വർക്കല : വർക്കലയ്ക്ക് ആഘോഷരാവ് സമ്മാനിച്ച് ജനാർദനസ്വാമി ക്ഷേത്രത്തിലെ 10 ദിനം നീണ്ട ഉത്സവത്തിനു പരിസമാപ്തി. സമാപനദിവസത്തെ ആറാട്ട് ഘോഷയാത്ര വർക്കലയുടെ വീഥികളെ ഭക്തിസാന്ദ്രമാക്കി. To advertise here, നിലവിളക്കും നിറപറയും ദീപാലങ്കാരങ്ങളും വെടിക്കെട്ടും കലാപരിപാടികളുമായി വൻ വരവേൽപ്പാണ് ആറാട്ടിനു നൽകിയത്. ക്ഷേത്രത്തിന്റെ കിഴക്കേഗോപുരനടയിൽനിന്ന് ആറാട്ട് പുറപ്പെടുന്നതിനു സാക്ഷിയാകാൻ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഗോപുരത്തിന്റെ പടിക്കെട്ടുകളിലും വീഥികളിലും ഭക്തർ നിറഞ്ഞു. ഭഗവാന്റെ തിടമ്പേറ്റി ഗജരാജൻ മൗട്ടത്ത് രാജേന്ദ്രൻ ഗോപുരത്തിനു പുറത്തിറങ്ങിയപ്പോൾ വായ്ക്കുരവയിട്ടും തൊഴുകൈകളാലും ഭക്തർ പ്രാർഥനയോടെനിന്നു. പിന്നാലെ മീനാട്ട് കേശു, ലക്ഷ്മി അയ്യപ്പൻ, ഓമല്ലൂർ കുട്ടിശങ്കരൻ, സരസ്വതി എന്നീ ആനകൾകൂടി അണിനിരന്നതോടെ വർക്കല കാത്തിരുന്ന ഉത്സവക്കാഴ്ചയായി. ആനകൾ കിഴക്കേ ഗോപുരനടയിറങ്ങിവരുന്ന മനോഹരദൃശ്യം ക്യാമറകളിലും മൊബൈൽഫോണുകളിലും പകർത്താനും തിരക്കായി. നിരവധി വിദേശികളും ആറാട്ട് പുറപ്പെടുന്നതു കാണാനെത്തി. ആറാട്ട് പുറപ്പെടുന്നതിനു മുൻപ് കിഴക്കേ ഗോപുരനടയിൽ കലാരൂപങ്ങളും വാദ്യമേളങ്ങളും അവതരിപ്പിച്ചു. ആലിയിറക്കം കടൽത്തീരത്ത് ഭഗവാന്റെ വിഗ്രഹം ആറാടിക്കുന്നതിനു സാക്ഷികളാകാനും ഭക്തരുടെ തിരക്കുണ്ടായി. ആദ്യപറ സ്വീകരിച്ച പനമൂട് അർധനാരീശ്വര ക്ഷേത്രത്തിലും നിരവധി ഭക്തരെത്തി. വാവുകടമുതൽ ആലിയിറക്കംവരെയുള്ള ആറാട്ടുവഴി വൈദ്യുതദീപങ്ങളാൽ അലങ്കരിച്ചിരുന്നു. രാത്രിയാണ് ആറാട്ട് വർക്കല നഗരത്തിലെത്തിയത്. വിവിധ കലാരൂപങ്ങളും വാദ്യമേളങ്ങളും അണിനിരന്ന ഘോഷയാത്ര കടന്നുപോയ സ്ഥലങ്ങളെയെല്ലാം ആവേശത്തിലാഴ്ത്തി. ദീപപ്രഭയിലാണ് വർക്കല നഗരവും വീഥികളും ആറാട്ടിനെ വരവേറ്റത്. സ്വീകരണ കമ്മിറ്റികളുടെയും പൗരസമിതികളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ദീപാലങ്കാരമൊരുക്കി. നടയ്ക്കാവ്മുക്ക് പൗരസമിതി നിറപറയും നിലവിളക്കുമായി ആറാട്ടിനെ വരവേറ്റു. വർക്കല റെയിൽവേ സ്റ്റേഷൻ റോഡിൽ ശ്രീജനാർദനം ആറാട്ട് കമ്മിറ്റിയും നിറപറയിട്ട് ആറാട്ടിനെ സ്വീകരിച്ചു. ഓട്ടോറിക്ഷാ യൂണിയൻ, വ്യാപാരിസമിതി, പൗരസമിതികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിലും സ്വീകരണമൊരുക്കി.

വർക്കലയ്ക്ക് ഉത്സവാഘോഷരാവ് ജനാർദനസ്വാമി ക്ഷേത്രോത്സവം സമാപിച്ചു
M
MathrubhumiSource Link
about 1 month ago