വൺമോർ സ്ക്രോൾ സിൻഡ്രോമും വൈഫൈ സമ്മേളനമാവുന്ന കുടുംബസമ്മേളനങ്ങളും

വൺമോർ സ്ക്രോൾ സിൻഡ്രോമും വൈഫൈ സമ്മേളനമാവുന്ന കുടുംബസമ്മേളനങ്ങളും

M
MathrubhumiSource Link
അ ല്ല ഈ രാജ്യത്ത് കുട്ടികൾക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ലേ. കുട്ടികളാരും ഈ ചോദ്യം ഇതുവരെ ചോദിച്ചതായി കേട്ടിട്ടില്ല. പക്ഷേ കാര്യങ്ങളിങ്ങനെയാണ് പോകുന്നതെങ്കിൽ അവരെല്ലാം കൂടി കൂട്ടത്തോടെ വന്ന് സോഷ്യൽ മീഡിയയിൽ കൂട്ട പൊങ്കാല ഇടുന്ന കാലം വിദൂരമല്ല. അങ്ങനെ അവർ ചോദിച്ചാൽ ഉത്തരം റെഡിയാണ്. കുട്ടികൾക്ക് വേണ്ടി ചോദിക്കാനും പറയാനും മാതാപിതാക്കളുണ്ട്. അധ്യാപകരുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. പോരേ എന്ന് നമ്മളെല്ലാം ചോദിക്കും. പക്ഷേ കുട്ടികൾ പറയും... പോര. കുട്ടികൾക്ക് വേണ്ടി കുട്ടികൾ തന്നെ ചോദിക്കാനും പറയാനും മുമ്പോട്ടുവരുന്ന ഒരു കിനാശേരി ഉണ്ടാകണം. എങ്കിലേ ഞങ്ങൾ നന്നാകൂ. To advertise here, ഇങ്ങനെയൊക്കെ ചോദിക്കാനിടയാക്കിയത് ഒരു പഠന ഫലമാണ്. രാജ്യത്തെ 74 ശതമാനം സ്‌കൂൾ വിദ്യാർഥികളും രണ്ട് മണിക്കൂറിൽ കൂടുതൽ സമയം ദിവസവും പാഠ്യേതര കാര്യങ്ങൾക്കായി ഡിജിറ്റൽ സ്ക്രീൻ കാണുന്നു എന്നാണ് പുതിയ പഠനം. ഇതിൽ 21 ശതമാനം പേർ ചെലവഴിക്കുന്നത് നാല് മണിക്കൂറിൽ കൂടുതൽ സമയമാണ്. ഡിജിറ്റൽ സ്‌ക്രീൻ എന്നുപറഞ്ഞാൽ മൊബൈൽ ഫോൺ, ഗെയിമിംഗ് പ്ലാറ്റ്‌ഫോം, സോഷ്യൽ മീഡിയ ഇത്യാദി പലവകകളാണ്. ഇതൊക്കെ കാരണം കുട്ടികളുടെ പഠനത്തിലുള്ള ശ്രദ്ധ കുറയുന്നു. സ്‌കൂളിലേക്കുള്ള വരവ് കുറയുന്നു. പെരുമാറ്റ വൈകല്യങ്ങൾ കൂടുന്നു. തൊട്ടതിനും പിടിച്ചതിനും ദേഷ്യപ്പെടുന്നു. ക്രമസമാധാനനില വഷളാകുന്നു എന്നാണ് ആവലാതി. 18 വയസ്സിൽ താഴെയുള്ള കുട്ടികൾ അനിയന്ത്രിതമായി ഇതൊക്കെ ഉപയോഗിക്കുന്നത് തടയാൻ ദേശീയതലത്തിൽ മാർഗനിർദേശം ഇറക്കണമെന്നും പഠനം നിർദേശിക്കുന്നു. സംഭവം ഏതായാലും കൊള്ളാം. ഇവയൊക്കെ ഉപയോഗിക്കുന്നത് കുട്ടികളെ മാത്രം നിയന്ത്രിച്ചാൽ മതിയോ. മാതാപിതാക്കളുടെ മൊബൈൽ ഫോണിന്റെ അനിയന്ത്രിത ഉപയോഗം മൂലം കുട്ടികളനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ച് ആരും എന്തേ പഠിക്കാത്തത് എന്ന് കുട്ടികൾ ചോദിച്ചാൽ അവരെ ആർക്കും കുറ്റം പറയാൻ പറ്റില്ല. ഞങ്ങൾക്ക് വേണ്ടി ചോദിക്കാനും പറയാനും ഇവിടെ ആരുമില്ലാത്തതുകൊണ്ടാണ് ഈ ചോദ്യമൊന്നും ആരും ചോദിക്കാത്തതെന്ന് അവർ പറഞ്ഞാൽ അത് ശരിവെക്കുകയല്ലേ തരമുള്ളൂ. കാരണം മൊബൈൽ അഡിക്ഷൻ കുട്ടികൾക്ക് മാത്രമാണോ? അവർ പറന്നുവീണത് ആധുനിക ഗാഡ്ജറ്റുകളുടെ ഇടയിലേക്കാണ്. അതിനോട് അവർക്ക് താൽപര്യം ഉണ്ടാവുക സ്വാഭാവികം. പക്ഷേ പുസ്തകങ്ങളുടെയും ടൈപ്പ്റൈറ്ററിന്റെയും ലാൻഡ് ഫോണിന്റെയും ഇടയിലേക്ക് പിറന്നുവീണ മാതാപിതാക്കളുടെ മൊബൈൽ ഫോൺ അഡിക്ഷന് എന്താണ് ന്യായം. ഇനി ഞാൻ നിങ്ങളെ കാണിക്കാൻ പോകുന്ന കാഴ്ച മിക്ക വീടുകളിലേയും ഒരു സാധാരണ ദൃശ്യമാണ്. ഭക്ഷണമേശയിൽ നാലുപേർ ഇരിക്കുന്നു. അച്ഛൻ, അമ്മ, രണ്ടു കുട്ടികൾ. പക്ഷേ, സംസാരിക്കുന്നത് ആരും ആരോടും അല്ല. ഓരോരുത്തരും ഓരോ സ്ക്രീനിലേക്കാണ് നോക്കുന്നത്. അച്ഛൻ വാട്‌സാപ്പ് ഗ്രൂപ്പിൽ വന്ന ഒരു വീഡിയോ കണ്ടു ചിരിക്കുകയാണ്. അമ്മ ഇൻസ്റ്റഗ്രാമിലെ റീലിൽ പാചക വീഡിയോ നോക്കുകയാണ്. മകൻ ഗെയിം കളിക്കുകയാണ്. മകൾ യുറ്റ്യൂബ്  ഷോർട്ട്സിൽ മുങ്ങിയിരിക്കുന്നു. ഈ ദൃശ്യം കണ്ടാൽ ആരായാലും ചോദിച്ചുപോകും: “ഇവിടെ കുടുംബസമ്മേളനമാണോ, അതോ വൈഫൈ സമ്മേളനമാണോ?” ഇതിനിടയിൽ അമ്മ തല പൊക്കി പറയും: “മോനെ, ഫോൺ അധികം നോക്കരുതേ. കണ്ണ് നശിക്കും.” മകൻ ഒന്ന് ചിന്തിക്കും. പിന്നെ നിസ്സാരമായി ചോദിക്കും: “അമ്മ, അപ്പോൾ നിങ്ങളുടെ കണ്ണ് എന്താ സ്റ്റീൽ കൊണ്ടാണോ ഉണ്ടാക്കിയിരിക്കുന്നത്?” ഈ ചോദ്യം കേട്ടാൽ കുടുംബയോഗം അവിടെത്തന്നെ അവസാനിക്കും. ഇന്നത്തെ കുട്ടികൾ ഒരു വലിയ സത്യമാണ് പറയാൻ പോകുന്നത്. പക്ഷേ ആരും കേൾക്കാറില്ല. “ഞങ്ങൾ മൊബൈൽ ഉപയോഗിക്കുന്നു. ശരി. പക്ഷേ, ഞങ്ങളോടൊപ്പം കളിക്കാൻ സമയം ആരാണ് കണ്ടെത്തുന്നത്?” ഒരിക്കൽ കുട്ടികൾ ഉറങ്ങാൻ പോകുമ്പോൾ അച്ഛനും അമ്മയും കഥ പറഞ്ഞിരുന്നു. ഇപ്പോൾ ബെഡ് ടൈം സ്റ്റോറീസ് പറയുന്നത് യുറ്റ്യൂബ് ആണ്. അച്ഛനും അമ്മയും ഈ സമയം വാട്‌സാപ്പ് ഫോർവേഡ് വായിച്ചുകൊണ്ടിരിക്കും. കുട്ടികൾ ചിലപ്പോൾ ചോദിക്കും: “അച്ഛാ, ഇന്നെന്തെങ്കിലും കഥ പറയുമോ?” അച്ഛൻ പറയും: “ഒരു മിനിറ്റ്… ഈ വീഡിയോ ഒന്ന് കണ്ടിട്ട്.” ആ “ഒരു മിനിറ്റ്” ചിലപ്പോൾ 40 മിനിറ്റ് ആവും. അതിനിടെ കുട്ടി ഉറങ്ങും. കഥ പറയാനുള്ള അവസരം പോയി. കുട്ടികൾ മൊബൈലിൽ അടിമപ്പെടുന്നു എന്ന് പറയുമ്പോൾ ഒരു ചെറിയ സത്യം നമ്മൾ മറക്കാറുണ്ട്. കുട്ടികൾ നമ്മളെ അനുകരിക്കുകയാണ്. വീട്ടിൽ വലിയവർ എല്ലായ്പ്പോഴും സ്ക്രീനിൽ ആയാൽ കുട്ടികൾ അതുതന്നെ ശീലമാക്കും. ഒരു ചെറിയ പരീക്ഷണം നടത്തി നോക്കൂ. വീട്ടിൽ ഒരു ദിവസം വൈഫൈ ഓഫ് ചെയ്താൽ എന്ത് സംഭവിക്കും? ആദ്യം കുട്ടികൾ അലറിത്തുടങ്ങും. അഞ്ച് മിനിറ്റിനകം അമ്മയും അച്ഛനും അലറിത്തുടങ്ങും. അപ്പോൾ മനസ്സിലാകും-പ്രശ്നം കുട്ടികളിൽ മാത്രം അല്ല. ഇന്നത്തെ മാതാപിതാക്കൾക്കിടയിൽ ഒരു പുതിയ രോഗമുണ്ട്. അതിന്റെ പേര് “just one more scroll syndrome” എന്നാണ്. ഒരു വീഡിയോ കണ്ടു. പിന്നെ മറ്റൊന്ന്. പിന്നെ മറ്റൊന്ന്. അങ്ങനെ പോകുമ്പോൾ സമയം എങ്ങനെ പോയെന്ന് ആരും അറിയില്ല. അതിനിടെ കുട്ടി മൂന്നു പ്രാവശ്യം വിളിച്ചു കഴിഞ്ഞിരിക്കും: “അമ്മേ… അമ്മേ… അമ്മേ…” മൂന്നാമത്തെ വിളിയ്ക്ക് ശേഷമാണ് അമ്മ ചോദിക്കുക: “എന്താ? എന്തിനാ ഇങ്ങനെ അലറുന്നത്?” കുട്ടി പറയാൻ പോകുന്നത് ഒരു ചെറിയ കാര്യമായിരിക്കും: “അമ്മേ… എന്റെ ഡ്രോയിംഗ് ഒന്ന് നോക്കാമോ?” പക്ഷേ ആ സമയത്ത് അമ്മയുടെ ശ്രദ്ധ അപ്പോഴും സ്ക്രീനിലാണ്. ഇത് ചെറിയ കാര്യമായി തോന്നാം. പക്ഷേ കുട്ടികളുടെ മനസ്സിൽ അത് വലിയ കാര്യമാകും. കുട്ടികൾക്ക് പലപ്പോഴും തോന്നും: “അച്ഛനും അമ്മയ്ക്കും ഞങ്ങളേക്കാൾ പ്രധാനം മൊബൈൽ ഫോണാണോ?” ഈ ചോദ്യം ചോദിക്കാൻ അവർ ധൈര്യം കാണിക്കാറില്ല. പക്ഷേ മനസ്സിൽ അത് വളരും. പിന്നെ ഒരുദിവസം മാതാപിതാക്കൾ പറയും: “കുട്ടികൾ ഞങ്ങളോട് സംസാരിക്കാറില്ല.” അപ്പോൾ കുട്ടികൾ തിരിച്ചു പറയാം: “സംസാരിക്കാൻ നിങ്ങളെ എവിടെ കിട്ടുന്നു. നിങ്ങളെപ്പോഴും ഓൺലൈനിൽ ആണല്ലോ.” ഡിജിറ്റൽ സ്ക്രീൻ ഉപയോഗം നിയന്ത്രിക്കണം എന്നതിൽ സംശയമില്ല. കുട്ടികൾക്ക് അതിന് ഒരു പരിധി വേണം. പക്ഷേ, ആ നിയമം കുട്ടികൾക്കു മാത്രം ബാധകമാകുമ്പോൾ അത് ചെറിയൊരു അന്യായമാകുന്നു. കാരണം കുട്ടികൾ വളരെ ലളിതമായ ഒരു ചോദ്യം ചോദിക്കും: “ഞങ്ങളെ നിയന്ത്രിക്കാൻ നിയമമുണ്ട്. വലിയവരെ നിയന്ത്രിക്കാൻ ആരുണ്ട്?” സത്യത്തിൽ കുട്ടികൾക്ക് വലിയ ഉപദേശങ്ങൾ വേണ്ട. അവർക്ക് വേണ്ടത് വളരെ ചെറിയ കാര്യങ്ങളാണ്. അച്ഛനോടൊപ്പം അഞ്ചു മിനിറ്റ് സംസാരിക്കാൻ സമയം. അമ്മയോടൊപ്പം ഇരുന്നു ഒരു കഥ കേൾക്കാനുള്ള സമയം. കുടുംബാംഗങ്ങളോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സമയം. ഇവ ലഭിച്ചാൽ മൊബൈൽ ഫോൺ അത്ര വലിയ ആകർഷണമാകില്ല. അതിനാൽ കുട്ടികളുടെ സ്ക്രീൻ സമയം കുറയ്ക്കാനുള്ള ഏറ്റവും ലളിതമായ മാർഗം എന്താണെന്ന് അറിയാമോ? വീട്ടിലെ വലിയവരുടെ സ്ക്രീൻ സമയം കുറയ്ക്കുക. അപ്പോൾ പിന്നെ കുട്ടികൾക്ക് അതേക്കുറിച്ച് പറഞ്ഞുകൊടുക്കേണ്ടതില്ല. അവർ സ്വയം പഠിച്ചോളും. കാരണം കുട്ടികൾ നമ്മൾ പറയുന്നത് കേട്ടല്ല, നമ്മൾ ചെയ്യുന്ന കാര്യങ്ങൾ കണ്ടാണ് പഠിക്കുന്നത്. അതിനാൽ അടുത്ത തവണ ഒരു പഠനം പുറത്തുവരുമ്പോൾ അതിൽ ഒരു ചോദ്യം കൂടി ചേർക്കണം: “കുട്ടികളുടെ സ്ക്രീൻ സമയം എത്ര?” എന്നതോടൊപ്പം “മാതാപിതാക്കളുടെ സ്ക്രീൻ സമയം എത്ര?” ആ പഠനത്തിന്റെ ഫലം വന്നാൽ ഒരുപക്ഷേ നമ്മൾ അല്പം ഭയപ്പെടും. പക്ഷേ അതുവരെ ഒരു ചെറിയ പരീക്ഷണം നടത്തി നോക്കാം. ഇന്ന് രാത്രി വീട്ടിൽ ഒരു മണിക്കൂർ മൊബൈൽ ഫോൺ മാറ്റിവയ്ക്കുക. പിന്നെ കുട്ടികളോട് സംസാരിക്കുക. ആ സമയത്ത് അവർ പറയുന്ന കഥകൾ കേട്ടാൽ ഒരുപക്ഷേ നിങ്ങൾക്ക് മനസ്സിലാകും-ഈ ലോകത്തിലെ ഏറ്റവും നല്ല നോട്ടിഫിക്കേഷൻ ഇന്നും നിങ്ങളുടെ കുട്ടികളുടെ ശബ്ദം തന്നെയാണെന്ന്. ഇതൊക്കെ കേട്ടാൽ തോന്നും കുട്ടികൾക്ക് മാത്രമേ ഈ പരാതികളുള്ളൂ എന്ന്. കുട്ടികളുടെ സ്ക്രീൻ സമയം കുറയ്ക്കണമെന്ന് പറയുമ്പോൾ വീട്ടിലെ വലിയവരുടെ അവസ്ഥ ഒന്ന് നോക്കിയാൽ കാര്യം ഇതിനേക്കാൾ ശോകമാണ്. ഇന്നത്തെ വീടുകളിൽ കുട്ടികൾ മാത്രമല്ല, ഭാര്യയും ഭർത്താവും തമ്മിലുള്ള കെയറിംഗ് പോലും ഇപ്പോൾ Wi-Fi സിഗ്നലിനെ ആശ്രയിച്ചാണ്! “എനിക്ക് മുമ്പ് കിട്ടിയിരുന്ന ശ്രദ്ധ ഭർത്താവിൽ നിന്നു കിട്ടുന്നില്ല…” എന്ന് ഭാര്യയ്ക്ക് പരാതി. “ഞാൻ വീട്ടിൽ വന്നാൽ ഇവൾക്ക് എന്നെ കാണാൻ സമയം ഇല്ല… ഫോൺ മാത്രം!” എന്ന് ഭർത്താവിനും പരാതി. ഇരുവരും തമ്മിൽ വഴക്ക് നടക്കുന്നില്ല. കാരണം രണ്ടുപേരും തിരക്കിലാണ്-ഒരാൾ ഇൻസ്റ്റഗ്രാമിലും മറ്റൊരാൾ വാട്സാപ്പിലോ യുറ്റ്യൂബിലോ ആണ്. പണ്ടൊക്കെ ചെറിയൊരു തലവേദന പറഞ്ഞാൽ വീട്ടിൽ സ്നേഹത്തിന്റെ സൈറൺ മുഴങ്ങുമായിരുന്നു. “എനിക്ക് തലവേദന…” എന്നു ഭാര്യ പറഞ്ഞാൽ ഭർത്താവ് സൂപ്പർമാനെ പോലെ എഴുന്നേൽക്കും. വിക്സ് എവിടെയെന്ന് കണ്ടുപിടിക്കും. അത് നെറ്റിയിൽ പുരട്ടി, “ഇപ്പോൾ ഒന്ന് കിടക്കൂ…” എന്ന് പറഞ്ഞ് തല തഴുകിക്കൊടുക്കും. ഇത് “മെഡിക്കൽ ട്രീറ്റ്‌മെന്റ്” മാത്രമല്ല, “മാരിറ്റൽ മെയ്ന്റനൻസ് കോൺട്രാക്റ്റ്” ആയിരുന്നു !ഇപ്പോൾ സീൻ അല്പം അപ്‌ഡേറ്റ് ആയിട്ടുണ്ട്. ഭാര്യ അതേ വാചകം തന്നെ പറയുന്നു: “എനിക്ക് ഭയങ്കര തലവേദന…” ഭർത്താവ് എന്ത് ചെയ്യും? സോഫയിൽ നിന്ന് എഴുന്നേൽക്കാൻ പോലും തയ്യാറാകില്ല. ഗൂഗിളിലേക്ക് പോകും. “Headache relief in 2 minutes” എന്ന് ടൈപ്പ് ചെയ്യും. ഒരു വീഡിയോ കിട്ടും. അതിന്റെ ലിങ്ക് ഭാര്യയ്ക്ക് ഫോർവേർഡ് ചെയ്യും. കൂട്ടത്തിൽ ഒരു മെസേജ്: “Try this… very effective!” ഭർത്താക്കന്മാരുടെ ഈ പരാതി സാർവലൗകികമാണ്. “ഞങ്ങൾ ഓഫീസിൽ നിന്ന് വരുമ്പോൾ ചായയുമായി കാത്തുനിൽക്കുന്ന ഭാര്യമാരെ ഇനി കാണാനില്ല…” (ഈ പ്രസ്താവന പൊളിറ്റിക്കലി കറക്ട് അല്ല എന്ന് എനിക്കറിയാം. ചായയുമായി പൂമുഖവാതിലിൽ കാത്തിരിക്കേണ്ടവരൊന്നുമില്ല ഭാര്യമാർ.) പണ്ടൊക്കെ വാതിൽ തുറക്കുമ്പോൾ അകത്തു നിന്ന് ശബ്ദം: “ഇപ്പോ ചായ കൊണ്ടുവരാം…” ഇപ്പോൾ വാതിൽ തുറക്കുമ്പോൾ കേൾക്കുന്നത് “ടിങ്!”- WhatsApp notification. ഭാര്യയുടെ മെസേജ്: “Chaya & cake dining table-il undu.” ഇത് വായിച്ച ഭർത്താവ് ഒരു നിമിഷം നിൽക്കും. വന്നത് വീട്ടിലേക്കാണോ ഹോട്ടൽ റൂമിലേക്കാണോ എന്ന്. ഇപ്പോൾ മിക്ക വീടുകളിലും കാണുന്ന രസകരമായ ഒരു സീനുണ്ട്. ഒരേ സോഫയിൽ ഇരിക്കുന്ന ഭർത്താവും ഭാര്യയും രണ്ട് പേരും രണ്ടു ഫോണിൽ ബിസി. ഒരാൾ reel കാണുന്നു. മറ്റൊന്ന് meme forward ചെയ്യുന്നു. അപ്പോഴേക്കും ഭാര്യക്ക് ഒരു meme കിട്ടും. അത് ഭർത്താവിന് WhatsApp-ൽ അയക്കും. ഭർത്താവ് അത് വായിക്കും. ചിരിക്കും. പിന്നെ തിരിഞ്ഞ് ഭാര്യയോട് പറയും: “ഇത് കണ്ടോ? പൊളിയാണ്!” ഭാര്യ പറയും: “അത് ഞാനാണ് അയച്ചത്!” ഇതെല്ലാം കണ്ടു കുട്ടികൾക്ക് ഒരു സംശയം തോന്നിയാൽ കുറ്റം പറയാൻ പറ്റുമോ? “ഇവിടെ ഫാമിലി ലൈഫ് ആണോ നടക്കുന്നത്… അതോ ഗ്രൂപ്പ് ചാറ്റോ. അതുകൊണ്ട് ഇനി നിയമം കൊണ്ടുവരുമ്പോൾ ചെറിയൊരു മാറ്റം വേണം എന്ന് കുട്ടികൾ പറയും “Children below 18- screen limit” എന്നതിനു പുറമേ “Parents above 18 -same rule applies!” വിക്സ് പുരട്ടിയ കൈകളാണ് ദാമ്പത്യ ബന്ധം നിലനിർത്തിയത്, ഇപ്പോൾ ഫോർവേർഡ് ചെയ്ത ലിങ്കുകൾ അല്ല. അതുകൊണ്ട് ഒരു ചെറിയ കുടുംബപ്രഖ്യാപനം മതി: “ഒരു മണിക്കൂർ-ഫോൺ സൈലന്റ്. മനുഷ്യർ ആക്ടീവ് ആകും. അത് നടപ്പിലായാൽ വീട്ടിൽ വീണ്ടും സംസാരം ഉയരും. നോട്ടിഫിക്കേഷനുകൾ സൈലന്റാകും. കുട്ടികളുടെ സ്ക്രീൻ ടൈമും കുറയും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വൺമോർ സ്ക്രോൾ സിൻഡ്രോമും വൈഫൈ സമ്മേളനമാവുന്ന കുടുംബസമ്മേളനങ… | Boolokam