മുംബൈ : ശനിയാഴ്ച അന്തരിച്ച റെയ്മണ്ട് ഗ്രൂപ്പ് മുൻ ചെയർമാൻ വിജയ്‌പത് സിംഘാനിയക്ക് മുംബൈയുടെ പ്രണാമം. ദക്ഷിണ മുംബൈയിലെ കുടുംബവസതിയിൽ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ ഒട്ടേറെപ്പേർ ആദരാഞ്ജലികളർപ്പിച്ചു. To advertise here, 1980 മുതൽ 2000 വരെ കമ്പനിയുടെ തലപ്പത്തിരുന്ന സിംഘാനിയയെ (87) രാജ്യം പദ്‌മഭൂഷൺ നൽകി ആദരിച്ചിരുന്നു. വിജയ്‌പതിന്റെ മക്കളും റെയ്മണ്ടിന്റെ ഇപ്പോഴത്തെ സാരഥികളുമായ ഗൗതമും മധുപതിയും ഞായറാഴ്ച സംസ്കാരച്ചടങ്ങുകൾക്ക് നേതൃത്വം നൽകി. സാഹസികപ്രവർത്തനങ്ങളിലും മുൻനിരയിലുണ്ടായിരുന്നു വിജയ്‌പത് സിംഘാനിയ. ടെൻസിങ് നോർഗെ ദേശീയ സാഹസിക അവാർഡും ലഭിച്ചിട്ടുണ്ട്. 2005 നവംബറിൽ 67-ാം വയസ്സിൽ അദ്ദേഹം ഹോട്ട് എയർ ബലൂണിൽ 69,000 അടി ഉയരത്തിൽ സഞ്ചരിച്ച് ലോക റെക്കോഡ് സൃഷ്ടിച്ചു. 1988-ൽ ലണ്ടനിൽനിന്ന് ന്യൂഡൽഹിയിലേക്ക് 23 ദിവസംകൊണ്ട് ഒറ്റയ്ക്ക് പറന്ന് മൈക്രോലൈറ്റ് വിമാനങ്ങൾക്കുള്ള സ്പീഡ്-ഓവർ-ടൈം എൻഡുറൻസ് റെക്കോഡും സ്ഥാപിച്ചു. 1994-ൽ 5,000 മണിക്കൂറിലധികം പറന്നതിന് വ്യോമസേന അദ്ദേഹത്തെ ഓണററി എയർ കമ്മഡോർ പദവി നൽകി ആദരിച്ചു. സിന്തറ്റിക് തുണിത്തരങ്ങൾ, ഡെനിം, സ്റ്റീൽ, സിമെന്റ് എന്നിവയിലേക്ക് റെയ്മണ്ടിനെ വികസിപ്പിച്ചുകൊണ്ട് വിജയ്‌പത് സിംഘാനിയ വൈവിധ്യമാർന്ന ഒരു വ്യാവസായികമേഖലയ്ക്ക് രൂപംനൽകി. 2007 മാർച്ചിൽ അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ഗവേണിങ് കൗൺസിലിന്റെ ചെയർമാനായി നിയമിതനായി. 2012 വരെ ആ പദവി വഹിച്ചു. 2000-ത്തിൽ റെയ്മണ്ട് ഗ്രൂപ്പിന്റെ ചുമതല മകൻ ഗൗതമിന് കൈമാറിയെങ്കിലും പൊതുജീവിതത്തിൽ സക്രിയമായിരുന്നു. 2006-ൽ മുംബൈ ഷെരീഫായും നിയമിതനായി. സംസ്കാരച്ചടങ്ങിൽ വ്യോമസേനാ ഉദ്യോഗസ്ഥരും ഫാഷൻ ഡിസൈനറിൽനിന്ന് രാഷ്ട്രീയക്കാരിയായി മാറിയ ഷൈന എൻ.സി., നടൻ ദിനോ മോറിയ, ആർട്ട് ക്യൂറേറ്റർ നിഷാജംവാൾ എന്നിവരുമുൾപ്പെടെ ഒട്ടേറെപ്പേർ പങ്കെടുത്തു. സിംഘാനിയയുടെ റെയ്മണ്ട് നിർമിച്ച തുണിത്തരങ്ങൾക്ക് ആഗോളതലത്തിൽത്തന്നെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ അനുശോചനസന്ദേശത്തിൽ പറഞ്ഞു.

വ്യവസായി വിജയ്‌പത് സിംഘാനിയക്ക് മുംബൈയുടെ പ്രണാമം
M
MathrubhumiSource Link
about 1 month ago