വിള ഇൻഷുർ ചെയ്തത് ചുരുക്കം കർഷകർ To advertise here, കാഞ്ഞങ്ങാട് : കഴിഞ്ഞദിവസം അജാനൂർ പഞ്ചായത്ത് പരിധിയിൽ വേനൽമഴയിലും കാറ്റിലും 6.5 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചതായി കൃഷിഭവന്റെ വിലയിരുത്തൽ. രാവണേശ്വരം, തണ്ണോട്ട് ഭാഗങ്ങളിലാണ് ഏറ്റവും കൂടുതലായി കൃഷിനാശം സംഭവിച്ചത്. 1,500 കുലച്ച നേന്ത്രവാഴകൾ കാറ്റിൽ നിലംപൊത്തിയതായി അജാനൂർ കൃഷിഭവൻ തയ്യാറാക്കിയ പ്രഥമവിവര റിപ്പോർട്ടിൽ പറയുന്നു. കുലച്ചതും കുലച്ചുതുടങ്ങിയതുമായ വാഴകളാണ് നശിച്ചവയിൽ കൂടുതലും. പ്രതിരോധത്തിനായി താങ്ങുനൽകിയിരുന്നെങ്കിലും ആഞ്ഞുവീശിയ കാറ്റ് എല്ലാം തകർത്തെറിയുകയായിരുന്നു. നാശനഷ്ടം സംഭവിച്ചവരിൽ ചുരുക്കംചില കർഷകർ വി.എഫ്.പി.സി.കെ. മുഖേന വിള ഇൻഷുർചെയ്തതായി കൃഷിഭവൻ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഒറ്റ കർഷകൻപോലും കൃഷിഭവൻ മുഖേനയുള്ള ഇൻഷുറൻസ് എടുത്തിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഒരു വാഴയ്ക്ക് മൂന്നുരൂപ അടച്ചാൽ വിളനാശത്തിന് 300 രൂപ നഷ്ടപരിഹാരമായി ലഭിക്കുന്നതാണ് കൃഷിഭവൻ ഇൻഷുറൻസ് പദ്ധതി. അക്ഷയകേന്ദ്രങ്ങൾവഴി എളുപ്പത്തിൽ കാർഷികവിള ഇൻഷുറൻസ് നടത്താം. നിലവിൽ ലഭിച്ച നാശനഷ്ട അപേക്ഷകളിൽ കുലച്ച വാഴയ്ക്ക് 150 രൂപ നിരക്കിലാണ് സർക്കാർ നഷ്ടപരിഹാരം അനുവദിക്കുന്നത്. സർക്കാർ നഷ്ടപരിഹാരത്തുക നടീൽചെലവിനുപോലും തികയില്ല. വാഴക്കന്നിന്റെ വില, കൃഷിയിടം ഒരുക്കൽ, വളപ്രയോഗം, ജലസേചനവും പരിപാലനവും ഉൾപ്പെടെ ചെലവേറിയതാണ് കൃഷി. ഇതിനുപുറമെയാണ് കർഷകരുടെ അധ്വാനം. നാശനഷ്ടം സംഭവിച്ച രാവണേശ്വരത്തെ വാഴത്തോട്ടങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി, വൈസ് പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരൻ, പഞ്ചായത്തംഗം തമ്പാൻ മക്കാകോട്, കൃഷി ഓഫീസർ സന്തോഷ് ചാലിൽ എന്നിവർ സന്ദർശിച്ചു. എൻ.ഡി.എ. സ്ഥാനാർഥി എൻ. ബൽരാജ് പാർട്ടി പ്രവർത്തകർക്കൊപ്പം വാഴത്തോട്ടങ്ങളിൽ സന്ദർശനംനടത്തി കർഷകരുമായി സംസാരിച്ചു.

വേനൽമഴയും കാറ്റും: അജാനൂരിൽ നശിച്ചത് 6.50 ലക്ഷത്തിന്റെ വാഴക്കൃഷി
M
MathrubhumiSource Link
about 1 month ago