വോട്ടറുടെ ചുട്ട പാഠം

വോട്ടറുടെ ചുട്ട പാഠം

M
MathrubhumiSource Link
Last Updated: 04 May 2026, 11:10 PM IST കേരളംപോലൊരു രാഷ്ട്രീയസമൂഹത്തിൽ സമ്മതിദായകനെ ഒട്ടും കുറച്ചുകണ്ടുകൂടാ. ഓരോ വോട്ടറും ഇവിടെ ഒാരോ പ്രഹേളികയാണ് 2021-ൽ സംഭവിക്കേണ്ടിയിരുന്നത്, സംഭവിക്കാതിരുന്നത് 2026-ൽ സംഭവിച്ചു- ഇന്നലെ പുറത്തുവന്ന, കേരള നിയമസഭാതിരഞ്ഞെടുപ്പിന്റെ ഫലത്തെ ഒറ്റവാക്യത്തിൽ ഇങ്ങനെ വിലയിരുത്താം. മഹാമാരിയുടെ പശ്ചാത്തലത്തിൽവന്ന 2021-ലെ തിരഞ്ഞെടുപ്പിൽ പതിവുവിട്ട് ഭരണത്തുടർച്ച വിധിച്ച കേരളജനത, ഇത്തവണ മാറ്റത്തിനുള്ള കുറിപ്പടിയെഴുതി, രാഷ്ട്രീയപക്വതയും ജനായത്തജാഗ്രതയും കൈവെടിഞ്ഞിട്ടില്ലെന്നു തെളിയിച്ചു. പക്ഷേ, ആ വിധിയെഴുത്തിന്റെ അസാധാരണസ്വഭാവം സുവ്യക്തമാണ്. പത്തുവർഷം നാടുഭരിച്ച, ഇന്നാട്ടിലെ ഏറ്റവും പ്രബലമായ രാഷ്ട്രീയകക്ഷിയെ ചുട്ട പാഠം പഠിപ്പിക്കുമെന്ന വാശിയോടെയാണ് ജനം വോട്ടുകുത്തിയത്. ഒരു നിശ്ശബ്ദതരംഗമാണ് ഇന്നലത്തെ വോട്ടെണ്ണലിൽ വെളിപ്പെട്ടത്. അത് സി.പി.എമ്മിനും എൽ.ഡി.എഫ്. സർക്കാരിനുമെതിരായിരുന്നു; യു.ഡി.എഫിന് അനുകൂലവും. ചരിത്രവിജയം കരസ്ഥമാക്കിയ യു.ഡി.എഫിന് ‘മാതൃഭൂമി’യുടെ അഭിവാദ്യങ്ങൾ. കേരളമണ്ണിൽ കോൺഗ്രസിനും യു.ഡി.എഫിനുമുള്ള ശക്തമായ വേരോട്ടത്തിന്റെ ദൃഢീകൃതപ്രഖ്യാപനമാണ് ഈ തിരഞ്ഞെടുപ്പുഫലം. ഒന്നാംനിരയിലും രണ്ടാംനിരയിലും മികവുറ്റ നേതാക്കളുടെ സാന്നിധ്യമുള്ളത് സംസ്ഥാനത്ത് കോൺഗ്രസിന്റെ ബലമാണ്. അലിവില്ലാത്ത സൈബർപ്പടയടക്കം സി.പി.എമ്മിന്റെ സകലമാനസംവിധാനങ്ങളെയും പ്രതിരോധിച്ച്, ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് യു.ഡി.എഫ്. തിളക്കമാർന്ന വിജയം കൈവരിച്ചിരിക്കുന്നത്. പക്ഷേ, ഭരണത്തിലേറുന്ന കോൺഗ്രസിനും യു.ഡി.എഫിനും ഭാരിച്ച ചുമതലയാണ് ഏൽക്കാനുള്ളത്. ‘ഇന്ദിരാ ഗാരന്റി’കളടക്കം പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കണം. കെ.എസ്.ആർ.ടി.സി. ബസിൽ വനിതകൾക്ക് സൗജന്യയാത്രയെന്നതുൾപ്പെടെയുള്ള ക്ഷേമവാഗ്ദാനങ്ങൾ നടപ്പാക്കുന്നത് സാമ്പത്തിക അച്ചടക്കമാകില്ലെന്നുള്ള വാദം ഗൗനിക്കേണ്ടതില്ല. ക്ഷേമത്തിലും ശാക്തീകരണത്തിലും കവിഞ്ഞ മറ്റെന്ത് ഉത്തരവാദിത്വമാണൊരു ജനകീയസർക്കാരിനു നിറവേറ്റാനുള്ളത്? പുതിയ സർക്കാർ ഏറ്റെടുക്കേണ്ട പ്രധാനപ്പെട്ട വെല്ലുവിളി ആരോഗ്യരംഗവുമായി ബന്ധപ്പെട്ടതാണ്. ചികിത്സാവശ്യങ്ങൾക്കായി സ്വന്തം കീശയിൽനിന്ന് കനത്ത തുക ചെലവിടേണ്ടിവരുന്നതാണ് മലയാളി ഇന്നു നേരിടുന്ന വലിയ ദുരിതം. ഈ പ്രശ്നത്തെ അഭിമുഖീകരിക്കുന്നതിന്, ഇരുപത്തിയഞ്ചുലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷാപദ്ധതിയടക്കം ചില മികച്ച നിർദേശങ്ങൾ യു.ഡി.എഫ്. പ്രകടനപത്രികയിലുണ്ട്. അവ നടപ്പാക്കണം. നമ്മുടെ യുവാക്കളുടെ പരദേശപ്രയാണംവഴിയുള്ള ‘മസ്തിഷ്കച്ചോർച്ച’യ്ക്കു തടയിടുന്നതിന് ഉന്നതവിദ്യാഭ്യാസമേഖലയിൽ ഉടച്ചുവാർക്കലുകൾ നടത്തണം. പ്രത്യയശാസ്ത്രപദ്ധതിയുടെ നിർവഹണത്തിന്റെഭാഗമായി കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കുമേൽ ചെലുത്തുന്ന സമ്മർദങ്ങളെ ഫലപ്രദമായി ചെറുക്കുകയെന്ന രാഷ്ട്രീയ ഉത്തരവാദിത്വവും കോൺഗ്രസ് നേതൃത്വത്തിലുള്ള പുതിയ സർക്കാർ ഫലപ്രദമായി നിർവഹിക്കേണ്ടിവരും. ഐക്യത്തോടെ വർത്തിക്കുകയും സദ്ഭരണം കാഴ്ചവെക്കുകയുംചെയ്തില്ലെങ്കിൽ, അഞ്ചുവർഷംകഴിഞ്ഞുള്ള നിയമസഭാതിരഞ്ഞെടുപ്പിൽ ജനം പടിക്കുപുറത്താക്കുമെന്ന ജാഗ്രത അധികാരപീഠത്തിലിരിക്കുന്ന ഓരോ നിമിഷത്തിലും ഉണ്ടാകട്ടെ. അമിതാധികാരപ്രമത്തതയ്ക്കും ക്ഷേമമധുരത്തിൽ പൊതിഞ്ഞ വലതുനയങ്ങൾക്കും പിണറായി വിജയൻ എന്ന ഏകനേതാവിലേക്കൊരു ഇടതുപ്രസ്ഥാനത്തെ ചുരുക്കിക്കെട്ടിയതിനുമുള്ള തിരിച്ചടിയാണ് ജനം ഈ തിരഞ്ഞെടുപ്പിലൂടെ സി.പി.എമ്മിനും എൽ.ഡി.എഫ്. സർക്കാരിനും നൽകിയത്. ഈ ജനരോഷം അത്ര പ്രകടമൊന്നുമായിരുന്നില്ല. തിരഞ്ഞെടുപ്പിനുമുൻപു നടന്ന സർവേകളിൽപ്പോലും അത് ഏറക്കുറെ തിരിച്ചറിയപ്പെടാതെപോയി. പക്ഷേ, കേരളംപോലൊരു രാഷ്ട്രീയസമൂഹത്തിൽ സമ്മതിദായകനെ ഒട്ടും കുറച്ചുകണ്ടുകൂടാ. ഓരോ വോട്ടറും ഇവിടെ ഒാരോ പ്രഹേളികയാണ്. സി.പി.എമ്മിനും എൽ.ഡി.എഫിനും ഇപ്പോൾ അത് നന്നായി മനസ്സിലായിട്ടുണ്ടാകും. ഈ തിരഞ്ഞെടുപ്പിൽ പരാജയമടഞ്ഞതോടെ സി.പി.എം. തത്കാലത്തേക്കെങ്കിലും രാജ്യത്തെ ഒരു സംസ്ഥാനത്തും ഭരണത്തിലില്ലാത്ത പാർട്ടിയായിമാറിയിരിക്കുന്നു. എന്നാൽ, പശ്ചിമബംഗാളിലും ത്രിപുരയിലും സംഭവിച്ചതുപോലെ സമ്പൂർണതകർച്ച പാർട്ടിക്ക് ഇവിടെ സമീപഭാവിയിലെങ്കിലും ഉണ്ടാകുമെന്നു ഭയക്കേണ്ടതില്ല. വ്യവസ്ഥാപിതമായൊരു അധികാരഘടനയും കണക്കറ്റ സമ്പത്തും സ്ഥാപനസ്വരൂപങ്ങളും കേഡർബലവുമൊക്കെ പാർട്ടിയെ ഇവിടെ തളർത്താതെ പിടിച്ചുനിർത്തും. പക്ഷേ, അത് എത്ര കാലത്തേക്ക് എന്നതാണ് കാതലായ ചോദ്യം. ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ തകർച്ച പരിശോധിച്ച പണ്ഡിതർ, രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ അതിജീവനം നാലു ഘടകങ്ങളെ ആശ്രയിച്ചാണെന്ന് വിലയിരുത്തുകയുണ്ടായി. ദീർഘദർശിയായ നേതാവിന്റെ സാന്നിധ്യം, വർത്തമാനകാലത്തിന്റെ ചൈതന്യവും ജനങ്ങളുടെ വിശ്വാസവും വിളക്കിച്ചേർത്ത പ്രത്യയശാസ്ത്രം, ജനങ്ങളുടെ ഇച്ഛകളെ സാക്ഷാത്കരിക്കാൻ പ്രാപ്തമായ കാര്യപരിപാടി, പ്രസ്ഥാനത്തെ നിരന്തരം നവീകരിക്കുന്ന യുവനിര എന്നിവയാണ് ആ ഘടകങ്ങൾ. കേരളത്തിലെ സി.പി.എം. ഈ തുറകളിലെല്ലാം ദൗർബല്യം നേരിടുന്നുണ്ട്. പൂച്ച വെളുത്തതായാലും കറുത്തതായാലും എലിയെ പിടിച്ചാൽമതിയെന്ന പ്രായോഗികരാഷ്ട്രീയഗണനയിലേക്ക് അടവുമാറ്റിയതോടെ സി.പി.എമ്മിന്റെ അപചയം ആരംഭിച്ചു. ചില കെട്ടുകാഴ്ചകൾക്കപ്പുറം, രാജ്യത്ത് ശക്തിപ്രാപിച്ച വലതുരാഷ്ട്രീയത്തെ പ്രതിരോധിക്കാൻ ശേഷിയില്ലാത്ത നേതൃത്വമാണ് കേരളത്തിലെ സി.പി.എമ്മിനുള്ളതെന്നും തെളിയിക്കപ്പെട്ടു. പോരാത്തതിന്, ‘ഞാനാണ് ഈ പ്രപഞ്ചം സൃഷ്ടിച്ചതെന്ന രീതിയിൽ കമ്യൂണിസ്റ്റുകൾ പ്രവർത്തിക്കരുത്’ എന്ന് എൻ.സി. ശേഖർ എഴുതിയതിന്റെ എതിർദിശയിലായി നേതാക്കളുടെ പോക്ക്. കണ്ണൂർ കോട്ടയിൽ സി.പി.എമ്മിനേറ്റ പ്രഹരം എല്ലാം വിളിച്ചുപറയുന്നുണ്ട്. To advertise here, Published: 04 May 2026, 11:10 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!