വിതുര : വേനൽ കടുത്ത് ജലക്ഷാമം രൂക്ഷമാകുമ്പോൾ മലയോരമേഖലയ്ക്ക് ആശ്വാസമാകേണ്ട ആറ്റുകടവുകൾ അവഗണനയിൽത്തന്നെ. To advertise here, ജലക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരം കണ്ടിരുന്ന കടവുകളെ സംരക്ഷിക്കാൻ അധികാരികളുടെ ഭാഗത്തുനിന്നു യാതൊരു ശ്രമവും ഉണ്ടാകുന്നില്ല. ജലസ്രോതസ്സുകളിൽ നടക്കുന്ന അശാസ്ത്രീയ നിർമാണപ്രവർത്തനങ്ങളാണു പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു. വാമനപുരം ആറിൽ വിതുര, പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളിൽ ഉൾപ്പെട്ട സ്വാഭാവിക കടവുകളാണ് ഇത്തരത്തിൽ നാമാവശേഷമാകുന്നത്. ശക്തമായ വേനലിൽ, കുളിക്കാനും തുണിയലക്കാനും കന്നുകാലികളെ കുളിപ്പിക്കാനുമായി നിരവധിപ്പേർ ആശ്രയിച്ചിരുന്ന പാരമ്പര്യ കടവുകളിൽ പലതും ബലിതർപ്പണ കേന്ദ്രങ്ങളുമായിരുന്നു. നീരൊഴുക്കിനോടുചേർന്ന് പ്രകൃതിയൊരുക്കിയ മൺതിട്ടകളാണ് ഈ കടവുകളുടെ സവിശേഷത. വിശാലമായ തറയിൽ കഴുകിയ തുണികൾ വിരിക്കാനും കുളികഴിഞ്ഞ കന്നുകാലികൾക്കു വിശ്രമിക്കാനുമുള്ള സൗകര്യമുണ്ടായിരുന്നു. കടവിൽനിന്ന് ആറ്റിലേക്കിറങ്ങാൻ പ്രകൃതിയൊരുക്കിയവ കൂടാതെ മനുഷ്യനിർമിത കല്പടവുകളും സഹായിച്ചിരുന്നു. അശാസ്ത്രീയ നിർമാണങ്ങളാണ് കടവുകളുടെ തകർച്ചയ്ക്കു വഴിയൊരുക്കിയത്. തടയണ കെട്ടിയതാണ് ചെറ്റച്ചൽ സൂര്യകാന്തിയിലെ കടവിനെ ദോഷകരമായി ബാധിച്ചത്. ചെറ്റച്ചൽ ജലസംഭരണിയിൽ വെള്ളം ശേഖരിക്കാനായി വർഷങ്ങൾക്കുമുൻപ് കെട്ടിയ തടയണ ആറിന്റെ സ്വാഭാവിക ഒഴുക്കിനെയും കാര്യമായി ബാധിച്ചു. ഏറെ സ്ഥലമുണ്ടായിരുന്ന സൂര്യകാന്തിക്കടവ് ഇന്നു കാടുമൂടിയ വെറും മൺതിട്ട മാത്രമാണ്. നിറഞ്ഞൊഴുകിയിരുന്ന ആറാകട്ടെ പായലും പാഴ്‌ച്ചെടികളും നിറഞ്ഞ അഴുക്കുചാലായി മാറുകയും ചെയ്തു. തടയണനിർമാണം പൂർത്തിയായാൽ കടവ് പുനർനിർമിക്കുമെന്ന അധികൃതരുടെ വാഗ്ദാനവും പാഴായി. പൊട്ടൻചിറ, കൊന്നമൂട്, മണലി, വാളേങ്കി, കല്ലാർ തുടങ്ങി വലുതും ചെറുതുമായ പതിനഞ്ചോളം കടവുകളാണ് സംരക്ഷണമില്ലാതെ നശിക്കുന്നത്. ദുർഗന്ധം;ഇരട്ടി ദുരിതം :തടയണയിൽ കെട്ടിനിർത്തിയ വെള്ളത്തിൽ മാലിന്യം അടിഞ്ഞുകൂടുന്നതാണ് കടവുകൾ നേരിടുന്ന മറ്റൊരു പ്രശ്നം. നീരൊഴുക്ക് കുറയുമ്പോൾ അവശിഷ്ടങ്ങൾ കെട്ടിനിൽക്കുന്നതോടെ വെള്ളത്തിനു ദുർഗന്ധമാകും. അതോടെ കടവുകളെ ആശ്രയിക്കുന്നവർക്ക് ഇരട്ടി ദുരിതവും.

വേനൽ രൂക്ഷം: ആശ്വാസമാകേണ്ട ആറ്റുകടവുകൾ സംരക്ഷണമില്ലാതെ നശിക്കുന്നു
M
MathrubhumiSource Link
about 2 months ago