അറക്കുളം : കൂടപ്പിറപ്പിന് തുല്യനായിരുന്ന വൈശാഖിന്റെ ജീവൻ കൈയ്യിൽ നിന്നും വഴുതിപ്പോയതിന്റെ സങ്കടമാണ് ഒപ്പമുണ്ടായിരുന്ന അനീഷിന്(36). എത്ര പറഞ്ഞിട്ടും കരഞ്ഞിട്ടും അത് തീരുന്നില്ല. അതേസമയം ഒന്നരയാൾ ആഴമുള്ള ജലയാശയത്തിൽനിന്നും ശ്രമകരമായി അനീഷിനെ കരയ്ക്കെത്തിച്ചിട്ടും ഫലമുണ്ടായില്ലല്ലോയെന്ന വിഷമമാണ് അപ്രതീക്ഷിതമായി രക്ഷാ പ്രവർത്തകരായ കുളത്തിനാൽ കെ.ജെ. ജോസിനും സമീപവാസിയും അഭിഭാഷകനുമായ ബ്ലസൻ കെ ജോസിനും. To advertise here, ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.40 ഓടെയാണ് കട്ടപ്പന മുളകരമേട് സ്വദേശി വൈശാഖ് അറക്കുളത്തെ മലങ്കര ജലാശയത്തിൽ മുങ്ങിമരിച്ചത്. വൈശാഖിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് സമീപത്തെ ബ്ലസന്റെ വീട്ടിലെത്തി വൈശാഖ് മുങ്ങിത്താണ വിവരം അറിയിച്ചത്. ബ്ലസന്റെ ഭാര്യ അപ്പോൾത്തന്നെ അഗ്നിരക്ഷാസേനയെ അറിയിച്ചു. ബ്ലസൻ ആറ്റിലേയ്ക്കോടി. ഒറ്റയ്ക്ക് വൈശാഖിനെ കരയ്ക്കെത്തിക്കാനാകുമായിരുന്നില്ല. അപ്പോഴാണ് ആറിനക്കരെ തന്റെ പുരയിടത്തിൽ പോയി മടങ്ങിയ കുളത്തിനാൽ ജോസ് അതുവഴി വന്നത്. പതിവായി ആറു നീന്തിക്കടക്കുന്ന ജോസ് ഉടൻതന്നെ ജലാശയത്തിലിറങ്ങി. വൈശാഖിനെ മുങ്ങിയെടുത്തു. കരയ്ക്കെത്തിച്ചപ്പോൾ നേരിയ അനക്കമുണ്ടായിരുന്നുവെന്ന് ജോസ് പറഞ്ഞു. പ്രഥമശുശ്രൂഷയും നൽകി. എന്നിരുന്നാലും രക്ഷിക്കാനായില്ലെന്ന സങ്കടം ജോസിനും വൈശാഖിന്റെ കൂട്ടുകാർക്കും ബാക്കി. മുളകരമേട്ടിലെ ഭൂമിയിലെ തടിവെട്ടി വിൽപ്പന നടത്തിയശേഷം പെരുമ്പാവൂരിൽ നിന്നും പിതൃസഹോദരപുത്രനായ അനീഷിനും മൂന്ന് സുഹൃക്കൾക്കുമൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വൈശാഖ്. അറക്കുളത്ത് വന്നപ്പോൾ ചൂട് കാരണം കുളിച്ചിട്ട് പോകാമെന്ന് കരുതി. നീന്തൽ അറിയില്ലാത്തതിനാൽ കടവിന്റെ അരികിൽനിന്നാണ് എല്ലാവരും കുളിച്ചത്. സോപ്പ് തേയ്ക്കുന്നതിനിടെ ചേട്ടായി എന്നെ പിടിച്ചോയെന്ന് വൈശാഖ് അനീഷിനോട് പറഞ്ഞു. നിന്നയിടത്തെ പാറക്കല്ലുകളിൽ നിന്നും വഴുതിപ്പോയതാകാമെന്ന് അനീഷ് പറയുന്നു. പെട്ടെന്ന് വൈശാഖിന്റെ കൈയ്യിൽ പിടിച്ചു. എന്നാൽ അനീഷിനെയും വലിച്ചുകൊണ്ട് വൈശാഖ് കൂടുതൽ ആഴങ്ങളിലേക്ക് നീങ്ങി. കൂടെയുണ്ടായിരുന്നവർ നിലവിളിച്ചു. എന്നാൽ പതിവായി കുളിക്കാൻ വരുന്നവരുടെ ബഹളമായിരിക്കുമെന്ന് കരുതി ആരും ശ്രദ്ധിച്ചില്ല.ഏറെ സൗകര്യമുള്ള കടവാണെങ്കിലും പാറക്കല്ലുകളിൽ പായലും വഴുക്കലുമുള്ളതിനാൽ ആളുകൾ തെന്നി വീഴാറുണ്ട്. ഇങ്ങനെയാകാം വൈശാഖിനും സംഭവിച്ചതെന്നാണ് കരുതുന്നത്. എല്ലാം മിനിറ്റുകൾ കൊണ്ടു കഴിഞ്ഞു. എന്നേയും വലിച്ച് വൈശാഖ് ആഴങ്ങളിലേക്ക് പോയി. ‘എന്റെ ജീവൻ തിരിച്ചേൽപ്പിച്ച് അവൻ പോയി’. അനീഷ് വേദനയോടെ പറഞ്ഞുനിർത്തി. Published: 08 Apr 2026, 02:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വൈശാഖിനെ രക്ഷപ്പെടുത്താനാകാത്തതിന്റെ സങ്കടത്തിൽ അനീഷിനും കൂട്ടുകാർക്കുമൊപ്പം ജോസും
M
MathrubhumiSource Link
about 1 month ago