പുതുപ്പള്ളി : പുതുപ്പള്ളിക്കിത് പെരുന്നാൾ കാലമാണ്. നിയമസഭാഫലം വന്നപ്പോഴിതാ വോട്ട് ‘പെരുന്നാൾ’ ആഘോഷവുമായി. വോട്ടെടുപ്പുദിനം പുതുപ്പള്ളിയിലെ യു.ഡി.എഫ്. പ്രവർത്തകർക്ക് വിജയത്തേക്കുറിച്ച് ആശങ്കകളൊന്നുമുണ്ടായിരുന്നില്ല. ഭൂരിപക്ഷം എത്ര വർധിക്കുമെന്ന ആകാംക്ഷ മാത്രമായിരുന്നു മുഖത്ത്. To advertise here, ചാണ്ടി ഉമ്മൻ വോട്ടെടുപ്പ്ദിനം പുലർച്ചെ പുതുപ്പള്ളി പള്ളിയിലെത്തി. കൽക്കുരിശിങ്കലെ ചുറ്റുവിളക്ക് തെളിച്ചു. പള്ളിയിലും ഉമ്മൻചാണ്ടിയുടെ കബറിങ്കലും പ്രാർഥിച്ച് എം.എൽ.എ. ഓഫീസിലേക്ക്. വിജയം ഉറപ്പിച്ച സ്ഥാനാർഥിയുടെ വിജയാഘോഷം ഫലം വരുംമുൻപേ തുടങ്ങി. ഓഫീസ് മുറ്റത്ത് വലിയ ഡിജിറ്റൽ സ്ക്രീനിൽ മിന്നിമറയുന്ന ഫലസൂചനകൾ. യു.ഡി.എഫ്. 100 എന്നെഴുതിക്കാട്ടുമ്പോൾ അണികളുടെ ആവേശം ഇരട്ടിച്ചു. ഇടയ്ക്കിടെ ഭൂരിപക്ഷത്തിന്റെ വർധന ചാണ്ടി തന്നെ പ്രവർത്തകരെ അറിയിച്ചു കൊണ്ടിരുന്നു. ഓരോ തവണയും ആരവവും നൃത്തവും മുദ്രാവാക്യം വിളികളുമായി എവിടെയും ശബ്ദമുഖരിതം. പാതയോരത്ത് ഇരുചക്രവാഹനങ്ങളടക്കം കൂട്ടത്തോടെ എത്തിയപ്പോൾ ഗതാഗതക്കുരുക്കായി. ഭൂരിപക്ഷം അരലക്ഷം കടക്കുന്നുവെന്ന സൂചന വന്നതോടെ പ്രവർത്തകർ ചാണ്ടി ഉമ്മനെ തലപ്പാവ് ധരിപ്പിച്ചു. ഒാഫീസിന് പുറത്തേക്കിറങ്ങിയ അദ്ദേഹത്തെ നിലംതൊടാൻ സമ്മതിക്കാതെ തോളിലേറ്റിയായിരുന്നു അണികളുടെ പിന്നീടുള്ള ചുവടുവെപ്പ്. സൈക്കിളിലേറിയ ചാണ്ടിക്കൊപ്പം ഓരോരുത്തരും തങ്ങളുടെ വണ്ടികളുമായി പിന്നാലെകൂടി. ചാലുങ്കൽപ്പടി, പതുപ്പള്ളി കവല, അങ്ങാടി വഴി പുതുപ്പള്ളിപള്ളിയിലും കബറിടത്തിലുമെത്തി. മുതിർന്ന നേതാക്കൾക്കും അമ്മ മറിയാമ്മ ഉമ്മനും ഒപ്പം ഉമ്മൻചാണ്ടിയുടെ കബറിൽ മെഴുകുതിരി കത്തിച്ചും പൂക്കളർപ്പിച്ചും മുട്ടുകുത്തി പ്രാർഥന. പുതുപ്പള്ളിയിലെ ‘വോട്ട് ചോരി’ മുഖം വെച്ചുള്ള പോസ്റ്ററില്ല; തലയെടുപ്പോടെ പാതയോരങ്ങളിൽ ഫ്ലെക്സ് ബോർഡുകളും. സൈക്കിളിലേറി ചാണ്ടിക്കൊപ്പം വന്നത് വോട്ടിന്റെ കുത്തൊഴുക്ക്. കന്നിമത്സരത്തിനിറങ്ങുമ്പോൾ സജീവ കോൺഗ്രസ് പ്രവർത്തകരിൽ ഒരു വിഭാഗത്തിന്റെ വികാരം ഇങ്ങനെയായിരുന്നു ‘ഇത്തവണ ഞങ്ങൾ ജയിപ്പിക്കും; അടുത്ത തവണ സ്വന്തം നിലയിൽ ജയിച്ചോണം’. അതേ പ്രവർത്തകരുടെ മുന്നിൽ തന്റെ പ്രവർത്തന മികവിൽ ചാണ്ടി ജയിച്ചുകയറിയിരിക്കുന്നു. അതും റെക്കോഡ് ഭൂരിപക്ഷത്തിൽ. എൽ.ഡി.എഫും എൻ.ഡി.എ.യും പ്രചാരണത്തിൽ ദുർബലമായിരുന്നുവെന്നതും പറയാതെവയ്യ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പുതുപ്പള്ളിയുടെ ഹൃദയം കവർന്ന ചാണ്ടി ഉമ്മൻ അവരുടെ വോട്ടും ‘കവർന്നു’വെന്ന് സാരം.

വോട്ട് ‘പെരുന്നാൾ’ ആഘോഷിച്ച് പുതുപ്പള്ളി
M
MathrubhumiSource Link
about 4 hours ago