വർക്കല : വർക്കലയിൽ മൂന്ന് സ്ഥാനാർഥികളുടെയും മണ്ഡലപര്യടനം തുടങ്ങി. നിരവധി ബൈക്കുകളുടെ അകമ്പടിയിൽ പ്രാദേശികനേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പമാണ് തുറന്ന വാഹനത്തിൽ സ്ഥാനാർഥി സ്വീകരണസ്ഥലങ്ങളിലെത്തുന്നത്. To advertise here, ചൂടിന്റെ കാഠിന്യം വകവെയ്ക്കാതെയാണ് സ്ത്രീകളക്കമുള്ളവർ സ്ഥാനാർഥികളെ സ്വീകരിക്കുന്നത്. എൽ.ഡി.എഫ്. സ്ഥാനാർഥി വി. ജോയി ഞായറാഴ്ച രാവിലെ കണ്ണംബയിലാണ് വോട്ടു തേടിയത്. ജങ്ഷനിലും കടകളിലും വീടുകളിലുമെത്തി വോട്ടർമാരെ കണ്ടു. ഇടവ പഞ്ചായത്തിലെ പര്യടനം കാപ്പിലിൽ നിന്നാരംഭിച്ചു. വെറ്റക്കട, മാന്തറ, അഞ്ചുമുക്ക്, കുരുവിള, തോട്ടുമുഖം, നെല്ലേറ്റിൽക്കടവ്, പൊട്ടക്കുളം വഴി ഇടവ ജങ്ഷനിൽ സമാപിച്ചു. യു.ഡി.എഫ്. സ്ഥാനാർഥി വർക്കല കഹാർ നടയറയിലാണ് രാവിലെ വോട്ടഭ്യർഥന നടത്തിയത്. മഹിളാകോൺഗ്രസ് ദേശീയ പ്രസിഡന്റ് അൽക്ക ലാംബയും സംസ്ഥാനപ്രസിഡന്റ് ജെബി മേത്തർ എം.പി.യും നയിച്ച മഹിളകളുടെ ബൈക്ക് റാലിയിലും പങ്കെടുത്തു. പ്ലാവഴികത്തുനിന്ന് ആരംഭിച്ച റാലി കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്തു.ഇലകമൺ പഞ്ചായത്തിലെ പര്യടനം ചാവർകോട് നിന്നാരംഭിച്ച് മലവിളയിൽ സമാപിച്ചു. എൻ.ഡി.എ. സ്ഥാനാർഥി സ്മിത സുന്ദരേശൻ ഗൃഹസമ്പർക്കമാണ് നടത്തിയത്. വർക്കല ജനാർദനസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിലും പങ്കെടുത്തു. വട്ടപ്ലാംമൂട് ഉന്നതിയിൽ പോയി വോട്ടഭ്യർഥന നടത്തി. വിളബ്ഭാഗം മില്ലുമുക്കിൽ ക്ഷേത്രത്തിലെത്തി ഭക്തരോട് വോട്ടുതേടി. വൈകീട്ട് നന്ദഗോവിന്ദം ഭജൻസ് നടക്കുന്ന പാപനാശം തീരത്തെത്തിയും വോട്ടു തേടി.
