കോന്നി: ആനത്താവളത്തിന് പുറമേ ഗവ.മെഡിക്കൽ കോളേജും താലൂക്ക് ആശുപത്രിയും താലൂക്ക് ഓഫീസും അനുബന്ധ വികസനവും വന്നതോടെ കോന്നി കവലയിലും ഗതാഗതക്കുരുക്ക് പതിവ് സംഭവമാണ്. To advertise here, മൂവാറ്റുപുഴ-പുനലൂർ റോഡ് ഉന്നത നിലവാരത്തിൽ നിർമിച്ചതോടെ തൃശ്ശൂർ, തിരുവനന്തപുരം, തേക്കടി, കുമളി മറ്റ് ഹൈറേഞ്ച് പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുന്നവരും കോന്നി റോഡിനെയാണ് ആശ്രയിക്കുന്നത്. രാത്രികാല ബസ് സർവീസുകൾ വടക്കൻ ജില്ലകളെ ബന്ധിപ്പിച്ച് കോന്നി വഴി കടന്നുപോകുന്നുണ്ട്. എം.സി. റോഡിന് സമാന്തരമായിട്ടുള്ള പാതയായി മൂവാറ്റുപുഴ-പുനലൂർ റോഡും വികസിച്ചു. 787 കോടി രൂപ മുടക്കിയാണ് ലോക ബാങ്കിന്റെ സഹായത്തോടെ റോഡ് നവീകരിച്ചത്. കെ.എസ്.ടി.പി. പദ്ധതിയിലാണ് പണി നടന്നത്. വാഹനഗതാഗതം കൂടുകയും ഗ്രാമങ്ങൾ നഗരങ്ങളായി മാറുകയും ചെയ്തു എന്ന പ്രത്യേകത പുതിയ റോഡ് വന്നതോടെ ഉണ്ടായി. പ്രധാന കവലകളിൽഒന്നും ഗതാഗത നിയന്ത്രണത്തിന് ആധുനിക സംവിധാനങ്ങൾ ഇല്ല. ഹോംഗാർഡുകളാണ് ഗതാഗത നിയന്ത്രണത്തിനുള്ളത്. അവരുടെ പരിധിക്കപ്പുറത്താണ് ചില ദിവസങ്ങളിൽ കോന്നി കവലയിലെ വാഹനത്തിരക്ക്. തിങ്കളാഴ്ച ദിവസം ഉച്ചവരെ കോന്നി കവലയിൽ കൂടി കടന്ന് പോകണമെങ്കിൽ വാഹനങ്ങൾ ബുദ്ധിമുട്ടും. ചന്ദനപ്പള്ള-കോന്നി, പുനലൂർ-കോന്നി, മെഡിക്കൽ കോളേജ്-കോന്നി, കുമ്പഴ റോഡുകൾ ചേരുന്ന കോന്നി കവലയിൽ ട്രാഫിക് സിഗ്നൽ ആവശ്യമാണ്. കെ.എസ്.ടി.പി. പദ്ധതിയിൽ സിഗ്നൽ സ്ഥാപിക്കാൻ വ്യവസ്ഥ ഇല്ലായിരുന്നു എന്നാണ് അവർ പറയുന്നത്. കോന്നി താലൂക്ക് വികസന സമിതിയിൽ ട്രാഫിക്ക് സിഗ്നൽ വേണമെന്നാവശ്യപ്പെട്ട് കോന്നി പഞ്ചായത്ത് പ്രസിഡന്റായിരുന്ന അനി സാബു തോമസ് നിരന്തരം പരാതി പറയുമായിരുന്നു. നടക്കാതെ വന്നപ്പോൾ മുഖ്യമന്ത്രിക്ക് വരെ പരാതി അയച്ചു. ഡിവൈ.എസ്.പി.യോട് ഇത് സംബന്ധിച്ച റിപ്പോർട്ടും ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടിരുന്നു. വിനോദസഞ്ചാര കേന്ദ്രത്തിലേക്കും കോന്നിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സർക്കാർ ഓഫീസുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് വരുന്നവരുടെ തിരക്ക് കൂടുതലാണ്. റോഡും നാടും മാറിയപ്പോൾ അതിനനുസരിച്ചുള്ള പരിഷ്‌കാരങ്ങളും കോന്നിയിൽ ഗതാഗത നിയന്ത്രണത്തിന് വേണ്ടതാണ്. ട്രാഫിക് സിഗ്നൽ സ്ഥാപിക്കാനുള്ള ചെലവും ചുമതലയും പഞ്ചായത്തോ സർക്കാരോ ഏറ്റെടുത്താൽ നടക്കുമെന്നാണ് സാധാരണക്കാരുടെ പ്രതീക്ഷ.
