ആറ്റിങ്ങൽ : വരൾച്ച രൂക്ഷമായതോടെ കുളങ്ങളും നീരുറവകളുമെല്ലാം വറ്റി. പൈപ്പുവെള്ളം കിട്ടാനില്ല. കുടിവെള്ളത്തിനായി ജനങ്ങൾ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. To advertise here, വെള്ളമുള്ള കിണറുകളിൽനിന്ന് തലച്ചുമടായിട്ടാണ് പലരും വീട്ടാവശ്യത്തിനുള്ള വെള്ളമെത്തിക്കുന്നത്. വാമനപുരം ആറ്റിൽ ഒഴുക്ക് നിലയ്ക്കുകയും കുടിവെള്ളപദ്ധതികൾക്ക് ആവശ്യമായ വെള്ളമില്ലാതെ വരികയും ചെയ്തതാണ് വലിയ പ്രതിസന്ധിക്കിടയാക്കിയിട്ടുള്ളത്. ആറ്റിലെ കുഴികളിൽ കെട്ടിനിൽക്കുന്ന വെള്ളം പമ്പുസെറ്റുകൾ വെച്ച് കിണറുകളിലേക്കെത്തിച്ചാണ് പദ്ധതികളിലേക്ക് വെള്ളം എടുക്കുന്നത്. മൂന്നു പമ്പുസെറ്റുകൾ അഞ്ചു മണിക്കൂറെങ്കിലും പ്രവർത്തിച്ചാൽ മാത്രമേ സംഭരണിയിലേക്ക് കുറച്ചെങ്കിലും വെള്ളം പമ്പ് ചെയ്തെടുക്കാനാകൂ . ഉയർന്ന പ്രദേശങ്ങളിലെ കിണറുകൾ വറ്റിയിട്ട് ആഴ്ചകളായി. താഴ്ന്ന പ്രദേശങ്ങളിലെ കിണറുകളിലും ഇപ്പോൾ വെള്ളം തീരെയില്ലാത്ത അവസ്ഥയാണ്. അപൂർവം ചില കിണറുകളിലാണ് ആവശ്യത്തിന് വെള്ളമുള്ളത്. ഇത്തരം കിണറുകളെ നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നുണ്ട്. പൊതുകിണറുകളും കുളങ്ങളും സംരക്ഷണമില്ലാതെ നശിച്ചത് വേനലിനെ നേരിടാൻ കഴിയാത്തതിന് പ്രധാനകാരണമായി. കുളങ്ങൾ വറ്റിയതാണ് സമീപപ്രദേശങ്ങളിലെ കിണറുകൾ വറ്റാനിടയാക്കിയത്. കുളിക്കാനും തുണിയലക്കാനുമെല്ലാം ആളുകൾ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഉപജീവനത്തിനായി കന്നുകാലികളെ വളർത്തുന്നവരാണ് വലിയ കഷ്ടമനുഭവിക്കുന്നത്. ചൂട് നിമിത്തം കന്നുകാലികൾക്ക് അസുഖം വരാതിരിക്കാനുള്ള കരുതലെടുക്കാൻ പലർക്കും കഴിയുന്നില്ല. കറവപ്പശുക്കൾ കുഴഞ്ഞുവീഴുമോയെന്ന ആശങ്കയിലാണ് പല ക്ഷീരകർഷകരും. കിണറുകളിൽനിന്ന് തലച്ചുമടായെത്തിക്കുന്ന വെള്ളംകൊണ്ട് ഇടയ്ക്കിടെ കന്നുകാലികളെ നനച്ചുനിർത്തിയാണ് പലരും ചൂടിൽ നിന്ന് അവയെ സംരക്ഷിക്കുന്നത്. ഓരോ മണിക്കൂറിടവിട്ടു കന്നുകാലികൾക്ക് കുടിക്കാൻ വെള്ളം കൊടുക്കേണ്ടിവരുന്നുണ്ടെന്നും കർഷകർ പറയുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വർഷങ്ങൾക്കുമുൻപ് ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുഴൽക്കിണറുകൾ നിർമിച്ചിരുന്നു. ചിലയിടങ്ങളിൽ കുഴൽക്കിണറുകളിൽ നിന്ന് വെള്ളമെടുത്ത് സംഭരണിയിലാക്കി പൈപ്പ് സ്ഥാപിച്ച് വീടുകളിൽ വിതരണം ചെയ്യുന്ന ചെറുകിട പദ്ധതികളും നടപ്പാക്കിയിരുന്നു. എന്നാലിപ്പോൾ ഈ കുഴൽക്കിണറുകളിൽ അഞ്ചുശതമാനം പോലും പ്രവർത്തിക്കുന്നില്ല. കാലാകാലങ്ങളിൽ സംരക്ഷണമില്ലാതെ പോയതാണ് കാരണം. പൈപ്പുവെള്ളം ആവശ്യത്തിന് ലഭ്യമാകാത്ത സാഹചര്യത്തിൽ കുടിവെള്ളപ്രശ്‌നം പരിഹരിക്കാൻ ശക്തമായ നടപടി വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ലോറികളിൽ വെള്ളമെത്തിക്കുന്നുണ്ടെങ്കിലും ഇത് തുടർച്ചയായി കിട്ടാത്തത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ജില്ലാതലത്തിൽ ശക്തമായ നടപടികൾ വേണമെന്നാണ് ആവശ്യം.
