കുറ്റിക്കോൽ : വേനൽ കടുത്തതോടെ ജനങ്ങളെ ദുരിതത്തിലാക്കി വൈദ്യുതിമുടക്കവും പതിവാകുന്നു. കഴിഞ്ഞ ഒരുമാസമായി കുറ്റിക്കോൽ സെക്ഷൻ ഓഫീസിന് കീഴിൽ മണിക്കൂറുകളോളമാണ് വൈദ്യുതി മുടങ്ങിയത്. ഒരു മണിക്കൂറിനിടെ മൂന്നും നാലും തവണയാണ് വൈദ്യുതി വന്നും പോയുമിരിക്കുന്നതെന്ന് ഉപഭോക്താക്കൾ പറയുന്നു. ഇത് കാർഷികമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. പകൽസമയം ജലസേചനം നടത്താനാവുന്നില്ല. To advertise here, രാത്രിയിലും കഥ വ്യത്യസ്തമല്ല. എങ്കിലും വൈദ്യുതിമുടങ്ങുന്നതിന്റെ അളവ് കുറവായതിനാൽ കർഷകർ ഉറക്കമൊഴിച്ചാണ് ഇപ്പോൾ ജലസേചനം നടത്തുന്നത്. പരീക്ഷാക്കാലം പരീക്ഷണക്കാലമായിരുന്നെന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം. എസ്.എസ്.എൽ.സി., പ്ലസ്‌ടു, ഡിഗ്രി പരീക്ഷകൾ ഒരേസമയത്ത് വന്നതോടെ ചില വീട്ടുകാർ സൗരോർജസംവിധാനത്തിലേക്ക് മാറാനും ഇൻവെർട്ടർ ഘടിപ്പിക്കാനും നിർബന്ധിതരായി. ചൂട് ക്രമാതീതമായി കൂടിയതോടെ പലർക്കും പുറംജോലിക്ക് പോകാനാകുന്നില്ല. കൂടാതെ, അവധിക്കാലമായതോടെ കുട്ടികൾക്ക് പുറത്ത് കളിക്കാനോ അകത്തിരിക്കാനോ പറ്റാത്ത സ്ഥിതിയാണെന്നാണ് ചില രക്ഷിതാക്കളുടെ പരാതി. സ്ഥിരമായ വൈദ്യുതിമുടക്കം ചെറുകിട വ്യവസായമേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്. വേനൽമഴ ചതിച്ചു; ഉപഭോഗം കൂടി ഈ വർഷം വേനൽ മഴ കുറഞ്ഞത് വൈദ്യുതി ഉപഭോഗം വർധിക്കാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഇതുമൂലം കാർഷികമേഖലയിൽ ജലസേചനസമയം വർധിക്കുകയും വൈദ്യുതി കൂടുതൽ ഉപയോഗിക്കുകയും ചെയ്യുന്നു. വേനൽ കടുത്തതോടെ വീടുകളിൽ എയർ കണ്ടീഷനറുകളുടെ അമിതമായ ഉപയോഗവും വർധനയ്ക്ക് കാരണമായി. ഗ്യാസിന്റെ ലഭ്യത കുറഞ്ഞത് അടുക്കളയിലെ വൈദ്യുതി ഉപയോഗം വർധിപ്പിച്ചിട്ടുണ്ട്. വൈദ്യുതി എത്തുന്നത് നാല് സബ് സ്റ്റേഷനുകളിൽനിന്ന് കുറ്റിക്കോൽ സെക്ഷൻ പരിധിയിലേക്ക് വൈദ്യുതി എത്തുന്നത് മുള്ളേരിയ, മയിലാട്ടി, ബേളൂർ, രാജപുരം എന്നീ നാല് സബ് സ്റ്റേഷനുകളിൽനിന്നാണ്. മലയോരമേഖലയായതിനാൽ മരങ്ങൾ ഒടിഞ്ഞുവീണും മറ്റ് അപകടങ്ങൾ സംഭവിച്ചും ഒരു സബ് സ്റ്റേഷനിൽനിന്ന് വൈദ്യുതിവിതരണം തടസ്സപ്പെട്ടാൽ മറ്റ് സബ് സ്റ്റേഷനുകളിൽനിന്ന് ലഭിക്കുന്ന വൈദ്യുതികൊണ്ട് ക്രമീകരിക്കാനാവുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. അത്തരം സന്ദർഭങ്ങളിൽ ചിലയിടങ്ങളിലേക്കുള്ള വൈദ്യുതിവിതരണം തടസ്സപ്പെടും. ഉഡുപ്പി-കരിന്തളം പവർഹൈവേയുടെ നിർമാണപ്രവൃത്തി നടന്നതും വൈദ്യുതിതടസ്സത്തിന് കാരണമായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കുറ്റിക്കോൽ സബ്‌സ്റ്റേഷൻ പരിഹാരം കുറ്റിക്കോൽ സെക്ഷന് കീഴിലെ വൈദ്യുതിതടസ്സം കുറ്റിക്കോൽ സബ്സ്റ്റേഷൻ യാഥാർഥ്യമാകുന്നതോടെ പരിഹരിക്കപ്പെടുമെന്ന് കുറ്റിക്കോൽ സെക്ഷൻ അസി. എൻജിനീയർ വി.പവിത്രൽ പറഞ്ഞു. ഉപഭോഗം കൂടിയതോടെ ഇപ്പോൾ നാല് സബ് സ്റ്റേഷനുകളിൽനിന്ന് ലഭിക്കുന്ന വൈദ്യുതി വിതരണത്തിന് തികയുന്നില്ല. ഇത് ചിലയിടങ്ങളിൽ കൂടുതൽ സമയം വൈദ്യുതിതടസ്സത്തിന് കാരണമായിട്ടുണ്ട്. കുറ്റിക്കോൽ സബ്സ്റ്റേഷൻ യാഥാർഥ്യമാകുന്നതോടെ വൈദ്യുതിയുടെ ലഭ്യത വർധിക്കും. സബ്‌സ്റ്റേഷന്റെ നിർമാണപ്രവൃത്തി അവസാനഘട്ടത്തിലാണെന്നും രണ്ട് മാസത്തോടെ പൂർത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അസി. എൻജിനീയർ പറഞ്ഞു.

വേനൽ കടുക്കുന്നു; മലയോരത്ത് വൈദ്യുതിമുടക്കം പതിവ്
M
MathrubhumiSource Link
21 days ago