ചെന്നൈ : ടി. വേൽമുരുകന്റെ തമിഴക വാഴ് വുരിമൈ കക്ഷി ഡി.എം.കെ. സഖ്യം വിടുന്നു. കൂടുതൽ സീറ്റ് വേണമെന്നും സ്വന്തം ചിഹ്നത്തിൽ മത്സരിക്കാൻ അനുവദിക്കണമെന്നുമുള്ള ആവശ്യം അംഗീകരിക്കാത്തതിനെത്തുടർന്നാണ് ഇത്. To advertise here, പാട്ടാളി മക്കൾ കക്ഷിനേതാവും എം.എൽ.എ.യുമായിരുന്ന വേൽമുരുകൻ 2012-ലാണ് തമിഴക വാഴ് വുരിമൈ കക്ഷിയ്ക്കു രൂപം നൽകിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡി.എം.കെ. സഖ്യത്തിൽ പൺറുട്ടിയിൽനിന്ന് എം.എൽ.എ.യായി. ഇത്തവണ രണ്ടു സീറ്റെങ്കിലും അനുവദിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഒരു സീറ്റേ നൽകാനാവൂ എന്നും ഡി.എം.കെ. ചിഹ്നത്തിൽ മത്സരിക്കണമെന്നും ഡി.എം.കെ. നേതൃത്വം വ്യക്തമാക്കി. ഇതിനെത്തുടർന്ന് ഞായറാഴ്ച ചേർന്ന പാർട്ടി യോഗമാണ് സഖ്യകാര്യത്തിൽ തീരുമാനമെടുക്കാൻ വേൽമുരുകനെ ചുമതലപ്പെടുത്തിയത്. മുഴുവൻ സീറ്റിലും തനിച്ചു മത്സരിക്കുക, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്ന മുന്നണിയിൽ ചേരുക എന്നീ സാധ്യതകളാണ് മുന്നിലുള്ളതെന്ന് വേൽമുരുകൻ പറഞ്ഞു. 234 മണ്ഡലങ്ങളിൽ മത്സരിക്കുന്നതിന് 1,200-ഓളം പേർ അപേക്ഷ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. തിങ്കളാഴ്ചയോടെ ഡി.എം.കെ.യിൽ നിന്ന് അനുകൂല പ്രതികരണം ഉണ്ടായില്ലെങ്കിൽ അന്തിമ തീരുമാനമെടുക്കും. തിരഞ്ഞെടുപ്പു ലക്ഷ്യംവെച്ചല്ല, ലോകമെങ്ങുമുള്ള തമിഴരുടെ ക്ഷേമം മുൻനിർത്തിയാണ് പാർട്ടി പ്രവർത്തിക്കുന്നതെന്ന് വേൽമുരുകൻ പറഞ്ഞു. തമിഴ്‌നാട്ടിലെ സർക്കാർ ജോലി തമിഴർക്കു മാത്രമാക്കുക, ജാതി സെൻസസ് നടത്തുക തുടങ്ങിയ 10 ആവശ്യങ്ങൾ ഡി.എം.കെ. നേതൃത്വത്തിന് മുന്നിൽ വെച്ചിട്ടുണ്ടെന്നും അനുകൂല തീരുമാനം ഉണ്ടായിട്ടില്ലെന്നും വേൽമുരുകൻ പറഞ്ഞു. Published: 16 Mar 2026, 01:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
