വേനൽമഴയ്ക്കൊപ്പം ശക്തമായ കാറ്റും; തെന്മല മേഖലയിൽ വ്യാപക നാശനഷ്ടം

വേനൽമഴയ്ക്കൊപ്പം ശക്തമായ കാറ്റും; തെന്മല മേഖലയിൽ വ്യാപക നാശനഷ്ടം

ഒട്ടേറെ വീടുകളുടെ മേൽക്കൂര പറന്നുപോയി To advertise here, മരം വീണ് 14 വൈദ്യുതതൂണുകൾ തകർന്നു തെന്മല :കനത്ത കാറ്റിലുംമഴയിലും തെന്മല പഞ്ചായത്തിലെ വിവിധയിടങ്ങളിൽ കനത്ത നാശനഷ്ടം. കാറ്റിൽ ഒട്ടേറെ വീടുകളുടെ മേൽക്കൂര പൂർണമായും നശിച്ചു. മരങ്ങൾ വീണ് വൈദ്യുതത്തൂണുകൾ തകരുകയും ഗ്രാമീണപാതകളിൽ ഗതാഗതം സ്തംഭിക്കുകയും ചെയ്തു. തെന്മല കെ.എസ്.ഇ.ബിക്കു കീഴിൽ മരം വീണുമാത്രം 14 തൂണുകൾ തകർന്നു. പലയിടത്തും വൈദ്യുതബന്ധം പുനഃസ്ഥാപിക്കുന്ന ജോലികൾ നടന്നുവരികയാണ്. പഞ്ചായത്തിലെ ഇടമൺ സത്രം, വെള്ളിമല, തേവരുകുന്ന്, ആനപെട്ടകോങ്കൽ, ചാലിയക്കര, ഉപ്പുകുഴി മേഖലകളിലാണ് കഴിഞ്ഞദിവസം വൈകീട്ട് നാലോടെ വേനൽമഴക്കൊപ്പം അപ്രതീക്ഷിതമായി ശക്തമായ കാറ്റുവീശിയത്. ഇടമൺ ചിറ്റാലംകോട് അഞ്ചാനക്കുഴി ജോർജ് വർഗീസിന്റെ വീടിന്റെ ഷീറ്റുമേഞ്ഞ മേൽക്കൂര പൂർണമായും പറന്നുപോയി. ലക്ഷങ്ങൾ മുടക്കി നവീകരിച്ച മേൽക്കൂരയാണ് നശിച്ചത്. ചിറ്റാലംകോട് തടത്തിവിളവീട്ടിൽ ജയയുടെ വീടിന്റെ ആസ്ബസ്റ്റോസ് മേൽക്കൂരയും കാറ്റിൽ തകർന്നു. ഇടമൺ സത്രംമുക്ക് സ്വദേശി പ്രകാശന്റെ വീടിനു മുകളിലേക്ക് തെങ്ങ് കടപുഴകിവീണു. കുടുംബാംഗങ്ങൾ ഭാഗ്യംകൊണ്ടാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഇടമൺ കമ്പനിക്കടയിൽ മീരാന്റെ വീടിന്റെ ആസ്ബസ്റ്റോസ് മേൽക്കൂരയും കാറ്റിൽ പറന്നുപോയി. ഇടമൺ തേവരുകുന്നിൽ മരംവീണ് സന്തോഷിന്റെ കിണർ ഭാഗികമായി തകർന്നു. അപകടത്തിൽനിന്ന് കഷ്ടിച്ചാണ് കുടുംബാംഗങ്ങൾ രക്ഷപ്പെട്ടത്. ഇവിടെ പാതയോരത്തുനിന്ന മരങ്ങൾ വൈദ്യുതത്തൂണുകൾക്കു മുകളിൽ വീഴുകയും കമ്പികൾ റോഡിൽ പതിക്കുകയും ചെയ്തു. വൈദ്യുതക്കമ്പികൾ റോഡിൽ കിടന്നത് നാട്ടുകാരെ ആശങ്കപ്പെടുത്തി. പാതയിലൂടെ യാത്രചെയ്ത വാഹനയാത്രികർ പലരും അപകടത്തിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തണ്ണിവളവിൽ സുലൈമാന്റെ വീടിനു മുകളിലേക്കു റബ്ബർമരം വീണ് നാശനഷ്ടമുണ്ടായി. വെള്ളിമല, ഇടമൺ, സത്രംമുക്ക് കവലകളിൽ ദേശീയപാതയിലേക്കു മരത്തിന്റെ ശിഖരം വീണു. ഒട്ടേറെ വാഹനങ്ങൾ കടന്നുപോയ സമയത്തായിരുന്നു അപകടം. ശിഖരം വീണ് വൈദ്യുതത്തൂണുകൾ തകർന്നതും കമ്പികൾ പൊട്ടിവീണതും ആശങ്കയ്ക്കിടയാക്കി. തുടർന്ന് ദേശീയപാതയിൽ ഒരുമണിക്കൂർ ഗതാഗതം സ്തംഭിച്ചു. കാർഷികവിളകൾക്കും നാശം :തോണിച്ചാൽ, ചിറ്റാലംകോട് ഭാഗങ്ങളിൽ ഒട്ടേറെപ്പേരുടെ കാർഷികവിളകൾ നശിച്ചിട്ടുണ്ട്. വാഴ, വെറ്റില, കുരുമുളക്, തെങ്ങ് എന്നിവയാണ് നശിച്ചത്. ചെറുതന്നൂർ ഭാഗത്ത് സുരേന്ദ്രൻ, ഷംസു, വാർഡ് അംഗം മിഥുനത്തിൽ എസ്. സുനിൽകുമാർ എന്നിവരുടെ കുലച്ചതും കുലയ്ക്കാത്തതുമായ ഒട്ടേറെ വാഴകൾ കാറ്റിൽ നശിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വേനൽമഴയ്ക്കൊപ്പം ശക്തമായ കാറ്റും; തെന്മല മേഖലയിൽ വ്യാപക നാശ… | Boolokam