കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ അപകടക്കെണി To advertise here, മൂവാറ്റുപുഴ : കൊച്ചി-ധനുഷ്‌കോടി ദേശീയപാത ടാർ ചെയ്തതിന്റെ പിറ്റേന്നാൾ വെട്ടിപ്പൊളിച്ച് കുഴിതാഴ്ത്തി. മൂവാറ്റുപുഴ വാളകം പഞ്ചായത്തിൽ മേക്കടമ്പ് കരോട്ടെ വാളകത്താണ് വ്യാഴാഴ്ച ടാർ ചെയ്ത റോഡ് വെള്ളിയാഴ്ച ജല അതോറിറ്റി പൈപ്പ് ലൈൻ നന്നാക്കാനെന്ന പേരിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ആറ് മീറ്റർ നീളത്തിൽ കുഴിച്ചത്. ബി.എം.ബി.സി. നിലവാരത്തിലുള്ള റോഡിലാണ് ഈ മരണക്കുഴി. ടാർ ചെയ്യുന്നതിന് ഒരാഴ്ച് മുൻപ് ഈ ഭാഗങ്ങളിൽ കുടിവെള്ളം മുടങ്ങിയതാണ്. അപ്പോൾ മുതൽ പൈപ്പ് ലൈൻ പരിശോധിക്കാനും പൊട്ടിയിട്ടുണ്ടെങ്കിൽ നന്നാക്കാനും ആവശ്യപ്പെട്ട് നാട്ടുകാർ ജല അതോറിറ്റി ഓഫീസ് കയറിയിറങ്ങി. പക്ഷേ ടാറിങ് കഴിഞ്ഞ് യന്ത്രങ്ങൾ റോഡിൽനിന്ന് മാറാൻ നോക്കിയിരുന്നു പൊളിക്കാൻ. പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയപ്പോൾ കുടിവെള്ളം വേണമെങ്കിൽ റോഡ് പൊളിക്കും എന്ന നിലപാടാണ് ജല അതോറിറ്റി കരാറുകാർ സ്വീകരിച്ചത്. നാട്ടിലെ ജനങ്ങളെ നിസ്സഹായരാക്കി വഴിയാത്രക്കാരെ കൊലയ്ക്കു കൊടുക്കാനാണ് ശ്രമിക്കുന്നതെന്ന് സ്ഥലവാസിയായ ഏലിയാസ് പോൾ മാതൃഭൂമിയോട് പറഞ്ഞു. റോഡ് നന്നാക്കുന്നതിന് മുന്നേ തന്നെ പൈപ്പിന്റെ കാര്യം റോഡ് കോൺട്രാക്ടർമാരോടും പറഞ്ഞിരുന്നു. എന്നാൽ നടപടിയൊന്നുമുണ്ടായില്ല. പൈപ്പ് പൊട്ടിയാൽ ഇനിയും ടാർ വെട്ടിപ്പൊളിക്കേണ്ടിവരും എന്ന നിലപാടാണ് ജല അതോറിറ്റി സ്വീകരിക്കുന്നതെന്ന് സ്ഥലവാസിയായ ഒ.എം. പൗലോസ് പറഞ്ഞു. ഇരു വകുപ്പുകളും അവരുടെ താത്പര്യങ്ങൾക്കനുസരിച്ച് മാത്രം കാര്യങ്ങൾ ചെയ്ത് പോകുന്നതോടെ അപകടത്തിലാകുന്നത് ഹൈവേ യാത്രക്കാരാണ്. അപകടങ്ങൾക്ക് സാക്ഷിയാകുന്നത് തദ്ദേശീയരും. ഇരു വകുപ്പുകളുടെ ഏകോപനമില്ലാത്തതിനാൽ വാളകം പഞ്ചായത്തിലെ ബഹുഭൂരിപക്ഷം പ്രദേശത്തും കുടിവെള്ളവും നിലച്ചു. പ്രശ്‌നം രൂക്ഷമായിട്ടും ജല അതോറിറ്റിയോ, ദേശീയ പാത അതോറിറ്റിയോ ഇടപെട്ടിട്ടുമില്ല. ബി.എം.ബി.സി. റോഡ് ആര് കുത്തിപ്പൊളിച്ചാലും അതേ നിലവാരത്തിൽ പുനർനിർമിക്കാറില്ല. റോഡിന്റെ അരികിൽ പ്രധാനമായും ഇരുചക്ര വാഹനങ്ങൾ പോകുന്ന ഭാഗത്താണ് നെടുനീളത്തിൽ കുഴിച്ചിരിക്കുന്നത്. രാത്രിയിൽ വാഹനങ്ങൾ അപകടത്തിൽപെടാൻ വലിയ സാധ്യതയുണ്ട്. അപകടസൂചന മനസ്സിലാക്കാവുന്ന വിധത്തിൽ നല്ല ലൈറ്റുകളില്ല. പ്ലാസ്റ്റിക് ഡിവൈഡറുകൾ രണ്ടെണ്ണം വച്ചിരിക്കുന്നു എന്ന് മാത്രം. വളരെ ദൂരത്തിൽ നല്ല ടാർ റോഡാണ്. സ്വാഭാവികമായും വാഹനങ്ങൾക്ക് വേഗമുണ്ടാകും. വാഹനങ്ങൾ പെട്ടെന്നുള്ള ഗർത്തത്തിലേക്ക് വീഴാനും വെട്ടിച്ച് മാറ്റിയാൽ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിക്കാനുമുള്ള സാധ്യത ഏറെയാണ്. കാൽനടയാത്രക്കാർക്കും ഭീഷണിയാണ്. ദേശീയപാത നിർമാണം നടക്കുമ്പോൾ സമാനമായ രീതിയിലുള്ള കുഴിയിലും വെള്ളം നിറഞ്ഞ ഓടയിലും വീണ് അപകടവും മരണവും സംഭവിച്ചിട്ടുണ്ട്. പ്രതിഷേധവും ഉയർന്നു. എന്നിട്ടും നിരവധി അപകടമരണങ്ങൾ ദേശീയ പാതയിൽ സംഭവിച്ചു. പക്ഷേ, ഇപ്പോഴും അത്യാവശ്യം വേണ്ട കരുതൽ പോലുമില്ലാതെയാണ് അധികൃതർ ഇത്തരം പ്രവർത്തികളെ കാണുന്നതും നടപ്പാക്കുന്നതും.

വ്യാഴാഴ്ച ടാർ ചെയ്തു, വെള്ളിയാഴ്ച വെട്ടിപ്പൊളിച്ചു
M
MathrubhumiSource Link
22 days ago