വർക്കല : ജനാർദനസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായ ആറാട്ട് എഴുന്നള്ളത്ത് ബുധനാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് ക്ഷേത്ര കിഴക്കേ ഗോപുരനട വഴി ആറാട്ട് പുറപ്പെടും. ഗജവീരന്മാരുടെ അകമ്പടിയോടെ വിഗ്രഹവുമായി ഘോഷയാത്ര ചിലക്കൂർ ആലിയിറക്കം കടൽത്തീരത്തേക്ക് നീങ്ങും. ജനാർദനസ്വാമിയുടെ വിഗ്രഹം ലഭിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ആലിയിറക്കം കടൽത്തീരത്ത് തയ്യാറാക്കിയ ആറാട്ടുപുരയിൽ വിഗ്രഹപൂജ നടത്തും. തുടർന്ന് മൂന്ന് പ്രാവശ്യം വിഗ്രഹം കടലിൽ ആറാടിക്കും. നിവേദ്യവും ദീപാരാധനയും നടത്തിയശേഷം നഗരപ്രദക്ഷിണത്തിനായി പുറപ്പെടും. To advertise here, ചിലക്കൂർ പനമൂട് അർധനാരീശ്വരക്ഷേത്രത്തിൽ ആദ്യപറ സമർപ്പിക്കും. തുടർന്ന് അമ്മൻകോവിൽ, വാവുകട ജങ്ഷൻ വഴി ആറാട്ട് കിളിത്തട്ടുമുക്കിലെത്തും. അവിടെനിന്നു ഘോഷയാത്രയുടെ അകമ്പടിയോടെ ആറാട്ട് ഇന്ദിരാപാർക്ക്, നടയ്ക്കാമുക്ക്, ഗവ. ആശുപത്രി ജങ്ഷൻ, വർക്കല മൈതാനം, റെയിൽവേ സ്റ്റേഷൻ ശ്രീകൃഷ്ണസ്വാമിക്ഷേത്രം വരെ സ്വീകരണങ്ങൾ ഏറ്റുവാങ്ങും. തുടർന്ന് മൈതാനം വഴി ക്ഷേത്രസന്നിധിയിൽ തിരികെയെത്തും. ആറാട്ട് ക്ഷേത്രത്തിലെത്തുമ്പോൾ 11.30-ന് വലിയ കാണിക്ക. തുടർന്ന് ഉത്സവത്തിനു കൊടിയിറങ്ങും. ക്ഷേത്രത്തിൽ രാത്രി ഏഴിന് നൃത്തസന്ധ്യ, 9.30-ന് ഗാനസന്ധ്യ, 11.30-ന് ആകാശവിസ്മയം. ഉത്സവത്തിന്റെ ഭാഗമായുള്ള പൂവക്കോൽ എഴുന്നള്ളത്തും പള്ളിവേട്ടയും ചൊവ്വാഴ്ച നടന്നു. ആറാട്ടുഘോഷയാത്രയെ വരവേൽക്കാൻ വർക്കല ആറാട്ടുഘോഷയാത്ര കടന്നുപോകുന്ന സ്ഥലങ്ങളിലെല്ലാം വിപുലമായ സ്വീകരണമാണ് ഒരുക്കുന്നത്. ദീപാലങ്കാരങ്ങളുടെ നടുവിലാണ് വർക്കല നഗരവും ആറാട്ടുവീഥികളും. വാവുകടമുതൽ ആലിയിറക്കംവരെയുള്ള ആറാട്ട് റോഡ് പന്തലിട്ട് വൈദ്യുതദീപങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്. ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡുകളിലും ദീപാലങ്കാരമുണ്ട്. ആറാട്ടിന് പനമൂട്, അമ്മൻകോവിൽ, ഇന്ദിരാപാർക്ക്, ഗവ. ആശുപത്രി ജങ്ഷൻ പൗരസമിതികൾ സ്വീകരണം നൽകും. ഹൈസ്കൂൾ ജങ്ഷനിൽ ദീപാലങ്കാരവും 101 പറയുമുണ്ടാകും. നടയ്ക്കാവുമുക്ക് പൗരസമിതിയുടെ നേതൃത്വത്തിൽ നടയ്ക്കാവ് ജങ്ഷനിൽ നിറപറയും നിലവിളക്കുമായി ആറാട്ടിനെ സ്വീകരിക്കും. വൈദ്യുതദീപാലങ്കാരവുമുണ്ടാകും. റെയിൽവേ സ്റ്റേഷൻ റോഡിൽ ശ്രീജനാർദനം ആറാട്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ 200-ൽപ്പരം നിറപറയിട്ട് ആറാട്ടിനെ സ്വീകരിക്കും. വർക്കല മൈതാനം പാർക്കിൽ രാത്രി ഏഴുമുതൽ ഗാനമേള. ഓട്ടോറിക്ഷാ യൂണിയൻ, വ്യാപാരി സമിതി, പൗരസമിതികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിലും സ്വീകരണമൊരുക്കും.

വർക്കല ജനാർദനസ്വാമി ക്ഷേത്രത്തിൽ ആറാട്ട് ഇന്ന്
M
MathrubhumiSource Link
about 1 month ago