പടിഞ്ഞാറ്റുമുറി ദേശക്കമ്പം കത്തിക്കലോടെ സമാപിക്കും To advertise here, മുണ്ടൂർ : മീനത്തിലെ കൊടും ചൂടിനെ വെല്ലുന്ന ആവേശവുമായി മുണ്ടൂർ കുമ്മാട്ടി ആഘോഷിച്ചു. പാലക്കീഴ് ഭഗവതിക്ഷേത്രത്തിൽ രാവിലെ പഞ്ചാരിമേളത്തോടെയുള്ള കാഴ്ചശ്ശീവേലിയോടെയായിരുന്നു തുടക്കം. അതിരാവിലെ മുതൽ കരിവേഷങ്ങൾ, വിവിധ വേഷങ്ങൾ, പൂതൻതിറകൾ എന്നിവ ഗ്രാമവീഥികളിൽ നിറഞ്ഞു. ഇവർ ഗൃഹസന്ദർശനം പൂർത്തിയാക്കി. വിവിധ ദേശങ്ങളിൽ നിന്നായി പുറപ്പെട്ട 29 പ്രാദേശിക വേലകൾ വൈകീട്ട് മുണ്ടൂർ ജങ്‌ഷനിൽ സംഗമിച്ചതോടെ കാഴ്ചക്കാർക്ക് ദൃശ്യശ്രവ്യ വിരുന്നായി. കുമ്മാട്ടിയുടെ പ്രധാന ചടങ്ങായ നൊച്ചിമുടി ചാട്ടത്തിനായുള്ള മുടിസംഘങ്ങളെ അനുഗമിച്ച് വേലകൾ കൂട്ടുപാതവരെ പരന്നൊഴുകി.മുണ്ടൂർ ജങ്‌ഷനിൽ വൈകീട്ട് നടന്ന വേലസംഗമവും തുടർന്ന് നൊച്ചിമുടി സംഘത്തെ കൂട്ടുപാതവരെ അനുഗമിച്ചതും കുമ്മാട്ടിക്ക് വർണപ്പകിട്ട് ചാർത്തി. കിഴക്കുമുറിദേശം, പടിഞ്ഞാറുമുറി, ഒടുവംകാട് ദേശങ്ങൾ നൊച്ചിപ്പുള്ളിദേശത്തെ മുടിസംഘത്തെയും കൂട്ടി ക്ഷേത്രത്തിലെത്തി പാനച്ചാട്ടത്തോടെ പ്രദക്ഷിണം നടത്തി. ഇതിന് മുന്നോടിയായി മറ്റ് വേലകൾ ക്ഷേത്രത്തിലെത്തി ദേവിയെ വണങ്ങി. വെള്ളിയാഴ്ച പുലർച്ചെ നടക്കുന്ന പടിഞ്ഞാറ്റുമുറി ദേശകമ്പം കത്തിക്കലോടെ കുമ്മാട്ടി ആഘോഷങ്ങൾ സമാപിക്കും. തലയെടുപ്പുള്ള ആനകൾ, കാളകൾ, കുതിരകൾ, പൂതൻതിറകൾ, കുംഭംകളി, പൂക്കാവടികൾ, വണ്ടിവേഷങ്ങൾ, നിശ്ചലദൃശ്യങ്ങൾ, വിവിധ വാദ്യങ്ങൾ, വേഷങ്ങൾ എന്നിവ വേലകൾക്ക് മാറ്റുകൂട്ടി. ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ, പുഷ്പാലങ്കാരം, ദീപാലങ്കാരം എന്നിവയുമുണ്ടായി.
