മഞ്ചേശ്വരം : വേനൽച്ചൂടിൽ പൈവളിഗെയിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. കുടിവെള്ളത്തിനായി നാട്ടുകാർ നെട്ടോട്ടമോടുമ്പോഴും ഉപകാരമില്ലാതെ കുടിവെള്ള പദ്ധതികൾ. പൈവളിഗെ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് അറുതിവരുത്താൻ 14 വർഷം മുൻപാണ് ജലനിധി പദ്ധതിക്ക് തുടക്കമിട്ടത്. ലക്ഷങ്ങൾ പൊടിച്ചതല്ലാതെ ഒരു തുള്ളി വെള്ളമെത്തിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇതിനായി സ്ഥാപിച്ച പൈപ്പുകൾ പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് നാമാവശേഷമായി. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കുടുംബങ്ങളിൽനിന്ന് ഉപഭോക്തൃവിഹിതമായി 4800 രൂപ വീതം അധികൃതർ ഈടാക്കിയിട്ടും ഇതുവരെ ഒരുതുള്ളി വെള്ളമെത്തിയിട്ടില്ല എന്നതാണ് നാട്ടുകാരുടെ പരാതി. To advertise here, ഉറവിടങ്ങളിൽ വെള്ളമില്ല വിവിധ വാർഡുകളിലേക്ക് വെള്ളമെത്തിക്കുന്നതിനായി കണ്ടെത്തിയ ഉറവിട ജലസ്രോതസ്സുകളും വേനലിൽ വറ്റിവരണ്ടു. ഇതാണ് ജലവിതരണരണത്തിന് തടസ്സമാകുന്നത്. ഷിറിയ, കമ്പാർ, കളായി, ആനക്കല്ല് പുഴകളിൽ നിന്നും വെള്ളമെത്തിക്കാനാണ് ലക്ഷ്യമിട്ടത്. ചില സ്ഥലങ്ങളിൽ കുഴൽക്കിണറുകൾ കുഴിച്ച് വെള്ളമെത്തിക്കുന്നതിനും തീരുമാനിച്ചു. എന്നാൽ പുഴകൾ വേനലാരംഭത്തോടെ വറ്റിവരണ്ടു. അതിനാൽ പുഴകളിൽ നിന്നുള്ള ജലശേഖരണം നടക്കാതായി. ചിലയിടത്ത് കുഴൽക്കിണറിൽ നിന്നുള്ള ജലമെടുപ്പും നിലച്ചു. മുൻപ് വെള്ളം ലഭിച്ചിരുന്ന കുടാൽ -157, ഗാളിയടുക്ക -70 എന്നിവിടങ്ങളിൽ ഇപ്പോൾ വെള്ളമില്ല. പെറുവോടി -50, പൈവളിഗെ -735, കുരുഡപ്പദവ് -305, പെർമുദെ -335, ബദിയാർ -350 എന്നിങ്ങനെ കുടുംബങ്ങളാണ് ജലനിധിയിൽ നിന്നുമുള്ള വെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. ജലജീവൻ മിഷനായി കാത്തിരിപ്പ് ഉറവിടങ്ങളിൽനിന്ന് വെള്ളം വീടുകളിലേക്ക് എത്തിക്കുന്നതിനായി സ്ഥാപിച്ച പൈപ്പുകൾ പലയിടത്തും നശിച്ച് കിടക്കുകയാണ്. പദ്ധതി നടപ്പാക്കുന്ന ആദ്യ ഘട്ടത്തിൽത്തന്നെ പൈപ്പിട്ടത് അശാസ്ത്രീയമാണെന്ന ആക്ഷേപം ഉയർന്നിരുന്നു. കൂടാതെ സാങ്കേതികപ്രശ്നങ്ങളും കൂടിയായതോടെ നാട്ടുകാർക്ക് പദ്ധതികൊണ്ട് ഗുണമില്ലാതായി. ജലനിധിക്ക് വേണ്ടി പണം നഷ്ടപ്പെട്ട കുടുംബങ്ങൾ ജല ജീവൻ മിഷൻ പോലുള്ള പദ്ധതികൾക്കും പണമടക്കാൻ മടിക്കുകയാണ്. വെള്ളം കിട്ടുമെന്നുറപ്പില്ലാതെ എന്തിന് പണമടക്കണമെന്നാണ് അവരുടെ ചോദ്യം. കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോൾ പഞ്ചായത്ത് അധികൃതർ വാഹനങ്ങളിൽ വെള്ളമെത്തിക്കാറുണ്ട്. എന്നാൽ ഇത് അത്യാവശ്യത്തിന് പോലും തികയില്ല. ഭൂരിഭാഗം ആളുകളും സ്വന്തം നിലയിൽ പണം മുടക്കി വെള്ളമെത്തിക്കാൻ തുടങ്ങിയിരിക്കുകയാണ്. ഏപ്രിൽ, മേയ് മാസങ്ങളിൽ കടുത്ത ക്ഷാമമാണ് അനുഭവപ്പെടുക. അതുകൊണ്ട് കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. Published: 21 Mar 2026, 01:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
