്ദു, ആർ.സി.സുമേഷ് എന്നിവരടങ്ങുന്ന സംഘമാണ് തീർഥജലവുമായി വേങ്കമലയിലെത്തുന്നത്. പൊങ്കാല ഇന്ന് വെഞ്ഞാറമൂട് : സർവമത തീർഥാടനകേന്ദ്രമായ വേങ്കമല ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു വെള്ളിയാഴ്ച നടക്കുന്ന പൊങ്കാലയ്ക്ക് ആയിരത്തോളം ഭക്തർ പങ്കെടുക്കും. രാവിലെ 10.30-ന് ക്ഷേത്ര പൂജാരിമാരുടെ നേതൃത്വത്തിൽ പണ്ടാരയടുപ്പിൽ തീ പകരുന്നതോടെ പൊങ്കാലയ്ക്കു തുടക്കമാകും. ക്ഷേത്രപരിസരത്തിനു പുറമേ പുത്തൻപാലം-ചുള്ളാളം റോഡ്, വേങ്കമല-മുളങ്കാട് റോഡ് ഉൾപ്പെടെയുള്ള പത്ത് കിലോമീറ്റർ പരിധിയിൽ ഭക്തർക്ക് പൊങ്കാല അർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വെഞ്ഞാറമൂട് ഉൾപ്പെടെയുള്ള വിവിധ ഡിപ്പോകളിൽനിന്ന് കെ.എസ്.ആർ.ടി.സി. ബസുകൾ പ്രത്യേക സർവീസുകൾ നടത്തും. ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾ വെഞ്ഞാറമൂടുനിന്നു സൗജന്യയാത്രയ്ക്കായി ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിലെ അന്നദാനത്തിനു പുറമേ വിവിധ സന്നദ്ധസംഘടനകളും പൊങ്കാലയർപ്പിക്കാനെത്തിയവർക്കു അന്നദാനം നടത്തും. പൊങ്കാലയ്ക്ക് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. Published: 27 Mar 2026, 02:10 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വേങ്കമല പൊങ്കാലയ്ക്ക് സീതാതീർഥത്തിലെ ജലവും
M
MathrubhumiSource Link
about 1 month ago